പറശ്ശിനിക്കടവ്: ഒരുപ്രളയത്തെക്കൂടി അതിജീവിച്ച് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പതിവുചടങ്ങുകൾക്ക് തുടക്കമായി. ഒരാഴ്ചയോളം നീണ്ട പ്രളയക്കെടുതികൾക്കുശേഷം ബുധനാഴ്ച രാവിലെ മുതൽ മടപ്പുര ശ്രീകോവിൽ സന്നിധിയിൽ കലശാട്ടവും തുടർന്ന് ശുദ്ധിക്രിയകളും നടന്നു. ഉച്ചയ്ക്ക് 12.30-ഓടെ ഭക്തജനങ്ങൾക്ക് ദർശനത്തിന് ശ്രീകോവിൽ തുറന്നുകൊടുത്തു.

ബുധനാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഭക്തർ പ്രധാന ഗേറ്റിന് പുറത്ത് കാത്തുനിന്നിരുന്നു. തന്ത്രി മാടമന ഇല്ലത്ത് നമ്പൂതിരിയുടെ കാർമികത്വത്തിൽ മടപ്പുര മടയൻ പി.എം.മുകുന്ദന്റെ സാന്നിധ്യത്തിലാണ് കലശാട്ടച്ചടങ്ങുകൾ നടന്നത്. രാവിലെ 9.30-ഒാടെ തുടങ്ങിയ ചടങ്ങുകൾ 12 വരെ നീണ്ടു. ഉച്ചയോടെ പ്രസാദഊട്ടും നിവേദ്യപ്രസാദ വിതരണവും തുടങ്ങി.

വ്യാഴാഴ്ച രാവിലെ 9.30-നും 10.30-നുമിടയിൽ നിറ നടക്കും. 16-ന് ഉച്ചയ്ക്ക് ചിങ്ങസംക്രമദിനത്തിന്റെ ഭാഗമായി ഉച്ചവെള്ളാട്ടവും 17-ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടവും ഉണ്ടാകും. തിരുവപ്പന ഉൾപ്പെടെയുള്ള പതിവുചടങ്ങുകൾ 18-ന് പുലർച്ചെ തുടങ്ങും.

1974-നുശേഷം ആദ്യമായാണ് ക്ഷേത്രത്തിൽ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാവുന്നത്. തിരുനടയിൽ വെള്ളം നിറഞ്ഞതോടെ ഓഗസ്റ്റ് ഒൻപത്, 10, 11 തീയതികളിൽ തോണിയിലെത്തിയാണ് കർമികൾ പയംകുറ്റി സമർപ്പണം നടത്തിയത്.

Content Highlights: Parassinikadavu Muthappan temple