ശ്വരതത്ത്വം വാക്കിനും മനസ്സിനും അപ്പുറമാണ്. തേനിന്റെ മാധുര്യം വര്‍ണിച്ചുകേള്‍പ്പിച്ചാല്‍ ആര്‍ക്കും അതു മനസ്സിലാവില്ല. എന്നാല്‍, ഒരു തുള്ളി തേന്‍ നാവിലിറ്റിച്ചാല്‍ ആ മാധുര്യം അനുഭവിച്ചറിയാം. അതുപോലെ ഈശ്വരന്‍ മനുഷ്യരൂപം ധരിച്ച് മനുഷ്യന്റെ പരിമിതികള്‍ സ്വയം സ്വീകരിച്ച് നമ്മുടെ ഇടയില്‍ വരുമ്പോള്‍ നമുക്ക് അവിടത്തെ തൊട്ടറിയാന്‍ കഴിയുന്നു. 

ധര്‍മത്തെ പരിപാലിക്കുക, കാലോചിതമായ ധര്‍മത്തെ വ്യക്തമാക്കുക, സമൂഹത്തിന്റെ ആത്മീയ ഉന്നതിക്കുവേണ്ടിയുള്ള ഉപദേശങ്ങള്‍ നല്‍കുക, സംസ്‌കാരത്തെ പോഷിപ്പിക്കുക, ഭക്തര്‍ക്കു ഭജിക്കാന്‍ യോഗ്യമായ ദിവ്യലീലകളാടുക തുടങ്ങിയവയാണ് ഈശ്വരാവതാരത്തിന്റെ ധര്‍മം. ഇതെല്ലാം അതുല്യമായ രീതിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിര്‍വഹിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത പ്രസാദമധുരഭാവം, വൈവിധ്യമാര്‍ന്ന കര്‍മരംഗങ്ങള്‍, ഒന്നിലും ബന്ധിക്കാത്ത നിസ്സംഗത ഇവ അവിടത്തെ ജീവിതത്തിന്റെ പ്രത്യേകതയാണ്. പലപല വേഷങ്ങള്‍ ഭംഗിയായി ആടുന്ന ഒരു നടനെപ്പോലെ ശ്രീകൃഷ്ണന്‍ തന്റെ ലോകജീവിതത്തെ ഒരു നടനവേദിയാക്കി. അനായാസമായി ഓരോ വേഷവും അണിഞ്ഞു. അനായാസമായിത്തന്നെ അവ അഴിച്ചുവെക്കുകയും ചെയ്തു. ഒന്നിലും ബന്ധിച്ചില്ല. എന്നാല്‍, എല്ലാത്തിനെയും മനോഹരമാക്കി.

വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ സ്വതന്ത്രനായിട്ടാണ് ജനനം. പക്ഷേ, ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതുമാടി. എന്നാല്‍, വലിയവര്‍ക്കുപോലും സാധിക്കാത്ത അദ്ഭുതകര്‍മങ്ങള്‍ നിര്‍വഹിച്ചു. പിന്നെ രാജാവായി, ലോകത്തിന്റെ പ്രഭുവായി. എന്നാല്‍, എളിയവരുടെ ഭക്തിക്കു മുന്‍പില്‍ കീഴടങ്ങുന്നവനായി. മഹാഗൃഹസ്ഥനായി. പക്ഷേ, ബ്രഹ്മചാരിയുടെ വിശുദ്ധിയോടെത്തന്നെ ജീവിച്ചു. മഹര്‍ഷിമാരും രാജാക്കന്മാരും അണിനിരന്ന രാജസൂയത്തില്‍ യുധിഷ്ഠിരന്റെ അഗ്രപൂജ ഭഗവാന്‍ സ്വീകരിച്ചു. എന്നാല്‍, അല്പം കഴിഞ്ഞ് അതിഥികളെ പാദം കഴുകി സേവിക്കാനും തയ്യാറായി. 

Krishna
Image Credit- Pixabay 

ചെയ്യുന്ന കര്‍മം എന്തായാലും അതില്‍ പൂര്‍ണമായി മുഴുകുക ഒപ്പം നിസ്സംഗനായിരിക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അര്‍ജുനന്റെ തേരാളിയായി, ഗീത ഉപദേശിച്ചു, വിശ്വരൂപദര്‍ശനം നല്‍കി. എന്നാല്‍, അടുത്ത ക്ഷണംതന്നെ സാധാരണ തേരാളിയുടെ ഭാവത്തില്‍ കുതിരയുടെ പരിചരണത്തില്‍ മുഴുകുന്നതും നമ്മള്‍ കാണുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ ഭഗവാനല്ലാതെ മറ്റാര്‍ക്കു കഴിയും. പുറമേ ഏതുവേഷം ധരിച്ചാലും ഏതൊക്കെ പ്രവൃത്തികളില്‍ മുഴുകിയാലും അകമേ പരിപൂര്‍ണ നിസ്സംഗനായിരുന്നു ഭഗവാന്‍.

ഭഗവാന്റെ ജീവിതത്തിന്റെ സമഗ്രത അവിടത്തെ ഉപദേശങ്ങളിലും കാണാം. ജീവിതത്തിന്റെ ഏതു മേഖലയില്‍പ്പെട്ടവര്‍ക്കും ഭൗതികമായും ആത്മീയമായും പുരോഗമിക്കാനുള്ള വഴികള്‍ അവിടുന്ന് കാട്ടിത്തന്നു. ബന്ധനകാരണമായ കര്‍മത്തെ എങ്ങനെ മോക്ഷത്തിനുള്ള ഉപായമാക്കി മാറ്റാമെന്ന് ഭഗവാന്‍ പഠിപ്പിച്ചു. നിസ്സംഗനായി കര്‍മം ചെയ്യാന്‍ അവിടുന്ന് ഉപദേശിച്ചു. 'ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഈശ്വരനാണ് എന്നിലൂടെ പ്രവര്‍ത്തിക്കുന്നത്' എന്ന സത്യം തിരിച്ചറിയുമ്പോള്‍, നമ്മള്‍ ഈശ്വരന്റെ കൈയിലെ ഉപകരണമായി മാറും. പിന്നെ ഒരു കര്‍മത്തിനും നമ്മളെ ബന്ധിക്കാനാവില്ല. സകല ഭയങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും നമ്മള്‍ മുക്തരാകുകയും ചെയ്യും. ആ സത്യമാണ് ഭഗവാന്‍ നമ്മളെ പഠിപ്പിച്ചത്.

Content Highlights:  Krishna is represented in the Indian traditions in many ways, but with some common features.