ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 32 ദിവസത്തിനകം മഹാമൃത്യുഞ്ജയഹോമം നടത്തണമെന്ന് പ്രശ്നവിധി. ഭഗവാന് പ്രത്യേക നിവേദ്യവും മമ്മിയൂർ മഹാദേവന് ഒരു ദിവസത്തെ മഹാരുദ്രവും നടത്തണം. സമീപഭാവിയിൽ ക്ഷേത്രത്തിൽ ചില ആപത്തുകൾക്ക്‌ സാധ്യത കാണുന്നുണ്ട്. ഈ അശുഭകാര്യങ്ങൾക്ക് പരിഹാരമായിട്ടാണ് പ്രധാന ദൈവജ്ഞൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് പരിഹാരനിർദേശങ്ങൾ അറിയിച്ചത്. അഷ്ടമംഗല പ്രശ്നത്തിന്റെ രണ്ടാംദിവസമായിരുന്നു വ്യാഴാഴ്ച.

പ്രശ്നത്തിൽ തെളിഞ്ഞ മറ്റു കാര്യങ്ങൾ:

ഭഗവാന്റെ നിറഞ്ഞ ചൈതന്യം കാണുന്നുണ്ട്. മന്ത്ര വിഷയങ്ങളിൽ കുറവ് കാണുന്നില്ല. ദേവവിഷയം കൈകാര്യം ചെയ്യുന്നവരിൽ അനൈക്യം ഉണ്ട്. പല തരത്തിലുള്ള അശുദ്ധിയുണ്ടാകുന്നുണ്ട്. ദർശനത്തിന് എത്തുന്ന ഭക്തരിലെ സ്ത്രീജനങ്ങൾക്ക് ചില ക്ലേശങ്ങൾ വരുന്നുണ്ട്. കൂത്തമ്പലത്തിന് മഹനീയസാന്നിധ്യമുണ്ട്. ഇവിടെ അശുദ്ധി സംഭവിയ്ക്കുന്നുണ്ട്. കൂത്തമ്പലത്തിലുള്ള വേദപാരായണം വാതിൽമാടത്തിൽ നടത്തണം .

സ്വർണാഭരണങ്ങൾ ഉൾപ്പെടെയുളള സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദേവിയുടെ പാരമ്പര്യ കോമരങ്ങളായിരുന്ന പരേതാത്മാക്കൾക്ക് സായൂജ്യക്രിയകൾ നടത്തണം. മഹാനിവേദ്യ വിഷയങ്ങളിൽ പാരമ്പര്യസ്ത്രീകൾ തയ്യാറാക്കിനൽകുന്ന വെണ്ണ, തൈര്, ഉപ്പുമാങ്ങ എന്നിവ വിശേഷമാണ്. പരിചാരകന്മാർ ഒരുക്കുന്ന ഇടിച്ചുപിഴിഞ്ഞ പായസവും പ്രത്യേകതയാണ്.

വെള്ളിയാഴ്ച 11,12 ഭാവങ്ങളും പ്രച്ഛ മുതൽ പ്രശ്നക്രിയ വരെയുമാണ് ചിന്തന. അഷ്ടമംഗലപ്രശ്നത്തിന് ദേവസ്വം അധികൃതർ പ്രധാന ദൈവജ്ഞനെ ക്ഷണിക്കാൻ ചെല്ലുന്ന ചടങ്ങാണ് പ്രച്ഛ.