ചക്കുളത്തുകാവ്: ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ 23-നാണ് പൊങ്കാല. പൊങ്കാല നടക്കുന്ന വീഥികളിലെ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വെട്ടിതെളിച്ച് ശുചീകരിക്കും. പാതയോരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സംഘടനകൾ എന്നിവയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം

കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷങ്ങളിലെ പോലെ വെള്ളക്കിണർ വാട്ടർ അതോറിറ്റി കോമ്പൗണ്ടിലും തലവടി പ്രാഥമിക ആരോഗ്യ കേന്ദ്ര മൈതാനത്തും 22, 23 തീയതികളിൽ താത്കാലിക ഡിപ്പോ സജ്ജമാക്കും.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവ്വീസ് നടത്തുമെന്ന് പ്രതിനിധി രമേഷ് കുമാർ അറിയിച്ചു.ക്രമസമാധാന പാലനത്തിന് ഇരു ജില്ലകളും സഹകരിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കാനുള്ള നടപടി കൈകൊള്ളുമെന്ന് തിരുവല്ല സി.ഐ. സന്തോഷ് കുമാർ ക്ഷേത്രഭാരവാഹികൾക്ക് ഉറപ്പു നൽകി.

കുടിവെള്ളത്തിന് സ്ഥിരം സംവിധാനത്തിന് പുറമേ ക്ഷേത്ര മൈതാനത്തും പ്രധാന വീഥിയിലും താത്കാലിക ടാപ്പുകൾ സ്ഥാപിക്കും. പൊങ്കാല സ്ഥലങ്ങളിൽ ടാങ്കുകളിൽ ശുദ്ധജലം എത്തിച്ച് വിതരണം ചെയ്യുമെന്ന് വാട്ടർ അതോറിറ്റി പ്രതിനിധി പറഞ്ഞു.

പൊങ്കാല ദിവസവും 22-നും ക്ഷേത്രമൈതാനത്ത് താത്കാലിക ക്ലിനിക്കുകൾ പ്രവർത്തിക്കും. 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മേധാവി യോഗത്തിൽ അറിയിച്ചു.

വ്യാജ പൊങ്കാല കൂപ്പൺ നിയന്ത്രിക്കണമെന്നും എടത്വാ ഭാഗങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും തത്വമസി ഓട്ടോറിക്ഷ സേവഭാരതി യോഗത്തിൽ അറിയിച്ചു.

22, 23 തീയതികളിൽ പൊങ്കാല കടന്നു പോകുന്ന വീഥിയിൽ മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനം നടപ്പിലാക്കും. നടത്തിപ്പിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം കൂടുതൽ സജ്ജമാക്കും.

ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗം തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. രമേശ് ഇളമൺ, ഡി.വിജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, കുട്ടനാട് താലൂക്ക് പ്രതിനിധി ശിവശങ്കരപണിക്കർ, തലവടി വില്ലേജ്‌ ഓഫീസർ സ്മിതാപോൾ, പഞ്ചായത്ത് അസി. സെക്രട്ടറി വത്സമ്മ വി.എൽ., ഉത്സവ കമ്മിറ്റി പ്രസിഡന്റ് കെ.സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.