പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര മുത്തപ്പന്‍ ക്ഷേത്രോത്സവം ശനിയാഴ്ച തുടങ്ങും. രാവിലെ ഒന്‍പത് മണിക്കും 9.37നും ഇടയില്‍ ക്ഷേത്ര തന്ത്രി മാടമനയില്ലത്ത് തമ്പ്രാക്കള്‍ കൊടിയേറ്റും. ഉച്ചയ്ക്ക് മടപ്പുരയിലെ മുതിര്‍ന്ന സ്ത്രീ മഹോത്സവത്തിന്റെ പൂജാദ്രവ്യങ്ങള്‍ വ്രതശുദ്ധിയോടെ പ്രത്യേക സ്ഥാനത്ത് സമര്‍പ്പിക്കും.

തുടര്‍ന്ന് വൈകുന്നേരം 2.30ന് മലയിറക്കവും 3മൂന്നുണിമുതല്‍ പാരമ്പര്യ ആചാരപ്രകാരം തയ്യില്‍ തറവാട്ടുകാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും. തുടര്‍ന്ന് തെക്കരുടെ കാഴ്ചവരവും എത്തും. സന്ധ്യയ്ക്ക് ഉത്സവത്തിന്റെ ഭാഗമായുള്ള വെള്ളാട്ടം തുടങ്ങും. രാത്രി 11ന് കലശം എഴുന്നള്ളിപ്പ് നടക്കും.

ഡിസംബര്‍ മൂന്നിന് രാവിലെ മഹോത്സവത്തിന്റെ ആദ്യ തിരുപ്പനയുടെ പുറപ്പാട്. ഉച്ചയോടെ കാഴ്ചവരവുകാരെ തിരിച്ചയക്കല്‍ ചടങ്ങും നടക്കും. 3, 4, 5 തീയതികളില്‍ വൈകുന്നേരം വെള്ളാട്ടവും 4, 5 തീയതികളില്‍ രാവിലെ തിരുവപ്പനയും ഉണ്ടായിരിക്കും. ആറിന് രാവിലെ നടക്കുന്ന കൊടിയിറക്കത്തോടെ മഹോത്സവ ചടങ്ങുകള്‍ സമാപിക്കും. മഹോത്സവത്തിന്റെ ഭാഗമായി 5, 6, 7 തീയതികളില്‍ രാത്രി കഥകളിയും അഞ്ചിന് വൈകുന്നേരം ഘോഷയാത്രയും ഉണ്ടായിരിക്കും.