ഹരിപ്പാട്: ഉപ്പും മഞ്ഞളും പുറ്റും മുട്ടയും സർപ്പരൂപങ്ങളും നടയ്ക്ക് സമർപ്പിച്ച് പതിനായിരങ്ങൾ മണ്ണാറശാലയിൽ ആയില്യം തൊഴുതു. തുലാം മാസത്തിലെ ആയില്യമായിരുന്ന വ്യാഴാഴ്ച പുലർച്ചേ തുടങ്ങിയ ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു.

നാഗരാജാവിന്റെയും സർപ്പയക്ഷിയുടെയും നടകളിൽ കാഴ്ചദ്രവ്യങ്ങൾ സമർപ്പിച്ച്, നാഗരാജാവ് കുടികൊള്ളുന്ന നിലവറയിലും വണങ്ങി, മണ്ണാറശാലയിലെ കാവുകളിലൂടെയാണ് ഭക്തർ തൊഴുതിറങ്ങിയത്.

കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയുള്ള വിശേഷാൽപൂജകൾ ആയില്യത്തിന്റെ പ്രധാന ചടങ്ങായിരുന്നു. തുടർന്ന്, മണ്ണാറശാല വലിയമ്മ ഉമാദേവി അന്തർജനം (87) രാവിലെ 11 മുതൽ വടക്കേനടയിലെ നിലവറത്തളത്തിൽ ഭക്തർക്ക് ദർശനം നൽകി.

ആരോഗ്യപരമായ കാരണങ്ങളാൽ വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് ഇത്തവണയുണ്ടായിരുന്നില്ല. കഴിഞ്ഞവർഷവും എഴുന്നള്ളത്ത് ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ച പുലർച്ചേ നാലുമണിയോടെ നട തുറന്നു. അഭിഷേകങ്ങളോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അപ്പോഴേക്കും ക്ഷേത്രംചുറ്റി ഭക്തജനങ്ങളുടെ വലിയ നിരയുണ്ടായിരുന്നു.

ഭക്തരെ ചെറുസംഘങ്ങളായാണ് ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. എന്നിട്ടും തിരക്ക് നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടി. രാത്രി പത്തുമണിയോടെ നട അടയ്ക്കുമ്പോഴും ദർശനത്തിനായി ഭക്തർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എരവത്ത് അപ്പുമാരാർ, അമ്പലപ്പുഴ വിജയകുമാർ എന്നിവർ ആയില്യം നാളിലെ മേള-വാദ്യസേവയ്ക്ക് മേൽനോട്ടം വഹിച്ചു.

മകംനാളായ വെള്ളിയാഴ്ച ശുദ്ധിക്രിയകൾ കഴിഞ്ഞ് രാവിലെ ഒൻപതിനുശേഷം നടതുറക്കും.