ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ നേരിടുന്നതില്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നമ്മളില്‍ പലരും എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ ചെയ്യുകയാണ് പതിവ്. അതിനുപകരം ഒരല്പം ക്ഷമയും സാവകാശവും പുലര്‍ത്തി വിവേകപൂര്‍വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു പ്രതിസന്ധിയെയും വിജയപൂര്‍വം തരണം ചെയ്യാന്‍ നമുക്കുകഴിയും.

ഒരു ഗ്രാമത്തില്‍ ഒരു മാതൃകാ കുടുംബം ജീവിച്ചിരുന്നു. സ്‌നേഹവും നന്മയും നിറഞ്ഞ അവരുടെ ജീവിതത്തില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ആ ഗ്രാമം മുഴുവന്‍ ശാന്തിയോടും സാമാധാനത്തോടും ജീവിച്ചുപോന്നു. ആ ദമ്പതിമാരുടെ മുപ്പതാം വിവാഹവാര്‍ഷികത്തിന് നാട്ടുകാരെല്ലാം ചേര്‍ന്ന് വിപുലമായരീതിയില്‍ ആഘോഷമൊരുക്കി. ഒരാള്‍ ആ ദമ്പതിമാരോട് ചോദിച്ചു: ''വിവാഹശേഷം നിങ്ങള്‍ തമ്മില്‍ ഒരിക്കല്‍പ്പോലും വഴക്കിട്ടിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. അതിന്റെ രഹസ്യമെന്താണ്?''

ഭാര്യ പറഞ്ഞു: ''അത്ര വലിയ രഹസ്യമൊന്നും ഇതിന്റെ പിന്നിലില്ല. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഞങ്ങളൊരു ഉല്ലാസയാത്രയ്ക്കുപോയി. ഭാണ്ഡങ്ങള്‍ ചുമക്കാന്‍ ഒരു കഴുതയെയും കൂട്ടിയിരുന്നു. ഇടയ്ക്കുവെച്ച് കഴുത കാലിടറിവീണു. എന്റെ ഭര്‍ത്താവിന് അത് ഒട്ടും ഇഷ്ടമായില്ല. അദ്ദേഹം കഴുതയുടെ ചെവിക്കുപിടിച്ചുകൊണ്ടു പറഞ്ഞു: ''ഇത് ആദ്യത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടോ.'' എന്ന്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കഴുത വീണ്ടും വീണു. അദ്ദേഹം അതിന്റെ രണ്ടു ചെവിയിലും മുറുകെപ്പിടിച്ച് അലറി: ''ഇതു രണ്ടാമത്തെ താക്കീതാണ്. നീ സൂക്ഷിക്കണം. കേട്ടോ, കേട്ടാ.'' ഞങ്ങള്‍ വീണ്ടും യാത്രതുടര്‍ന്നു പകുതിവഴി പിന്നിട്ടപ്പോഴേക്കും കഴുത കുഴഞ്ഞുവീണു. ഭര്‍ത്താവിന് ദേഷ്യം ഒട്ടും നിയന്ത്രിക്കാനായില്ല. അദ്ദേഹം തോക്കെടുത്ത് കഴുതയുടെ നേരെ നിറയൊഴിച്ചു. അതു മരിച്ചുവീണു. 

അതുകണ്ട് ഞാന്‍ വിഷമത്തോടെ പറഞ്ഞു: ''അതൊരു തിരിച്ചറിവില്ലാത്ത മൃഗമല്ലേ, അതിനെ കൊന്നതു ശരിയാണോ?'' അതു കേട്ടതും അദ്ദേഹം എന്റെ ചെവിക്കുപിടിച്ചുകൊണ്ട് പറഞ്ഞു. ''ഇത് ആദ്യത്തെ താക്കീതാണ്, നീ സൂക്ഷിക്കണം. കേട്ടോ,  കേട്ടോ.'' എന്ന്. ഞാന്‍ അമ്പരന്നുപോയി. ഇത്ര മുന്‍കോപിയായ ഒരാളുടെകൂടെ എങ്ങനെ ജീവിക്കും. ഏതായാലും അല്പമൊന്ന് ക്ഷമിക്കാനും ശ്രദ്ധയോടെ മുന്നോട്ടുനീങ്ങാനും ഞാന്‍ തീരുമാനിച്ചു. ഭര്‍ത്താവ് മുന്‍കോപിയാണെങ്കിലും സ്‌നേഹവും സേവനതത്പരതയും ഉള്ളവനാണെന്ന് ഞാന്‍ ക്രമേണ മനസ്സിലാക്കി. ഇക്കാലംകൊണ്ട് ഭര്‍ത്താവും എന്നെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. അങ്ങനെ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി സ്‌നേഹത്തോടെയും ഐക്യത്തോടെയും ഇതുവരെയും ജീവിച്ചു.''

ഭര്‍ത്താവിന്റെ മുന്‍കോപത്തിനുമുന്നില്‍ ഭാര്യയ്ക്കും അതുപോലെ പ്രതികരിക്കാമായിരുന്നു. വേണമെങ്കില്‍ അടുത്തദിവസംതന്നെ വിവാഹമോചനത്തിനു ശ്രമിക്കാമായിരുന്നു. എന്നാല്‍, അവര്‍ ക്ഷമയുടെയും വിവേകത്തിന്റെയും മാര്‍ഗമാണ് സ്വീകരിച്ചത്. ഒരാളെയും പെട്ടെന്ന് നമ്മള്‍ വിധിയെഴുതരുത്. ഏവരിലും നന്മയുണ്ട്. അത് തിരിച്ചറിയാന്‍ നമ്മള്‍ ശ്രമിക്കണം. ക്ഷമയും വിട്ടുവീഴ്ചയും സഹകരണവുംകൊണ്ട് മിക്ക പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ നമുക്ക് കഴിയും.

Content Highlights: Value of Forgiveness in life, Amrithavachanam