ശബരിമല: പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠ ജൂണ്‍ 25നു നടക്കും. ഇതിന്റെ ചടങ്ങുകള്‍ 19നു തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജൂണ്‍ 28ന് നാലാംകലശം നടക്കും. അന്നുതന്നെ ഉത്സവത്തിനു കൊടിയേറും.

ഉത്സവച്ചടങ്ങുകള്‍ പത്തുദിവസം നീണ്ടുനില്‍ക്കും. പള്ളിവേട്ട ജൂലായ് ആറിനാണ് നടക്കുക. ഏഴിന് പമ്പയില്‍ ആറാട്ടുചടങ്ങ് നടത്തും. ഫെബ്രുവരി 17ന് കുംഭമാസപൂജയുടെ അവസാനനാളിലാണ് ഇപ്പോഴത്തെ കൊടിമരം നീക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്.
 
രാവിലെ ഒമ്പതിന് തന്ത്രി കണ്ഠരു രാജീവരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ നടത്തും. ചൈതന്യം ആവാഹിച്ച് ഭഗവാനില്‍ ലയിപ്പിക്കും. തുടര്‍ന്ന് പഴയ കൊടിമരം ദഹിപ്പിക്കും. കുംഭമാസപൂജകള്‍ക്ക് നടതുറന്ന ശബരിമലയില്‍ വലിയ തിരക്കനുഭവപ്പെട്ടു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ദര്‍ശനം നടത്തി.