ആറ്റുകാൽ പൊങ്കാലയ്ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടനാരംഭിക്കും. ആദ്യഘട്ടമായി  റോഡുകളിലെ കുഴികൾ നികത്തിയും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ പൂർണമായും നന്നാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാകും നടത്തുന്നത്. പൊങ്കാലയ്ക്ക്  മുമ്പ്  ക്ഷേത്രത്തിന്റെ പരിസരത്തും സമീപത്തുമുള്ള 31 വാർഡുകളിലെ റോഡുകൾ പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സുധാകരൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഫെബ്രുവരി 15-നുള്ളിൽ എല്ലാ റോഡുകളുടെയും പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നിർദ്ദേശം.  ആദ്യഘട്ടത്തിൽ ക്ഷേത്രത്തിന്റെ ഏറ്റവും അടുത്തുള്ള പ്രദേശങ്ങളായ ആറ്റുകാൽ, കുര്യാത്തി. കളിപ്പാൻകുളം, കിള്ളിപ്പാലം, ചാല, കരമന, തളിയൽ, കാലടി തുടങ്ങിയയിടങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളാണ് തുടങ്ങുക. ഇവിടങ്ങളിലെ റോഡുകൾക്ക് സമീപത്തുള്ള  ഡ്രെയിനേജ് സംവിധാനം, കുടിവെള്ളത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കണം.

ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള  മണക്കാട് റോഡ്, കിള്ളിപ്പാലം ബണ്ടുറോഡ്,  ഐരാണിമുട്ടം റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികളാണ് നടത്തേണ്ടത് . ഇവയിൽ മണക്കാട് ജങ്ഷനിൽ നിന്ന് ആറ്റുകാലിലേക്കുള്ള റോഡും കിള്ളിപ്പാലം ബണ്ടുറോഡും തകർന്നുതരിപ്പണമായി. ഈ റോഡുകളിലെ കുണ്ടും കുഴികളും നികത്തി ഗതാഗതയോഗ്യമാക്കണം. കഴിഞ്ഞവർഷം പൊങ്കാല തലേന്നുവരെ റോഡ് ടാറിങ് നടത്തിയത് വൻവിവാദമായിരുന്നു. ക്ഷേത്രത്തിലേക്ക് പൊങ്കാലക്കലങ്ങളുമായി  ഭക്തരെത്തുന്ന സമയത്തായിരുന്നു സമീപത്തെ റോഡുകളുടെ അറ്റകുറ്റ പണിയും ടാറിങ്ങും പൂർത്തീകരിച്ചത്.

ഡ്രെയിനേജും സുഗമമാക്കണം
ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുവട്ടത്തിലുള്ള റോഡുകളുടെയും സമീപപ്രദേശങ്ങളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 96 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ക്ഷേത്രത്തിന് പരിസരത്തുള്ള റോഡുകളിലെ പൊട്ടിപ്പൊളിഞ്ഞ  ഓടകളും അവിടങ്ങളിലെ ഡ്രെയിനേജ് സംവിധാനവും കൊടിയേറ്റിന് മുമ്പ് പൂർത്തിയാക്കണമെന്ന് വിവിധ റസിഡൻറ്‌സ്‌ അസോസിയേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവർഷം  പൊങ്കാലയ്ക്ക് മുമ്പ് ഡ്രെയിനേജ് സംവിധാനം പരിഹരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് നഗരസഭയും പി.ഡബ്ല്യു.ഡി.യും അറിയിച്ചിരുന്നു. എന്നാൽ പൊങ്കാലയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ്  ഡ്രെയിനേജ്  സംവിധാനം പരിഹരിക്കാതെ ഓടയിലെ മാലിന്യവും മണ്ണും കോരി റോഡിലിട്ടത്. ഇവ നീക്കംചെയ്യാത്തതിനെ തുടർന്ന് നാട്ടുകാരുടെ സംഘമാണ് ഇവ നീക്കംചെയ്തത്‌. ഇക്കുറി ആ അവസ്ഥയ്ക്ക് മാറ്റംവരുത്തണം. അതിനാൽ  റോഡുകളുടെ അറ്റകുറ്റപ്പണിക്കൊപ്പം ഡ്രെയിനേജ് സംവിധാനവും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കും
ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രത്തിനടുത്തും സമീപത്തുമുള്ള 31 വാർഡുകളിലെ ഡ്രെയിനേജ് സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ സുഗമമാക്കുമെന്ന്‌ tവാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിനുള്ള അടങ്കൽ തയ്യാറാക്കി മേലധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതി കിട്ടിയശേഷം ടെൻഡർ വിളിച്ച് പണി തുടങ്ങാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. രണ്ടുഘട്ടങ്ങളായാണ്  എല്ലാവാർഡുകളിലെയും ഡ്രെയിനേജ് ശുചീകരണം നടത്തുക. ഫെബ്രുവരി മാസം ആദ്യം എല്ലാ ഡ്രെയിനേജ് പൈപ്പുകളും വൃത്തിയാക്കും. തുടർന്ന് പൊങ്കാലയ്ക്ക് മൂന്ന് ദിവസം മുൻപും ശുചീകരണം നടത്തും. വൃത്തിയാക്കുന്ന മാലിന്യങ്ങൾ സമയബന്ധിതമായി നീക്കംചെയ്യാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റിയുടെ ഡ്രെയിനേജ് വിഭാഗം അധികൃതർ അറിയിച്ചു.

ഭക്തർക്ക് കുടിവെള്ളവുംകുളിക്കാൻ ഷവറും
ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്ന ഭക്തർക്ക് ആവശ്യമായ കുടിവെള്ളവും കുളിക്കാനുള്ള ഷവറുകളും കുര്യാത്തി ജലഅതോറിറ്റിയുടെ നേതൃത്ത്വത്തിൽ സ്ഥാപിക്കും. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തുള്ള ചാല- ഫോർട്ട്, ആറ്റുകാൽ, ശ്രീവരാഹം തുടങ്ങിയ വാർഡുകളിലാണ് സംവിധാനമൊരുക്കുക. ആറ്റുകാൽ വാർഡിൽ മാത്രമാണ് ഷവറുകൾ സ്ഥാപിക്കുക. പൊങ്കാലയിടാനെത്തുന്ന ഭക്തർക്കായി 50 ഷവറുകളാണ് സജ്ജമാക്കുക.

ശ്രീവരാഹത്ത് 260 കുടിവെള്ള ടാങ്കറുകളും ആറ്റുകാലിൽ 700 ടാങ്കറുകളും  ചാല- ഫോർട്ട് എന്നീ വാർഡുകളിൽ 270 ടാപ്പുകളും സ്ഥാപിക്കാനാണ് ജലഅതോറിറ്റി  രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. കുടിവെള്ള ടാങ്കറുകളും ഷവറുകളും സ്ഥാപിക്കുന്നതിന് നാലുവാർഡുകളിലുമായി പന്ത്രണ്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജലഅതോറിറ്റി തയ്യാറാക്കിയ എസ്റ്റിമേറ്റ്  നഗരസഭയ്ക്ക് കൈമാറും. നഗരസഭ ഇത് പരിശോധിച്ചശേഷം ടെൻഡർ വിളിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു.

 പൊങ്കാലയ്ക്ക്  മുന്നോടിയായി ആറ്റുകാലിലും പരിസരത്തുള്ള വൈദ്യുത പോസ്റ്റുകളുടെ മാറ്റിയിടലും പുതിയ ലൈൻ സ്ഥാപിക്കലും തുടങ്ങി. ഓരോ വാർഡിലെയും പ്രതിനിധികൾ പോസ്റ്റ്, ലൈറ്റ് എന്നിവയെക്കുറിച്ച് തരുന്ന കണക്കുകൾ പരിശോധിച്ച് വരുകയാണ്. ഫെബ്രുവരി ആദ്യവാരത്തോടെ  എല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് മണക്കാട് കെ. എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

പൊങ്കാല ഉത്സവം ഫെബ്രുവരി 22 മുതൽ
ഈ വർഷത്തെ ആറ്റുകാൽ ഉത്സവം ഫെബ്രുവരി 22 നാണ് ആരംഭിക്കുക. മാർച്ച്  രണ്ടിനാണ് പൊങ്കാല. രാവിലെ 10.45 നാണ്‌ പൊങ്കാലയ്ക്ക് തുടക്കമാകുക. ഉച്ചയ്ക്ക് 2.45 ന് പൊങ്കാല അവസാനിക്കും.  ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രം ഒരു കോടി 75 ലക്ഷമാണ് ചെലവഴിക്കുന്നതെന്ന് ക്ഷേത്ര സെക്രട്ടറി  ശിശുപാലൻ നായർ പറഞ്ഞു. ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു. നടപ്പന്തൽ അടക്കമുള്ളവയുടെ നിർമ്മാണം തുടങ്ങി. 17-ന് മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള അവലോകനയോഗം നടക്കും.ഈ യോഗത്തിലാണ്  ഉത്സവത്തിന്റെ  ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ച നടക്കുന്നത്. ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 22 ന് മുമ്പ് റോഡ് അടക്കമുള്ള പണികൾ പൂർത്തിയാക്കണം.സമയബന്ധിതമായി ഇതെല്ലാം പൂർത്തിയാക്കാൻ  നഗരസഭയും സർക്കാരും ശ്രമിക്കണമെന്നാണ്‌ ഭക്തരുടെ  ആവശ്യം.കഴിഞ്ഞവർഷം  റോഡുപണികളുൾപ്പെടെയുള്ള  വൈകിയെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. ഇത്തവണയും ആ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകരു​തെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.