കൊല്ലം:  സേവനോത്സവമായി കൊണ്ടാടാറുള്ള മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം, ഈ വര്‍ഷം ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സാധനാദിനമായി ആചരിക്കാന്‍ തീരുമാനം. 

മുന്‍ വര്‍ഷങ്ങളിലൊക്കെയും സേവനപദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിനു ഭക്തര്‍ അമൃതപുരിയില്‍ ഒന്നിച്ചുകൂടുമായിരുന്നു. എന്നാല്‍, കോവിഡ് മഹാവ്യാധിയുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും വിഷമസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കുന്നതായി മഠം അധികൃതര്‍ അറിയിച്ചു. 

വിശ്വ ശാന്തിയ്ക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥനാനിര്‍ഭരമായി,ആദ്ധ്യാത്മിക സാധനാനിഷ്ഠകളോടെ ജയന്തിദിനമായ സെപ്തംബര്‍ ഇരുപത്തിയേഴിനെ വരവേല്‍ക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു.

'ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികള്‍ ഈ സെപ്തംബര്‍ 27 ഞായറാഴ്ച കാലത്ത് ആറുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വിശ്വശാന്തിക്കും, ലോകം ഇപ്പോള്‍ നേരിടുന്ന ദുര്‍ഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മികസാധനകള്‍ അനുഷ്ഠിക്കും'-  സ്വാമി പറഞ്ഞു.

Content Highlights: Matha Amrithanandamayi devi birth day