മൈസൂരു: 412-ാമത് മൈസൂരു ദസറയാഘോഷത്തിന് ചാമുണ്ഡിമലയില്‍ ആരംഭംകുറിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനവേളയില്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞയുടന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചു.

പൂജകള്‍ അര്‍പ്പിക്കുന്ന ചാമുണ്ഡേശ്വരിദേവിയുടെ വിഗ്രഹം നേരത്തെ മൈസൂരു കൊട്ടാരം ബോര്‍ഡ് മുസ്രായി വകുപ്പിന് കൈമാറിയിരുന്നു. ജംബൂസവാരിയില്‍ സുവര്‍ണ അമ്പാരിയില്‍ പ്രതിഷ്ഠിക്കുന്നതും ഇതേ വിഗ്രഹമാണ്. വിജയദശമിക്കുശേഷം വിഗ്രഹം കൊട്ടാരം ബോര്‍ഡിന് തിരികെ നല്‍കും.

ദസറ കലാപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബൊമ്മെ മൈസൂരു കൊട്ടാരത്തില്‍ വൈകീട്ട് ആറിന് നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കങ്കേരി, നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി, മന്ത്രിമാരായ എസ്.ടി. സോമശേഖര്‍, വി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒരു ആനയെ ഒഴിവാക്കും

മൈസൂരു: മദപ്പാട് തുടരുന്ന വിക്രമയെന്ന ആനയെ ദസറയാഘോഷത്തില്‍നിന്ന് ഒഴിവാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. ഇതോടെ വിജയദശമിദിനത്തില്‍ നടക്കുന്ന ജംബൂസവാരിയില്‍ ആനകളുടെ എണ്ണം ഏഴായി കുറയും.

പീരങ്കി വെടിയൊച്ചയുമായി പൊരുത്തപ്പെടാനുള്ള രണ്ടാംവട്ട പരിശീലനത്തില്‍ വിക്രമയെ പങ്കെടുപ്പിച്ചിരുന്നില്ല. ആദ്യഘട്ട പരിശീലനത്തിനു കൊണ്ടുവന്നപ്പോഴും മറ്റു ഏഴ് ആനകളില്‍നിന്ന് മാറ്റിയാണ് നിര്‍ത്തിയത്. മൈസൂരു രാജകുടുംബത്തിന്റെ സ്വകാര്യ ദസറയാഘോഷത്തില്‍നിന്നും അമ്പത്തിയെട്ടുകാരനായ വിക്രമയെ ഒഴിവാക്കിയേക്കും. 1990-ല്‍ ഊട്ടിയിലെ നീലഗിരി മലനിരകളിലെ ദൊഡ്ഡബെട്ടയില്‍നിന്ന് പിടികൂടിയ വിക്രമ കഴിഞ്ഞ അഞ്ചുവര്‍ഷം ദസറയില്‍ പങ്കെടുത്തിരുന്നു.