മക്കളേ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീക്ക് പുരുഷനോടൊപ്പം സ്ഥാനം നല്കുന്നതിനെക്കുറിച്ച് ഇന്ന്‌ ലോകമെമ്പാടും ആലോചനകൾ നടന്നുവരുന്നു. ഇതുതന്നെ ഒരു മാറ്റത്തിന്റെ തുടക്കമായിവേണം കാണാൻ. ഇത്തരം ആലോചനകൾപോലുമില്ലാതെ നീണ്ട ഒരു കാലഘട്ടം സ്‌ത്രീ പലതും നിശ്ശബ്ദയായി സഹിക്കേണ്ടിവന്നിട്ടുണ്ട്. പുരോഗമനചിന്തയും വികാസവും പരിഷ്കാരവും ഒക്കെയുണ്ടെന്നു പറയുന്ന രാജ്യങ്ങളിൽപ്പോലും സ്‌ത്രീയോടിന്നും പല കാര്യങ്ങളിലും വിവേചനത്തോടെയാണ്‌ പെരുമാറുന്നത്. 

ഭൂതകാലം പുരുഷമനസ്സുകളിൽ ദുരഭിമാനവും ‘സ്‌ത്രീയേക്കാൾ താൻ വലുത്’ എന്ന അഹങ്കാരവും അരക്കിട്ടുറപ്പിച്ചിട്ടുണ്ടാകാം. എന്നാൽ, സ്‌ത്രീകൾ ചിന്തിക്കുന്നത് മറ്റൊരു തരത്തിലാണ്, ‘ഇത്രയും കാലം പുരുഷന്മാർ ഞങ്ങളെ നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അവരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം.’ ആരാണു വലുത് എന്നു തെളിയിക്കാനുള്ള ഈ മത്സരം സ്‌ത്രീപുരുഷന്മാർ ഉപേക്ഷിക്കണം. പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം, സ്‌ത്രീപുരുഷന്മാരുടെ ജീവിതം പാലമില്ലാതെ വേർപെട്ടുകിടക്കുന്ന രണ്ടു തീരങ്ങളെപ്പോലെയാകും. 

ഒരു വിവാഹം നടക്കുകയാണ്. വിവാഹരജിസ്റ്ററിൽ ഒപ്പുവെച്ച് ബന്ധം നിയമപരമാക്കുന്ന ചടങ്ങാണ് അടുത്തത്. ആദ്യം ഭർത്താവ് ഒപ്പിട്ടു. അടുത്തത് ഭാര്യയുടെ ഊഴമാണ്. അവർ ഒപ്പിട്ടുകഴിഞ്ഞതും ഭർത്താവ് ഉച്ചത്തിൽ പറഞ്ഞു, ‘‘തീർന്നു. ഇതോടെ എല്ലാം തീർന്നു. എനിക്കുടൻ വിവാഹമോചനം വേണം.’’  എല്ലാവരും അമ്പരന്നു. രജിസ്ട്രാർ ചോദിച്ചു, ‘‘നിങ്ങൾ എന്തു വിവരക്കേടാണീ പറയുന്നത്! അതിനിപ്പോൾ ഇവിടെ എന്തു സംഭവിച്ചു?’’ 
വരൻ പറഞ്ഞു, ‘‘എന്തു സംഭവിച്ചെന്നോ? കണ്ണുതുറന്നു നോക്കൂ! ദാ, എന്റെ ഒപ്പു കണ്ടോ? എത്ര ചെറുതും ഒതുങ്ങിയതുമാണത്. ഇവളുടെ ഒപ്പു നോക്കൂ. എന്തൊരു വലുപ്പമാണതിന്! ഒരു പേജു മുഴുവൻ ആരെങ്കിലും ഒപ്പിടുമോ? ഇതിന്റെ അർഥം എനിക്കു മനസ്സിലായി. ജീവിതത്തിലും ഇവൾക്ക് എന്നെ കൊച്ചാക്കണം. അതങ്ങു മനസ്സിലിരിക്കട്ടെ. ചെറുതാകാൻ എന്നെക്കിട്ടില്ല.’’ ഇങ്ങനെ തുടക്കത്തിൽതന്നെ പിഴയ്ക്കുന്ന ചുവടുകളാണ് ഇന്നു സ്‌ത്രീപുരുഷന്മാരുടെയിടയിൽ അധികവും കാണപ്പെടുന്നത്. 

‘ഞങ്ങൾ മുന്നോട്ട്’ എന്നു മാത്രമാണിന്ന്‌ സ്‌ത്രീകൾ ചിന്തിക്കുന്നത്. അവർ മുന്നോട്ടുതന്നെ പോകണം. പക്ഷേ, ഇടയ്ക്കിടയ്ക്കു പിറകോട്ടുമൊന്ന്‌ തിരിഞ്ഞുനോക്കണം. കാരണം, അവരുടെ തൊട്ടുപിന്നാലെ ഒരു കുഞ്ഞുവരുന്നുണ്ട്. കുഞ്ഞിനുവേണ്ടി അല്പം ക്ഷമ അമ്മ കാണിക്കണം. കുഞ്ഞിന് അവളുടെ വയറ്റിൽമാത്രം ഇടംകൊടുത്താൽപ്പോരാ, ഹൃദയത്തിലും ഇടം കൊടുക്കണം. കഴിവുകളും പരിമിതികളും അറിഞ്ഞും അംഗീകരിച്ചും പരസ്പരം തുണയാകാൻ സ്‌ത്രീക്കും പുരുഷനും കഴിയണം. ഓരോരുത്തരും മറ്റേയാളെ വിനയംകൊണ്ടും സ്നേഹംകൊണ്ടും വെല്ലുന്ന രീതിയാണ് ഏറ്റവും ഉത്തമം. സ്‌ത്രീപുരുഷന്മാർ ഒരുപോലെ ഉണർന്നു പ്രവർത്തിച്ചാലേ സ്നേഹവും കാരുണ്യവും ഐശ്വര്യവും നിറഞ്ഞ ഒരു നവയുഗപ്പിറവി സാധ്യമാവുകയുള്ളൂ.