ആധ്യാത്മികത ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ലേ എന്ന്‌  പലരും ചോദിക്കാറുണ്ട്‌. ആധ്യാത്മികത ഒരിക്കലും ഒളിച്ചോട്ടമല്ല. ഒളിച്ചോട്ടം ഭീരുക്കളുടെ മാർഗമാണ്‌. ആധ്യാത്മികത ധീരന്മാരുടെ പാതയാണ്‌. ജീവിതത്തിലെ ഏത്‌ പ്രതിസന്ധിയിലും  തളരാതിരിക്കാനും ഏത്‌ സാഹചര്യത്തിലും സന്തോഷവും സംതൃപ്തിയും നിലനിർത്താനും പഠിപ്പിക്കുന്ന ശാസ്ത്രമാണത്‌. ജീവിതത്തെക്കുറിച്ച്‌ ആഴത്തിൽ മനസ്സിലാക്കാനും ജീവിതത്തോട്‌ ശരിയായ കാഴ്ചപ്പാട്‌ പുലർത്താനും അത്‌ സഹായിക്കുന്നു.

ആധ്യാത്മികതയെന്നാൽ അവനവന്റെ ഉള്ളിലേക്കുള്ള നോട്ടമാണ്‌. താനാരെന്നും ജീവിതം എന്തിനെന്നുമുള്ള അന്വേഷണമാണത്‌. അതിലൂടെ ലോകത്തിന്റെ ലോകവസ്തുക്കളുടെയും സ്വഭാവം തിരിച്ചറിയാൻ കഴിയുന്നു. ലോകവസ്തുക്കളിലാണ്‌ ആനന്ദമെന്ന്‌ നമ്മൾ കരുതുന്നു. അങ്ങനെയാണെങ്കിൽ അവയെ സ്വന്തമാക്കിയാൽപ്പിന്നെ പൂർണമായി തൃപ്തിയടയേണ്ടതല്ലേ. വിമാനവും കപ്പലും കൊട്ടാരവും സ്വന്തമായുള്ള കോടീശ്വരന്മാർപോലും ടെൻഷനും ദുഃഖവും അനുഭവിക്കുന്നത്‌ കാണാം.

ഒരു ഗ്രാമത്തിൽ അടുത്തടുത്തുള്ള രണ്ട്‌ കുടിലുകളിലായി രണ്ട്‌ കുടുംബങ്ങൾ താമസിച്ചിരുന്നു. ഒരു വീട്ടിലെ ഗൃഹനാഥൻ പണം സ്വരൂപിച്ച്‌ നല്ലൊരു വീടുവെച്ചു. അപ്പോൾ അയൽക്കാരൻ, ‘അവന്‌ വീടുണ്ടായല്ലോ, ഞാനിപ്പോഴും കുടിലിലല്ലേ താമസിക്കുന്നത്‌’ എന്നിങ്ങനെ ആലോചിച്ച്‌ വിഷമിച്ചു. പിന്നീട്‌ അയാൾ കഷ്ടപ്പെട്ട്‌ കുറച്ചു പണം സമ്പാദിച്ചു. കുറച്ചു തുക വായ്പയും വാങ്ങി. അങ്ങനെ അയാളും ഒരു വീട്‌വെക്കാനുള്ള ശ്രമം തുടങ്ങി.  പുതിയ വീട്ടിൽ സന്തോഷത്തോടെ താമസിക്കുന്നതിനെക്കുറിച്ച്‌ അയാൾ സദാ കിനാവു കണ്ടുകൊണ്ടിരുന്നു. വീടിന്റെ പണി പൂർത്തിയായപ്പോൾ അയാൾ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടി. ബന്ധുമിത്രാദികളെ വിളിച്ചുവരുത്തി സദ്യനൽകി, സന്തോഷമായി പുതിയ വീട്ടിൽ താമസംതുടങ്ങി. കുറച്ചുമാസം അങ്ങനെ കടന്നുപോയി.

എന്നാൽ, ദുംഖം വീണ്ടും അയാളെ പിടികൂടി. അയാൾ വിഷമിച്ചിരിക്കുന്നത്‌കണ്ട്‌ ‘‘ഇപ്പോൾ നീയെന്തിനാ വിഷമിച്ചിരിക്കുന്നതെന്ന്‌’’ ആരോ ചോദിച്ചു. അയാൾ പറഞ്ഞു: ‘‘അതോ, അയൽക്കാരന്റെ വീട്‌ എയർ കണ്ടീഷൻചെയ്ത്‌, തറയൊക്കെ മാർബിൾ ചെയ്തു.  എന്റെ വീട്‌ കണ്ടോ, ഇതെന്തിനു കൊള്ളാം?’’

നേരത്തേ ഏതു വീട്‌കണ്ട്‌ അയാൾ സന്തോഷിച്ചിരുന്നുവോ, ഇപ്പോൾ അത്‌ കാണുന്നതും അതിൽ താമസിക്കുന്നതും എല്ലാം അയാൾക്ക്‌ ദുഃഖമായിത്തോന്നി. ലോകവസ്തുക്കളിലല്ല ആനന്ദം എന്നാണിത്‌ തെളിയിക്കുന്നത്‌. വാസ്തവത്തിൽ ആനന്ദം നമ്മുടെ മനസ്സിനെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. സംഘർഷങ്ങളടക്കി മനസ്സ്‌ ശാന്തമാകുമ്പോൾ ഒരു പ്രയത്നവും കൂടാതെതന്നെ നമുക്ക്‌ ആനന്ദം അനുഭവിക്കാൻ സാധിക്കും.

സന്തോഷത്തിന്റെ രഹസ്യം എന്തെന്ന്‌ മനസ്സിലാക്കിയാൽ അന്ധമായി ഭൗതികതയുടെ പിന്നാലെ പോവുകയില്ല. ആധ്യാത്മിക ഉൾക്കൊള്ളുമ്പോൾ സഹജീവികളെ തന്നെപ്പോലെ കാണാൻകഴിയുന്നു. തനിക്ക്‌ അത്യാവശ്യമുള്ളതിൽ കവിഞ്ഞുള്ളത്‌ ഇല്ലാത്തവരുമായി പങ്കുവെക്കുന്നു. മറ്റുള്ളവരെ മനസ്സ്‌ തുറന്ന്‌ സ്നേഹിക്കാനും സേവിക്കാനും തയ്യാറാകുന്നു. അങ്ങനെ എന്തിനെയും നേരിടാനുള്ള മനഃശക്തിയും ലോകത്തോടുമുള്ള കാരുണ്യവും ചേരുന്നതാണ്‌ യഥാർഥ ആധ്യാത്മികത.

Content Highlights: Spiritual way is not an escape plan from life  Amrithavachanam