ഒരുമയുടെ സംഗീതമായി ക്രിസ്മസ് ദിനത്തില്‍ 'അള്ളാകോവിലി'ലെ ഉത്സവം, നടത്തുന്നത് ഹൈന്ദവര്‍


സാജു ആലയ്ക്കാപ്പള്ളി

കാളിയമ്മന്‍ ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും വരുമാന വിഹിതം കത്തോലിക്കാ പള്ളിക്ക്

പള്ളിവാസലിലെ അള്ളാകോവിൽ ഉത്സവാഘോഷങ്ങൾക്കായി ഒരുങ്ങിയപ്പോൾ

മൂന്നാര്‍: പള്ളിവാസലിലെ 'അള്ളാകോവില്‍' മുസ്ലിം സൂഫിവര്യന്റെ പേരിലുള്ള ആരാധനാലയമാണ്. ഇവിടെ നൂറ്റാണ്ടുകളായി ഉത്സവം നടത്തുന്നത് ഹൈന്ദവര്‍.

കാളിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പം ഇതും കൊണ്ടാടുന്നു. ഉത്സവത്തിലെ പ്രധാന ആഘോഷം നടക്കുന്നതാകട്ടെ, ക്രിസ്മസ് ദിനത്തിലും.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തുള്ള ആരാധനാലയം മുസ്ലിം സൂഫിവര്യനായ പീര്‍ മുഹമ്മദിന്റെ കബറിടമെന്നാണ് വിശ്വാസം. കാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമാണിത്. ക്ഷേത്രഭാരവാഹികളാണ് മേല്‍നോട്ടം. സാധാരണ മുസ്ലിം പള്ളികളിലേതുപോലെ പതിവ് നിസ്‌കാരച്ചടങ്ങുകളില്ലെങ്കിലും പ്രദേശത്തെ മുസ്ലിങ്ങളും മൂന്നാറില്‍ വിനോദസഞ്ചാരികളായെത്തുന്നവരും ഇവിടെ പ്രാര്‍ഥന നടത്താറുണ്ട്.

1760-ലാണ് ഈ കബറിടം സ്ഥാപിച്ചതെന്നാണ് ജെ.ഡി.മണ്‍റോ ഓര്‍മക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അള്ളാകോവിലിനെപ്പറ്റിയുള്ള മറ്റൊരു വിശ്വാസം ഇങ്ങനെ: ഹൈറേഞ്ചില്‍ സുവിശേഷവേലയ്ക്കായി അന്ത്യോഖ്യായില്‍നിന്ന് അഞ്ച് ബാവാമാര്‍ എത്തി. മൂന്നുപേരും പള്ളിവാസലിലെത്തിയപ്പോള്‍ ഒരാള്‍ ക്ഷീണിതനായി. ഇദ്ദേഹം ഇവിടെ വിശ്രമിച്ചു. മറ്റ് രണ്ടുപേര്‍ കോതമംഗലം ഭാഗത്തേക്ക് പോയി. അവശനിലയിലായിരുന്നയാള്‍ പിന്നീട് മരിച്ചു. വേഷവും മറ്റും കണ്ട് ഇദ്ദേഹം മുസ്ലിം ആണെന്ന് നാട്ടുകാര്‍ ധരിച്ചു. അതിനാല്‍, മുസ്ലിം ആചാരപ്രകാരം കബറടക്കി.

മൂന്നുപേരില്‍പ്പെട്ട എല്‍ദോ മാര്‍ ബസേലിയോസ് കോതമംഗലത്തും അബ്ദുള്‍ ജലീല്‍ വടക്കന്‍ പറവൂരില്‍വെച്ചും മരിച്ചു.

കോതമംഗലം ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാളിനോടനുബന്ധിച്ച് മറയൂര്‍ കോവില്‍ക്കടവില്‍നിന്നാരംഭിക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ എല്ലാവര്‍ഷവും അള്ളാകോവിലിലെത്തി ധൂപപ്രാര്‍ഥന നടത്തുന്നു. ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ പെരുന്നാളാണ് കന്നി ഇരുപത്.

മറ്റൊരു വിശ്വാസം തിരുവിതാംകൂറില്‍നിന്ന് കോയമ്പത്തൂര്‍ക്ക് പോയ ഒരു മുസ്ലിം കച്ചവടക്കാരന്‍ യാത്രാമധ്യേ ഇവിടെ മരിച്ചുവെന്നതാണ്. അദ്ദേഹത്തെ ഇവിടെ കബറടക്കിയത്രെ. മദ്രാസ് ആര്‍മിയിലെ ലെഫ്റ്റനന്റായിരുന്ന വാര്‍ഡിന്റെ ഓര്‍മക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് പറയുന്നത്.

വിശ്വാസം എന്തായാലും മതത്തിന്റെയും ജാതിയുടെയും പേരില്‍ യുദ്ധങ്ങളും കൊലപാതകങ്ങളും നടക്കുമ്പോഴും നൂറ്റാണ്ടുകളായി ഈ കബറിടം സൂക്ഷിക്കുന്നതും ദിവസവും വിളക്ക് തെളിക്കുന്നതും ഹൈന്ദവരാണ്.

ക്രിസ്മസ് ദിനത്തില്‍ ഹൈന്ദവരുടെ നേതൃത്വത്തില്‍ 'അള്ളാകോവിലി'ല്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഗാനമേളയും ഉണ്ട്. ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും ഭണ്ഡാരങ്ങളില്‍നിന്ന് ലഭിക്കുന്ന മുഴുവന്‍ പണവും മൂന്നായി വിഭജിച്ച് ഒരു വിഹിതം ആനച്ചാലിലെ കത്തോലിക്കാ ദേവാലയത്തിന് എല്ലാ വര്‍ഷവും മുടങ്ങാതെ നല്‍കുന്നുമുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented