മക്കളേ, ജനമനസ്സുകളെ ഈശ്വരോന്മുഖമാക്കുന്നതിൽ ഉത്സവങ്ങളും സാമൂഹികവ്രതങ്ങളും നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. അനേകംപേർ ഒരുമിച്ചുകൂടി ഈശ്വരനെ സ്മരിക്കുകയും പ്രാർഥിക്കുകയും ചെയ്യുമ്പോൾ അത് നല്ല ചിന്താതരംഗങ്ങളെ സൃഷ്ടിക്കുന്നു. ഒറ്റയ്ക്കുള്ള ഈശ്വരചിന്തയിലൂടെ വിപരീതതരംഗങ്ങളെ ജയിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, കൂട്ടായുള്ള ആരാധനയിലൂടെ അന്തരീക്ഷംതന്നെ ഈശ്വരചിന്തയ്ക്ക് അനുകൂലമായി മാറുന്നു.

ഇതിന്റെ ഫലമായി ജനങ്ങളിൽ ആധ്യാത്മികസംസ്കാരം പുഷ്ടിപ്പെടുന്നു. അല്പദിവസങ്ങളിലെ ഉത്സവത്തിമിർപ്പിന് ഉപരിയായി സ്ഥിരമായ ഈശ്വരചിന്തയുടെയും ആരാധനയുടെയും സംസ്കാരം നമ്മളിൽ ദൃഢമാക്കുക എന്നതാണ് ഉത്സവങ്ങളുടെ യഥാർഥ ലക്ഷ്യം. ഇത്തരത്തിലുള്ള ഒരു പ്രധാന ഉത്സവമാണ് ശിവരാത്രി. അന്യചിന്തകൾ വെടിഞ്ഞ് ഈശ്വരസ്മരണയിൽ മുഴുകാനും മനുഷ്യജന്മത്തിന്റെ ആത്യന്തികലക്ഷ്യം സാക്ഷാത്കരിക്കാനും ശിവരാത്രി നമ്മെ ഓർമിപ്പിക്കുന്നു. 

ശിവരാത്രി ത്യാഗത്തിന്റെയും തപസ്സിന്റെയും ഉത്സവമാണ്. ശിവരാത്രിനാൾ ഉപവാസമനുഷ്ഠിച്ചുകൊണ്ട് രാത്രി ഉറങ്ങാതെ ഭജനമിരിക്കുന്ന പതിവുണ്ട്. ആഹാരവും ഉറക്കവും ത്യജിക്കാൻ സാധാരണഗതിയിൽ ആരും തയ്യാറാവില്ല. എന്നാൽ, സാധാരണക്കാർക്കുപോലും അവരുടെയുള്ളിൽ ഈശ്വരപ്രേമം ഉണർത്തിയെടുക്കാനും ഒരു തപസ്സെന്നനിലയിൽ ആഹാരവും നിദ്രയും വെടിഞ്ഞ് ഈശ്വരഭജനം നടത്താനും പ്രേരണയേകുന്ന ഒരു അവസരമാണ് ശിവരാത്രിനാൾ. 

ഒരിക്കൽ ഗോകുലത്തിലെ ഒരു ഗോപിക സന്ധ്യാസമയത്ത് വിളക്കുകത്തിക്കാൻ തീയെടുക്കാനായി നന്ദഗോപരുടെ വീട്ടിലേക്ക്‌ ചെന്നു. അവിടെച്ചെന്നാൽ ഉണ്ണിക്കണ്ണനെ കാണാനാകും എന്ന ഒരു പ്രതീക്ഷയും അവൾക്കുണ്ടായിരുന്നു. അവൾ നന്ദന്റെ വീട്ടിലെത്തി അവിടത്തെ വിളക്കിലെ തീനാളത്തിന്റെ നേർക്ക് തന്റെ കൈയിലുള്ള ചിരാതിലെ തിരി നീട്ടി. അപ്പോഴാണ് തൊട്ടിലിൽ കിടക്കുന്ന ഉണ്ണിക്കണ്ണന്റെമേൽ അവളുടെ ദൃഷ്ടി പതിഞ്ഞത്. അവളുടെ ശ്രദ്ധ പൂർണമായും കൃഷ്ണനിൽ മാത്രമായി. ചിരാതിനുപകരം സ്വന്തം കൈ വിളക്കിനുനേരേ നീണ്ടുപോയതും തീയിൽ വെന്തുതുടങ്ങിയതും അവൾ അറിഞ്ഞതേയില്ല. 

കുറേനേരമായിട്ടും തീയെടുക്കാൻ പോയ മകളെ കാണാത്തതുകൊണ്ട് ഗോപികയുടെ അമ്മ അവളെത്തേടി നന്ദഗോപരുടെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. തന്റെ മകൾ ചിരാതിനുപകരം സ്വന്തം കൈതന്നെ വിളക്കിലെ നാളത്തിൽപിടിച്ച് സകലതും മറന്ന് കണ്ണനെ നിർന്നിമേഷയായി നോക്കിനിൽക്കുന്നു. മകളുടെ കൈ വെന്തുതുടങ്ങിയതുകണ്ട് ആ അമ്മ ഓടിവന്ന് മകളെ പിടിച്ചുമാറ്റിക്കൊണ്ട് അവളോട് ചോദിച്ചു, ‘‘മോളെ, നീയെന്താണീ ചെയ്യുന്നത്?’’ അപ്പോഴാണ് ഗോപികയ്ക്ക് ബാഹ്യബോധം വീണ്ടുകിട്ടിയത്. കണ്ണന്റെ ദർശനത്തിൽ എല്ലാം മറന്ന് ഭക്തിയുടെ അത്യുന്നതമായ അവസ്ഥയിലായിരുന്ന ആ ഗോപികയ്ക്ക് അല്പംപോലും വേദന അനുഭവപ്പെട്ടിരുന്നില്ല. ശ്രേഷ്ഠമായ ഒരു ലക്ഷ്യത്തോട് നമ്മുടെയുള്ളിൽ പ്രേമമുദിച്ചാൽ ശാരീരികവും മാനസികവുമായ ദൗർബല്യങ്ങളെ അതിജീവിക്കാൻ ആ പ്രേമം നമുക്ക്‌ കരുത്തേകുമെന്ന് ഈ കഥ വ്യക്തമാക്കുന്നു.

ശിവരാത്രിവ്രതത്തിലൂടെ ഈശ്വരപ്രേമം വളർത്താനും ത്യാഗത്തിന്റെയും തപസ്സിന്റെയും ജ്ഞാനത്തിന്റെയും മൂർത്തിയായ പരമശിവന്റെ അനുഗ്രഹത്തിന്‌ പാത്രമാകാനും നമുക്ക്‌ കഴിയട്ടെ.