കൊല്ലം: ശബരിമല ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ച സ്വര്‍ണക്കൊടിമരത്തിലേക്കുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രസന്നിധിയില്‍നിന്ന് ഘോഷയാത്രയായി പുറപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 7.30ന് നടന്ന ചടങ്ങില്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.അനില്‍ കുമാര്‍ കൊടിക്കൂറ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന് കൈമാറി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ അയ്യപ്പന്‍, കൗണ്‍സിലര്‍ ബീനാകുമാരി, മേല്‍ശാന്തി ജയമോഹന്‍, 12 കരയോഗം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഘോഷയാത്ര പരിമണം, കൊറ്റന്‍കുളങ്ങര, ഓച്ചിറ, കായംകുളം പുല്ലുകുളങ്ങര, മുതുകുളം, കണ്ടിയൂര്‍, ചെട്ടികുളങ്ങര, ചെങ്ങന്നൂര്‍, പന്തളം ക്ഷേത്രങ്ങള്‍ വഴിയാണ് കടന്നുപോയത്. ശബരിമലയിലെ കൊടിമരം നിര്‍മിച്ച സംഘംതന്നെയാണ് ശക്തികുളങ്ങര ക്ഷേത്രത്തിലെയും കൊടിമരം നിര്‍മിച്ചത്.
 
ശബരിമലയിലേക്കുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയായി പുറപ്പെടണമെന്നുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം അങ്ങനെയാണുണ്ടായതെന്ന് ഭരണസമിതി സെക്രട്ടറി ബി.രഘുനാഥന്‍ പിള്ള പറഞ്ഞു.