മനുഷ്യന്‍ യന്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. പല്ലുതേക്കുന്നതുമുതല്‍ വ്യായാമത്തിനുവരെ യന്ത്രങ്ങളെ ആശ്രയിക്കുന്നു. യന്ത്രങ്ങള്‍ നിശ്ചലമായ ഒരു ദിവസത്തെക്കുറിച്ചു ചിന്തിക്കാന്‍പോലും നമ്മള്‍ അശക്തരാണ്. ഒരു കാര്യം മറക്കരുത്. സാങ്കേതികവിദ്യ നല്ലൊരു സേവകനാണ്. എന്നാല്‍, അപകടകാരിയായ ഒരു യജമാനനാണ്.

മനുഷ്യന്‍ യന്ത്രങ്ങള്‍ക്ക് എത്രമാത്രം അടിപ്പെട്ടുപോകുന്നു എന്നതിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഒരാള്‍ മൊബൈലില്‍ നോക്കിക്കൊണ്ട് നടന്നുനടന്ന് സ്വന്തം ഫ്‌ളാറ്റാണെന്നു ചിന്തിച്ച് മറ്റൊരു ഫ്‌ളാറ്റില്‍ കയറി, അവിടത്തെ സോഫയിലിരുന്നു. അപ്പോഴും അയാള്‍ മൊബൈലില്‍ സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലായിരുന്നു. അവിടത്തെ വീട്ടമ്മ മൊബൈല്‍ ഫോണില്‍ ഫെയ്സ്ബുക്ക് നോക്കിക്കൊണ്ടുതന്നെ ഒരു കപ്പ് ചായ അയാളുടെ മുമ്പില്‍വെച്ചു. തന്റെ ഭര്‍ത്താവാണ് വന്നതെന്ന ധാരണയിലാണ് ചായ വെച്ചത്. അവര്‍ തിരിച്ചുപോയി മൊബൈല്‍ഫോണില്‍ത്തന്നെ മുഴുകിയിരുന്നു. ചായ കൊണ്ടുവന്നത് തന്റെ ഭാര്യയല്ലെന്ന് അയാളും അറിഞ്ഞതേയില്ല. 

ഒരു കൈകൊണ്ട് ചായ എടുത്തുകുടിക്കുമ്പോഴും അയാളുടെ ശ്രദ്ധ മൊബൈല്‍ ഫോണില്‍ തന്നെയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് തന്റെ മൊബൈല്‍ ഫോണില്‍ വാര്‍ത്തകള്‍ നോക്കിക്കൊണ്ട് ആ വീടിന്റെ ഗൃഹനാഥന്‍ അകത്തേക്കു കയറിവന്നു. താന്‍ പതിവായി ഇരിക്കുന്ന സ്ഥലത്ത് മറ്റൊരാളിരിക്കുന്നത് ഇടംകണ്ണില്‍പ്പെട്ട ഉടനെ അയാള്‍ ഉപചാരപൂര്‍വം പറഞ്ഞു: ''ക്ഷമിക്കണം, ഞാന്‍ ഫ്‌ളാറ്റു തെറ്റിക്കയറിയതാണ്.''

യന്ത്രങ്ങള്‍ക്ക് കൊടുക്കുന്ന ശ്രദ്ധയുടെ ഒരംശമെങ്കിലും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ബന്ധങ്ങള്‍ക്ക് എന്ത് അര്‍ഥമാണുള്ളത്? ഇന്നു നമ്മുടെ ബന്ധങ്ങള്‍ ഏറെയും പോക്കറ്റിലൊതുങ്ങുന്ന മൊബൈല്‍ ഫോണിലെ നമ്പറുകള്‍ മാത്രമാണ്. മനുഷ്യനെ മുഖാമുഖം കാണാനുള്ള കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു. ലോകവുമായി നമുക്കുള്ള ബന്ധം യന്ത്രങ്ങള്‍ വഴി മാത്രമാകുമ്പോള്‍ നമ്മുടെ ബോധത്തെ നിര്‍ജീവമായ യന്ത്രത്തിന് പണയപ്പെടുത്തുകയാണു നമ്മള്‍ ചെയ്യുന്നത്. 

യന്ത്രങ്ങളോടുള്ള അടുപ്പം കൂടിയപ്പോള്‍ നമ്മുടെ ജീവിതംതന്നെ യാന്ത്രികമായി. സ്‌നേഹവും സൗഹൃദവും കൂട്ടായ്മയുമൊക്കെ നമ്മുടെ ജീവിതങ്ങളില്‍നിന്ന് ചോര്‍ന്നുപോയിരിക്കുന്നു. 

അയല്‍പക്കക്കാരോടോ ബന്ധുമിത്രാദികളോടോ ഒരു ബന്ധവുമില്ലാതെ ജീവിച്ച ഒരാളുടെ കഥ അടുത്തകാലത്ത് അമ്മ കേള്‍ക്കുകയുണ്ടായി. രണ്ടായിരത്തിലധികം ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ അയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍, അയാളുടെ മരണം അവരിലൊരാളും അറിഞ്ഞതേയില്ല. ആരും അയാളെത്തേടി വന്നതുമില്ല. മരിച്ച് പലദിവസം കഴിഞ്ഞശേഷം അധികാരികള്‍ ആ ശവശരീരം കണ്ടെടുത്ത് സംസ്‌കരിച്ചപ്പോഴും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരാളും ഉണ്ടായിരുന്നില്ല.

ശാസ്ത്രസാങ്കേതികരംഗത്ത് നമ്മള്‍ അസാമാന്യമായ വളര്‍ച്ച കൈവരിക്കുമ്പോള്‍, നമ്മുടെ കണ്ടുപിടിത്തങ്ങളും നമ്മള്‍ സൃഷ്ടിക്കുന്ന യന്ത്രങ്ങളും നമുക്കുതന്നെ ശാപമായിമാറാതിരിക്കാന്‍ നമ്മള്‍ ജാഗ്രതപുലര്‍ത്തണം. 

Content Highlights: Technology is a good servant, but a dangerous master