ഡോ. സബ്രീന ലെയ്, ആത്മോപദേശശതകം ഇറ്റാലിയൻ പുസ്തകത്തിന്റെ കവർ
കോട്ടയ്ക്കല്‍: പരസ്പരസ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദര്‍ശനം പകര്‍ന്നുനല്‍കിയ ശ്രീനാരായണഗുരുവിന്റെ 'ആത്മോപദേശശതക'ത്തിന് ഇറ്റാലിയന്‍ പരിഭാഷയൊരുങ്ങുന്നു. ഇറ്റാലിയന്‍ എഴുത്തുകാരിയും ചിന്തകയുമായ ഡോ. സബ്രീന ലെയ് ആണ് പരിഭാഷ നിര്‍വഹിക്കുന്നത്. അടുത്തമാസം കൃതി പ്രസിദ്ധീകരിക്കും.
മത-മതേതര സമൂഹങ്ങള്‍ തമ്മിലുള്ള ആശയസംവാദവും സാമൂഹിക ഇടപെടലും സാധ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന റോമിലെ തവാസുല്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. തവാസുല്‍ യൂറോപ്പിന്റെ ഡയറക്ടര്‍കൂടിയാണ് ഡോ. സബ്രീന.
കൃതിയുടെ പരിഭാഷയ്ക്കുപുറമേ, ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും അവയുണ്ടാക്കിയ മാറ്റങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. സബ്രീന പറഞ്ഞു. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സച്ചിദാനന്ദസ്വാമിയുടെ സഹായവും കൃതി തയ്യാറാക്കുന്നതിനു ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി പ്രൊഫ. അബ്ദുള്‍ ലത്തീഫ് ചാലിക്കണ്ടിയുമായുള്ള വിവാഹത്തോടെയാണ് ഡോ. സബ്രീന ലെയ് ഇന്ത്യയെക്കുറിച്ചും ഇവിടത്തെ വൈജ്ഞാനിക സാഹിത്യത്തെക്കുറിച്ചും കൂടുതലറിയുന്നത്. ഭഗവദ് ഗീതയുള്‍പ്പെടെ ഒട്ടേറെ കൃതികള്‍ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തിയ ഡോ. സബ്രീന, ഉപനിഷത്തുക്കളുടെയും മഹാഭാരതത്തിന്റെയും പരിഭാഷയിലാണിപ്പോള്‍. അടുത്തവര്‍ഷത്തോടെ ഇവ പൂര്‍ത്തിയാകുമെന്ന് ഡോ. സബ്രീന പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, തകഴിയുടെ ചെമ്മീന്‍ തുടങ്ങി ഒട്ടേറെ മലയാള കൃതികളുടെ ഇറ്റാലിയന്‍ പരിഭാഷയും ഡോ. സബ്രീനയുടേതായിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്നസെന്റിന്റെ 'കാന്‍സര്‍ വാര്‍ഡിലെ ചിരി'യും ഇവര്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..