ശബരിമല: മിഥുനമാസപൂജകള്‍ക്ക് ശബരിമലനട ബുധനാഴ്ച വൈകീട്ട് അഞ്ചിനു തുറക്കും. മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് വിളക്കുവെക്കും. മറ്റു പ്രത്യേകപൂജകള്‍ ഒന്നുമില്ല. വരുന്ന അഞ്ചുദിവസം ഉദയാസ്തമയപൂജ, പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവ ഉണ്ടാകും. മിഥുനമാസപൂജകള്‍ക്കുശേഷം നടയടയ്ക്കില്ല. 19 മുതല്‍ പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠാചടങ്ങുകളും തുടര്‍ന്ന് ഉത്സവവും നടക്കുന്നതിനാലാണിത്. ജൂണ്‍ 25നാണ് പ്രതിഷ്ഠ. തുടര്‍ച്ചയായി 24 ദിവസം നട തുറന്നിരിക്കും. മണ്ഡല-മകരവിളക്ക് കാലത്തു മാത്രമാണ് ശബരിമലയില്‍ ഇത്രയുംദിവസം നട തുറക്കാറുള്ളത്.

19നു വൈകീട്ട് ആചാര്യവരണം, പ്രാസാദശുദ്ധി, വാസ്തുഹോമം, വാസ്തുബലി എന്നിവ നടക്കും. വാസ്തുകലശം, രക്ഷാകലശം, മുളപൂജ എന്നിവയുമുണ്ടാകും. 20ന് ബിംബശുദ്ധിക്രിയകള്‍ നടക്കും. ചതുശ്ശുദ്ധി, ധാര, പഞ്ചഗവ്യം എന്നിവയുമുണ്ടാകും. ഉച്ചപ്പൂജാസമയത്ത് ഇത് ഭഗവാന് അഭിഷേകംചെയ്യും. വൈകീട്ട് ഭഗവതിസേവ, സുദര്‍ശനഹോമം.

21ന് മൃത്യുഞ്ജയഹോമം, ബിംബപരിഗ്രഹം, ജലാധിവാസം. 22ന് അത്ഭുതശാന്തിഹോമം, കലശപൂജ. 23ന് സുകൃതഹോമം. 24ന് തത്ത്വഹോമം, ജലദ്രോണിപൂജ, ജീവകലശപൂജ, അധിവാസഹോമം എന്നിവ ഉണ്ടാകും.

25നു രാവിലെ 11.50നും 1.40നും മധ്യേയാണ് പ്രതിഷ്ഠാചടങ്ങ്. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 28ന് ഉത്സവം കൊടിയേറും. 29 മുതല്‍ ജൂലായ് ആറുവരെ ഉത്സവബലി ഉണ്ടാകും. ആറിന് പള്ളിവേട്ട, ഏഴിന് പമ്പയില്‍ ആറാട്ട് എന്നിവ നടക്കും. ഏഴിന് രാത്രി 10ന് നടയടയ്ക്കും.