സ്ത്രീപുരുഷ സമത്വവും സ്ത്രീശാക്തീകരണവും ഇന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്, പുരുഷന്മാരെപ്പോലെ തങ്ങള്‍ക്കും സ്വാതന്ത്ര്യം വേണമെന്ന ബോധം ഇന്ന് സ്ത്രീകളില്‍ ശക്തമായിരിക്കുന്നു. കുടുംബിനി മാത്രമായി വീട്ടില്‍ ഒതുങ്ങിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള ഒരേറ്റുമുട്ടലാണ് നാമിന്നു കാണുന്നത്. ഇന്ന് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമുണ്ട്. പുരുഷന്മാരെപ്പോലെ അവരും തൊഴില്‍ചെയ്തു വരുമാനമുണ്ടാക്കുന്നു. സ്വന്തം അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ട്. പെണ്ണുണര്‍ന്നു. പക്ഷേ, ആണുങ്ങള്‍ ഇനിയും ഉണര്‍ന്നിട്ടില്ല. 

അവര്‍ പഴയകാല കണ്ടീഷനിങ്ങില്‍ നില്‍ക്കുകയാണ്. അതിനാല്‍ ബന്ധങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നു. പുരുഷനും സ്ത്രീയും സ്വന്തം അവകാശങ്ങള്‍ക്കുമാത്രം ഊന്നല്‍നല്‍കിയാല്‍ കുടുംബത്തില്‍ സ്‌നേഹവും ഐക്യവും നഷ്ടമാകും. മത്സരവും സംശയവും അതിന്റെ സ്ഥാനത്തു കടന്നുവരും. ഫലമോ, എത്രയോ വിവാഹബന്ധങ്ങള്‍ കല്യാണം കഴിച്ച് ഒന്നുരണ്ടു കൊല്ലംകൊണ്ട് പിരിയുന്നു.
 
പുരുഷന് സ്ത്രീയെക്കാള്‍ ശാരീരിക ബലമുണ്ട്, പലപ്പോഴും കൂടുതല്‍ സാമ്പത്തികശക്തിയുമുണ്ട്. അത് സ്ത്രീയെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കാതെ, അവളെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കണം. കാലത്തിന്റെ മാറ്റത്തെക്കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരാകണം. അവരുടെ അച്ഛനമ്മമാര്‍ ജീവിച്ചപോലെയുള്ള ജീവിതം ഇനി അസാധ്യമാണെന്ന് അംഗീകരിക്കണം. വിട്ടുവീഴ്ചയുടെ പ്രാധാന്യം സ്ത്രീകളും മനസ്സിലാക്കണം. 

ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ ഒരാള്‍ ഭാര്യയോട് പറഞ്ഞു: ''ഭര്‍ത്താവ് എപ്പോഴും ഭാര്യയെക്കാള്‍ ശ്രേഷ്ഠനാണ്. അതുകൊണ്ട് ഭാര്യ ഒരിക്കലും ഭര്‍ത്താവിനൊപ്പം ഇരിക്കരുത്. കേട്ടല്ലോ?'' 
ഭാര്യ പറഞ്ഞു: ''ഓ, മനസ്സിലായി.'' 
ഭര്‍ത്താവ്: ''ഞാന്‍ കസേരയില്‍ ഇരുന്നാല്‍ നീ എവിടെ ഇരിക്കും?'' 
ഭാര്യ: ''ഞാന്‍ സ്റ്റൂളില്‍ ഇരിക്കും.''
ഭര്‍ത്താവ്: ''ഞാന്‍ സ്റ്റൂളില്‍ ഇരുന്നാലോ?''
ഭാര്യ: ''ഞാന്‍ നിലത്ത് പലകയിട്ട് ഇരിക്കും.''
ഭര്‍ത്താവ്: ''ഞാന്‍ പലകയില്‍ ഇരുന്നാലോ?''
ഭാര്യ: ''അപ്പോള്‍ ഞാന്‍ തറയില്‍ ഇരിക്കും.''
ഭര്‍ത്താവ്: ''ഞാന്‍ തറയില്‍ ഇരുന്നാലോ?'' 
ഭാര്യ: ''ഞാന്‍ തറയില്‍ ഒരു കുഴി ഉണ്ടാക്കി അതിലിരിക്കും.'' 
ഭര്‍ത്താവ്: ''ഞാന്‍ കുഴിയില്‍ ഇരുന്നാലോ?'' 
ഭാര്യ: ''അതിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. താഴ്മയ്ക്കും ഒരതിരില്ലേ. ഞാന്‍ നിങ്ങളിരിക്കുന്ന കുഴി മൂടിയിട്ട് അതിനു മുകളിലിരിക്കും.'' 

സ്ത്രീയുടെ ക്ഷേമവും സന്തോഷവും പുരുഷന്റെ ആവശ്യമാണ്. സ്ത്രീയുടെ നഷ്ടം പുരുഷന്റെയും നഷ്ടമാണ്, സമൂഹത്തിന്റെ മുഴുവന്‍ നഷ്ടമാണ്. അതുകൊണ്ട് സ്ത്രീ മുന്നോട്ടുവരുന്നതിന് പുരുഷന്‍ ഒരിക്കലും വിലങ്ങുതടിയാകരുത്. അതല്ല സ്ത്രീയെ അടിച്ചമര്‍ത്തുകയാണെങ്കില്‍ അവള്‍ കാളിയാകും, കുടുംബം യുദ്ധക്കളമായിമാറും. 

പണ്ട് സമൂഹം ഒറ്റയടിപ്പാതപോലെയായിരുന്നു. പുരുഷന്മാര്‍ക്കുമാത്രമേ മുന്നേറാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അവര്‍ സ്ത്രീകള്‍ക്കു വഴിമാറിക്കൊടുത്തില്ല. ഇനിയതു പാടില്ല. ജീവിതം വണ്‍വേ ആകരുത്, ഹൈവേ ആകണം. എല്ലാ രംഗങ്ങളിലും സ്ത്രീപുരുഷന്മാര്‍ കൈകോര്‍ക്കണം. സ്ത്രീകള്‍ക്കു മുന്നോട്ടുവരാന്‍ പുരുഷന്മാര്‍ വഴിയൊരുക്കിക്കൊടുക്കണം. അവര്‍ പരസ്പരം താങ്ങായി, തണലായി മാറണം. അപ്പോള്‍ കുടുംബജീവിതം പൂക്കള്‍ വിടര്‍ന്ന മനോഹരമായ പുന്തോപ്പുപോലെയായിത്തീരും.

Content highlights: women awake, but men are not awake yet, Amrithavachanam