പന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽനിന്നുള്ള മാധവ് കെ.വർമ്മയും കാഞ്ചന കെ.വർമ്മയും മലകയറി. കുട്ടികൾക്കൊപ്പം കൊട്ടാരം നിർവാഹക സംഘം കമ്മിറ്റിയംഗങ്ങളായ മനോജ് വർമ്മ, സജികുമാർ വർമ്മ, കേരളവർമ്മ, രാജപ്രതിനിധി രാഘവ വർമ്മരാജ എന്നിവരും ശബരിമലയിലേക്ക് തിരിച്ചു.

പ്രന്തളം കൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമ്മരാജയും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും ചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്കു മുമ്പിൽ കെ.കേരള വർമ്മ കുട്ടികളുടെ കെട്ട്‌ നിറച്ചു. വലിയതമ്പുരാട്ടി തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങി.

12-ന് കൊട്ടാരത്തിൽനിന്ന് ഇറങ്ങി വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിൽ ദർശനം നടത്തിയ കുട്ടികളെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.എസ്.ഉണ്ണികൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ, സെക്രട്ടറി ശരത് കുരമ്പാല എന്നിവർ സ്വീകരിച്ചു.

മണികണ്ഠനാൽത്തറയിലെത്തിയ കുട്ടികളെ അയ്യപ്പാസേവാസംഘം ശാഖാ സെക്രട്ടറി നരേന്ദ്രൻ നായർ, നഗരസഭാ കൗൺസിലർ കെ.ആർ.രവി എന്നിവർ സ്വീകരിച്ചു.

Content Highlights: Shabarimala and Malikappuram temple priest electing process tomorrow