ഹൃദയങ്ങളുടെ ചേർച്ചയാണ് സമൂഹത്തിന്റെ സൗന്ദര്യം. വീട്ടിലായാലും ജോലിസ്ഥലത്തായാലും സമൂഹത്തിലായാലും മറ്റുള്ളവരുമായി സംവദിക്കുമ്പോൾ നമ്മൾ പലപ്പോഴും ഹൃദയംകൊണ്ട് സംസാരിക്കാറില്ല. നമ്മൾ മീറ്റിങ്ങുകളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ, ഹൃദയങ്ങൾ പരസ്പരം മീറ്റുചെയ്യാറില്ല. അതുകാരണം ചർച്ചകൾ പലപ്പോഴും യാന്ത്രികമായിപ്പോകുന്നു. ആശയവിനിമയം ഫലപ്രദമാകണമെങ്കിൽ ഇരുകൂട്ടർക്കും കാര്യങ്ങൾ വ്യക്തമായി പറയാനും ശ്രദ്ധയോടെ കേൾക്കാനും കഴിയണം. ഇവയിൽ ഒന്നിന്റെ കുറവുണ്ടായാൽപ്പോലും ആശയവിനിമയം ശരിയായ രീതിയിലാവില്ല. അത് തെറ്റിദ്ധാരണകൾക്കും സംഘർഷങ്ങൾക്കും യുദ്ധത്തിനുംവരെ കാരണമാകും.
 ഒരാൾ രാവിലെ പത്രത്തിൽ ഒരു കൗതുകകരമായ വാർത്തകണ്ട് ഭാര്യയോടു പറഞ്ഞു: ‘‘കേട്ടോടീ, ഒരു ദിവസം സ്ത്രീകൾ ശരാശരി മുപ്പതിനായിരം വാക്കുകൾ സംസാരിക്കുന്നു. അതിൽ പകുതിമാത്രമേ പുരുഷന്മാർ സംസാരിക്കുന്നുള്ളൂ എന്നാണ് അടുത്തകാലത്തു നടന്ന ഗവേഷണത്തിൽ തെളിഞ്ഞത്. അതുകൊണ്ടായിരിക്കും. പിതൃഭാഷയെന്നതിനു പകരം മാതൃഭാഷ എന്ന പേര് പ്രചാരത്തിലായത്.’’

ഇതുകേട്ട് ഭാര്യയ്ക്ക് ദേഷ്യംവന്നു: ‘‘നിങ്ങൾ അങ്ങനെയൊന്നും പറയണ്ട. ഞങ്ങൾ ഇരട്ടി സംസാരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെപ്പോലുള്ള പുരുഷന്മാരോട് ഒരേകാര്യം വീണ്ടും വീണ്ടും പറയേണ്ടിവരുന്നതുകൊണ്ടാണ്.’’ പത്രവായനയിൽ ശ്രദ്ധിച്ചിരുന്ന ഭർത്താവ് പെട്ടെന്ന് തലയുയർത്തി ചോദിച്ചു: ‘‘ങേ, ങേ! നീ എന്താ പറഞ്ഞത്? ഒന്നുകൂടി പറ. ഞാൻ കേട്ടില്ല’’. സംഭാഷണമെന്നാൽ ഒരാൾ മാത്രം സംസാരിക്കലല്ല; മറ്റെയാൾക്കും പറയാൻ അവസരം നൽകുകയും പരസ്പരം ഹൃദയംതുറന്നു കേൾക്കുകയും ചെയ്യുമ്പോഴാണ് സംഭാഷണം അർഥവത്താകുന്നത്. ശരിയായി കേൾക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ ശരിയായ മറുപടി നൽകാൻ കഴിയൂ. അപ്പോഴാണ് ഉത്തമമായ ആശയവിനിമയം സാധ്യമാകുന്നത്. അല്ലെങ്കിൽ അത് രണ്ടു ബധിരന്മാർ ഉറക്കെ സംസാരിക്കുന്നതുപോലെയാണ്. മറ്റുള്ളവരെ ഉൾക്കൊള്ളാനും അവരുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും ആദരിക്കാനും തയ്യാറാകണം.

മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചുകേൾക്കണമെങ്കിൽ നമ്മുടെ മനസ്സ് നിശ്ശബ്ദമാകണം. അപ്പോൾ ഒഴിഞ്ഞ പാത്രത്തിൽ പാലൊഴിക്കുമ്പോഴെന്നതുപോലെ നമ്മൾ കേൾക്കുന്ന കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ സാധിക്കും. അല്ലെങ്കിൽ മറ്റെയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽ പൂർണമായി ശ്രദ്ധിക്കാതെ, അടുത്തതായി എന്തു പറയണമെന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. ഒരാൾ സംസാരിക്കുന്നതു നിർത്താൻ കാത്തിരിക്കുകയായിരിക്കും മറ്റെയാൾ. ചിലപ്പോൾ അത്രപോലും ക്ഷമകാണില്ല. മറ്റെയാൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കുതന്നെ ചാടിക്കേറി സംസാരിക്കും. അപ്പോൾ മറ്റെയാൾ പറയുന്നത്‌ നമ്മൾ കേൾക്കില്ലെന്നുമാത്രമല്ല, നമ്മൾ പറയുന്നതുപോലും നമ്മൾ കേൾക്കില്ല. നാവ് ഒരിടത്തും ചെവി മറ്റൊരിടത്തും മനസ്സ്  വേറൊരിടത്തുമായിരിക്കും. മനസ്സ് വർത്തമാനനിമിഷത്തിൽ നിൽക്കുകയും സംസാരവും ശ്രദ്ധയും പരസ്പരപൂരകമാവുകയും ചെയ്താൽ മാതമേ ഹൃദയങ്ങൾ തമ്മിൽ സംവദിക്കുകയുള്ളൂ.