ഹരിപ്പാട്: മണ്ണാറശാല നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവം പുണർതം നാളായ ചൊവ്വാഴ്ച തുടങ്ങും. വ്യാഴാഴ്ചയാണ് ആയില്യം പൂജയും അനുബന്ധ ചടങ്ങുകളും. ഏഴാമത് മണ്ണറാശല ശ്രീനാഗരാജ പുരസ്‌കാര സമർപ്പണത്തോടെയാണ് ഇത്തവണത്തെ ആയില്യം ഉത്സവം തുടങ്ങുന്നത്. ചൊവ്വാഴ്ച മൂന്നിന് ക്ഷേത്ര സന്നിധിയിൽ നടൻ നെടുമുടി വേണു സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആയാംകുടി കുട്ടപ്പമാരാർ, തൃശ്ശൂർ വി. രാമചന്ദ്രൻ, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം രാമച്ചാക്യാർ എന്നിവരാണ് ശ്രീനാഗരാജ പുരസ്‌കാര ജേതാക്കൾ. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വൈകീട്ട് അഞ്ചിന് നടതുറക്കും. തുടർന്ന് മഹാദീപക്കാഴ്ച. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ദീപങ്ങൾ തെളിക്കും. കിഴക്കേ നടയിൽ വൈദ്യുതി ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. രാത്രി 7.30-ന് ഡോ. നീനാപ്രസാദിന്റെ നടനാഞ്ജലിയോടെ ആയില്യത്തോടനുബന്ധിച്ച കലാപരിപാടികൾ ആരംഭിക്കും.

ആയില്യം നാളായ വ്യാഴാഴ്ച രാവിലെ 10-ന് മഹാപ്രസാദമൂട്ട്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയുള്ള ആയില്യം വിശേഷാൽ പൂജകളാണ് ആയില്യം നാളിലെ പ്രധാന ചടങ്ങ്.