തിരുവനന്തപുരം:  വിശ്വാസികള്‍ക്ക് ആഹ്ലാദമായി പുണ്യ റംസാന്‍ പിറന്നു. റംസാന്‍ വ്രതത്തിന്റെ വിശുദ്ധമാസാചരണം തിങ്കളാഴ്ച ആരംഭിക്കും. ഇനി ആത്മസംസ്‌കരണത്തിനുള്ള നാളുകള്‍. വിശുദ്ധി കൈവരിക്കാനുള്ള പ്രാര്‍ഥനാ സുഗന്ധമുള്ള രാപ്പകലുകളായിരിക്കും  റംസാനിലെ ഓരോ ദിനവും. 

മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ തിങ്കളാഴ്ച റംസാന്‍ ആദ്യദിനമാണെന്ന് വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവിയുടെ നേതൃത്വത്തില്‍ മണക്കാട് പള്ളിയില്‍ നടന്ന യോഗം അറിയിച്ചു. പാളയം പള്ളിയില്‍ നടന്ന യോഗത്തിലും മാസപ്പിറവി തിങ്കളാഴ്ചയെന്ന് സ്ഥിരീകരിച്ചതായി പാളയം ഇമാം മൗലവി സുഹൈബ് വി.പി. അറിയിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ചന്ദ്രമാസപ്പിറവി കണ്ടതിനാല്‍ തിങ്കളാഴ്ച റംസാന്‍ ഒന്നാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ തുടങ്ങിയവര്‍ പറഞ്ഞു.  

റംസാനിലെ 30 ദിനരാത്രങ്ങള്‍ ആരാധനകളാല്‍ ധന്യമാക്കാനായി അകവും പുറവും ശുദ്ധീകരിച്ചാണ് വിശ്വാസികള്‍ തയ്യാറെടുപ്പ് നടത്തുന്നത്. മനസ്സും ശരീരവും വ്രതാനുഷ്ഠാനങ്ങള്‍ക്കായി പാകപ്പെടുത്തിയും വിഭവങ്ങള്‍ ശേഖരിച്ചും പുണ്യമാസത്തെ സ്വാഗതംചെയ്യാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. റംസാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി പള്ളികളില്‍ ഒരുക്കങ്ങള്‍ തകൃതിയാണ്.

Content Highlights: Ramsan month Started, Muslims holy month