ന്മയും തിന്മയും തമ്മിലുള്ള പോരാട്ടം അനാദിയാണ്. പൗരാണികകാലം  മുതൽക്കേ ‘ദേവാസുര സംഘട്ടനങ്ങൾ’ നടന്നുവരുന്നു. എത്രയോ അവതാര പുരുഷന്മാരും മഹാത്മാക്കളും ലോകനന്മയ്ക്കായി അക്ഷീണം പ്രയത്നിച്ചു. എങ്കിലും വലിയ വ്യത്യാസമൊന്നുമില്ലാതെ യുദ്ധവും സംഘർഷവും ഇന്നും തുടരുന്നു.  ഇതിന് ശാശ്വതപരിഹാരം എന്നെങ്കിലുമുണ്ടാവുമോ? മഹാപുരുഷന്മാർക്കുപോലും ഈ ലോകത്ത് ഒരുമാറ്റവും വരുത്താൻ കഴിയാത്തതെന്തുകൊണ്ടാണെന്ന്‌ ചിലർ ചോദിക്കാറുണ്ട്.

ലോകത്തുകാണുന്ന യുദ്ധവും സംഘർഷവുമെല്ലാം വാസ്തവത്തിൽ   മനുഷ്യമനസ്സിലെ സംഘർഷത്തിന്റെ പ്രകടനങ്ങൾ മാത്രമാണ്. മനസ്സ്  ഒരേസമയം, മനുഷ്യന്റെ ഉറ്റ സുഹൃത്തും ശത്രുവുമാണ്. മനുഷ്യനെ വളർത്താനും  നശിപ്പിക്കാനും മനസ്സിന് കഴിവുണ്ട്. മനുഷ്യമനസ്സിനെ വിവേകപൂർവം   നിയന്ത്രിച്ചാൽ അത്‌ മനുഷ്യരാശിയുടെ ഉന്നമനത്തിന് സഹായകമാകും.   അല്ലെങ്കിൽ, സർവനാശത്തിലേക്ക് നയിക്കും. 

യഥാർഥത്തിൽ മനസ്സ് നമ്മുടെ അനുസരണയുള്ള സേവകനാകണം. എന്നാൽ, ഇന്ന് അത് യജമാനനായിരുന്ന്  നമ്മളെ ഭരിക്കുകയാണ്. മനുഷ്യനെ അഹങ്കാരവും സ്വാർഥതയും  ഭരിക്കുന്നിടത്തോളം യുദ്ധവും സംഘർഷവും ഉണ്ടാകും. ഏറ്റക്കുറച്ചിൽ ഉണ്ടെന്നല്ലാതെ, എല്ലാകാലത്തും അതങ്ങനെയായിരുന്നു.

മഹാപുരുഷന്മാർ മാർഗദർശികളാണ്. സ്വന്തം ജീവിതംതന്നെ ത്യാഗത്തിന്റെയും  കാരുണ്യത്തിന്റെയും ഉത്തമ മാതൃകയാക്കി അവർ ജനങ്ങൾക്ക് പ്രചോദനം നൽകും. പക്ഷേ, അവർ തെളിക്കുന്ന പാതയിലൂടെ സഞ്ചരിക്കാൻ നമ്മൾ  തയ്യാറാകണം. അത്തരം മഹാപുരുഷന്മാരുടെ സാന്നിധ്യവും സത്കർമങ്ങളുമാണ് ലോകത്തെ ഈവിധത്തിലെങ്കിലും നിലനിർത്തിക്കൊണ്ടുപോകുന്നത്. അല്ലെങ്കിൽ കാര്യങ്ങൾ ഇതിലും വഷളാകുമായിരുന്നു.

‘പോലീസും പട്ടാളവും നിയമങ്ങളും ഒക്കെയുണ്ടായിട്ടും എന്തുകാര്യം? അഴിമതിക്കും അക്രമത്തിനും ഒരു കുറവുമില്ല’  എന്നുപറയുന്നവരുണ്ട്. പക്ഷേ, ആ സംവിധാനങ്ങൾ ഉള്ളതുകൊണ്ടാണ് നല്ലൊരു പരിധി വരെ നിയന്ത്രണമുള്ളതെന്നുകൂടി ഓർക്കണം.  

മനുഷ്യന് രാമനും രാവണനും ആകാം. തിന്മയുടെയും നന്മയുടെയും ശക്തികൾ നമ്മുടെയുള്ളിലുണ്ട്. ഏത് എങ്ങനെ ഉപയോഗിക്കണമെന്ന് നമ്മൾ  തീരുമാനിക്കണം. താഴ്ന്നതലങ്ങളിലേക്ക് ഒഴുകുക എന്നതാണ് മനസ്സിന്റെ പൊതുവായ സ്വഭാവം. താഴേക്കൊഴുകുന്ന മനഃശക്തിയെ ഉയർത്താൻ പഠിപ്പിക്കുന്ന വിദ്യയാണ് ആധ്യാത്മികത. 

താഴേക്കൊഴുകുന്ന മനഃശക്തിയുടെ പ്രകടിത ഭാവങ്ങളാണ് കാമം, ക്രോധം, അസൂയ തുടങ്ങിയവ. അതേ ശക്തിയെ മുകളിലേക്കുയർത്താൻ കഴിഞ്ഞാൽ അത് ദിവ്യപ്രേമത്തിന്റെ പവിത്രമായ പരിവർത്തനശക്തിയാകും. നമുക്കുചുറ്റുമുള്ള തിന്മകളിൽനിന്നും നമുക്ക് പാഠങ്ങൾ ഉൾക്കൊള്ളാൻ  സാധിക്കും. മറ്റൊരാൾ ചെയ്യുന്ന തിന്മ കാണുമ്പോൾ നമ്മുടെ ഉള്ളിലെ ബോധം ഉണരണം. നമ്മൾ അതുപോലെയാകരുത് എന്ന പാഠമാണ് അത് നമുക്ക്‌  നൽകുന്നത്. 

ഒരാൾ തെറ്റുചെയ്യുമ്പോൾ നമ്മൾ അതുപോലെയാകരുത് എന്ന പാഠം, ഒരാൾ നല്ലതുചെയ്യുമ്പോൾ നമ്മളും അതുപോലെയാകണമെന്ന പാഠം നമ്മൾ  ഉൾക്കൊള്ളണം. അതിന്‌ നമുക്ക്‌ സാധിച്ചാൽ നമ്മുടെ ജീവിതവും സാമൂഹികജീവിതവും ഒരുപോലെ ശാന്തിനിറഞ്ഞതാകും.