കൊട്ടിയൂര്‍: തൃച്ചെറുമന്ന ശ്രീ കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് മാതൃഭൂമി തയ്യാറാക്കിയ പ്രത്യേക പതിപ്പ് 'ശിവം' പ്രകാശനം ചെയ്തു. ഇക്കരെ കൊട്ടിയൂരില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷില്‍നിന്ന് കോപ്പി ഏറ്റുവാങ്ങി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം നിര്‍വഹിച്ചു. കൊട്ടിയൂര്‍ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കായി നിര്‍മിച്ച വിശ്രമമന്ദിരങ്ങളുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു 'ശിവം' പ്രകാശനം.

പി.കെ. ശ്രീമതി എം.പി, സണ്ണിജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി. ബാലന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഴ്ചപ്പതിപ്പിന്റെ വലുപ്പത്തില്‍ 88 പേജുള്ള സപ്ലിമെന്റില്‍ തൃച്ചെറുമന്നയെന്ന കൊട്ടിയൂര്‍ മഹാക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കും ഐതിഹ്യത്തിലേക്കും വെളിച്ചംവീശുന്ന ലേഖനങ്ങളും കുറിപ്പുകളും വര്‍ണചിത്രങ്ങളുമാണുള്ളത്. 'ശ്രീ പരമേശ്വരന്‍ സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂര്‍' എന്ന ലേഖനത്തില്‍ ഏറ്റവും കൂടുതല്‍ ദേവചൈതന്യവും വൈവിധ്യവും നിറഞ്ഞ സ്ഥലമാണ് കൊട്ടിയൂര്‍ എന്ന് ദേവസ്വം ചെയര്‍മാന്‍ ടി. ബാലന്‍നായര്‍ വിവരിക്കുന്നു. വൈശാഖോത്സവ ചടങ്ങുകള്‍ തുടങ്ങുകയും അവസാനിക്കുകയുംചെയ്യുന്ന മണത്തണയുടെ പാരമ്പര്യവും വിശേഷങ്ങളും പി.പി. മുകുന്ദന്‍ എഴുതുന്നു.

'തൃച്ചെറുമന്നയിലെ ഉത്സവനാളുകളിലൂടെ' എന്ന ലേഖനത്തില്‍ ക്ഷേത്രത്തിലെ ഉപതന്ത്രിയായ പാലോന്നം നാരായണന്‍ നമ്പൂതിരി രണ്ട് തന്ത്രിമാരുടെയും അഞ്ച് ഉപതന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന പൂജകളെക്കുറിച്ച് പ്രതിപാദിക്കുന്നു. പെരുമാള്‍ സംഘത്തെക്കുറിച്ച് കെ. കുഞ്ഞിരാമന്‍, ശക്തിപീഠമായ അമ്മാറക്കല്‍തറയെക്കുറിച്ച് പി.എസ്. മോഹനന്‍, കോട്ടയം രാജകുടുംബവും വൈശാഖോത്സവവുമായുള്ള ബന്ധത്തെക്കുറിച്ച് ടി.കെ. കേരളവര്‍മരാജ, ക്ഷേത്രമില്ലാ ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സുഭാഷ് ചെറുകുന്ന്, പ്രാര്‍ഥനാ പുണ്യത്തെക്കുറിച്ച് ഗോകുലം ഗോപാലന്‍ എന്നിവര്‍ എഴുതുന്നു.

ജാതിചിന്തകള്‍ക്കും തൊട്ടുകൂടായ്മയ്ക്കും കണ്ടുകൂടായ്മയ്ക്കും സ്ഥാനമില്ലാത്ത പെരുമാളിന്റെ സന്നിധിയെക്കുറിച്ച് ഡോ. ടി. അണിമ എഴുതിയ ലേഖനത്തില്‍ പ്രാട്ടര സ്വരൂപത്തിലെ സവിശേഷമായ ജീവിതരേഖ അവതരിപ്പിക്കുന്നു.

മഴമഹോത്സവം, ദക്ഷയാഗവും ശിവലിംഗപൂജയും പുരാണത്തില്‍, വ്രതശുദ്ധിയുടെ ഇളനീര്‍ക്കാവുകള്‍, മുതിരേരിവാള്‍ വരവ്, പാലുകാച്ചിമല വിളിക്കുമ്പോള്‍, ചോതിവിളക്ക് തെളിയുമ്പോള്‍, പുറക്കളത്തെ വിളക്കുതിരിസംഘം, യാഗഭൂമിയിലെ സ്ഥലനാമവിശേഷം എന്നീ ലേഖനങ്ങളും സപ്ലിമെന്റിലുണ്ട്. 30 രൂപയാണ് വില.