പൊടിയാടി(തിരുവല്ല): ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തില്‍ ഉയര്‍ത്താനുള്ള കൊടിക്കൂറയും സ്വര്‍ണത്താല്‍ പൊതിയും. കൊടിക്കൂറയില്‍ സ്വര്‍ണംപൂശിവയ്ക്കാനായി കുതിരയുടെ രൂപം, സ്വസ്തിക് എന്നിവ ചെമ്പുതകിടില്‍ നിര്‍മിച്ചു. സ്വര്‍ണക്കൊടിമരത്തിന്റെ സമീപം സ്ഥാപിക്കാനുള്ള മണികളുടെ നിര്‍മാണം പൂര്‍ത്തിയായി.

മുഖ്യശില്പി പരുമല അനന്തനാചാരിയുടെ പണിശാലയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. വെങ്കലപഴയ ഓടില്‍ നിര്‍മിച്ച മണിക്ക് 150 കിലോയോളം ഭാരമുണ്ട്. ശില്പി തൃപ്പല്ലൂര്‍ സദാശിവന്‍ ആചാരി കരിങ്കല്ലില്‍ നിര്‍മിച്ച പഞ്ചവര്‍ഗത്തറയില്‍ സ്ഥാപിക്കാന്‍ ചെമ്പുതകിടില്‍ ശില്പങ്ങളും കൊത്തിയെടുത്തു.

100 കിലോ ചെമ്പിലാണ് ഇതു നിര്‍മിച്ചത്. ഇവയെല്ലാം സ്വര്‍ണംപൂശാനായി പമ്പയിലേക്കു കൊണ്ടുപോകും. സന്നിധാനത്തു സ്ഥാപിക്കാനുള്ള മണിമണ്ഡപം, ദീപസ്തംഭം തുടങ്ങിയവയുടെ നിര്‍മാണവും പൂര്‍ത്തിയായി.

ശില്പികളായ പളനി ആചാരി, അനു അനന്തന്‍, തിരുപ്പതി നാഗരാജന്‍, ബാലാജി, മധുര മുരളി, വടിവേലു, ഗണേഷ്, തഞ്ചാവൂര്‍ പ്രകാശ് തുടങ്ങിയവരാണ് പണികള്‍ നടത്തിയത്. അഭിഭാഷകകമ്മിഷന്‍ എ.എസ്.പി. കുറുപ്പിന്റെ നിരീക്ഷണത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.