ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ വളരെയേറെ പുരോഗതി നേടിയെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗ്രഹങ്ങളും ആവശ്യങ്ങളും ദിവസംപ്രതി വര്‍ധിച്ചുവരുന്നു. തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനായി ഏതു വഴിയും സ്വീകരിക്കാന്‍ മനുഷ്യന്‍ മടിക്കുന്നില്ല. തന്റെ പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല.
ഈ സ്വാര്‍ഥത നമ്മളെ വിനാശത്തിലേക്കാണ് നയിക്കുന്നത്. പണ്ടുകാലത്ത് ദൈവഭയവും കര്‍മഫലത്തിലുള്ള വിശ്വാസവുംമൂലം മനുഷ്യര്‍ തെറ്റുകള്‍ ചെയ്യാതെ സ്വയം നിയന്ത്രിച്ചിരുന്നു. ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും അധര്‍മം ചെയ്യാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. നമ്മുടെ പൂര്‍വികര്‍ നമുക്കുകൈമാറിയ വിശ്വാസപ്രമാണങ്ങളും പാരമ്പര്യവുമാണ് തെറ്റായ ചിന്തകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തിയിരുന്ന 'സുരക്ഷാകവചം' എന്ന സത്യം നമ്മള്‍ വിസ്മരിച്ചു.
ഒരു വ്യാപാരി തന്റെ കിണര്‍ ഒരു കൃഷിക്കാരന് വിറ്റു. പണം വാങ്ങിയശേഷം വ്യാപാരി പറഞ്ഞു: ''ഒരു കാര്യമുണ്ട് ഞാന്‍ കിണര്‍ മാത്രമാണ് വിറ്റിട്ടുള്ളത്. അതിലെ വെള്ളം എന്റേതാണ്. അത് എടുക്കാന്‍ പാടില്ല. എടുക്കുകയാണെങ്കില്‍ അതിന്റെ വില എനിക്കു തരേണ്ടിവരും.'' അപ്പോള്‍ കൃഷിക്കാരന്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളോടു പറയാനിരിക്കുകയായിരുന്നു. കിണര്‍ എന്റേതാണല്ലോ, നിങ്ങളുടെ വെള്ളം എന്റെ കിണറ്റില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. സൂക്ഷിക്കണമെങ്കില്‍ നിങ്ങള്‍ ഓരോദിവസവും അതിന് വാടകനല്‍കണം''. ഈ കഥയിലെ വ്യാപാരിയുടേതും കൃഷിക്കാരന്റേതും പോലെയാണ് ഇന്നു പലരുടെയും മനോഭാവം.
സ്വാര്‍ഥത വര്‍ധിച്ചാല്‍ നമുക്കും മറ്റുള്ളവര്‍ക്കും ഒരുപാട് നഷ്ടം സംഭവിക്കും. മറിച്ച് ത്യാഗവും ഉദാരതയുമാണ് സ്വീകരിക്കുന്നതെങ്കില്‍ നമുക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ക്ഷേമമുണ്ടാകും.
സ്വാര്‍ഥത മരണമാണ്. അത് അവനവനെയും സമൂഹത്തെയും നശിപ്പിക്കുന്നു. കുളത്തിലെ വെള്ളം നദിയോടു കൂട്ടുപിടിച്ചാല്‍ അതു ശുദ്ധമാകും. മറിച്ച്, ഓടയോടു ചേര്‍ന്നാല്‍ അത് ഒന്നുകൂടി ചീത്തയാകും. ഞാനെന്നും എന്റേതെന്നുമുള്ള സങ്കുചിതചിന്തയാണ് ഓട. നമ്മളെല്ലാം ഒന്നാണെന്ന വിശാലമനസ്സാണ് നദി. വിശാലചിന്തയിലൂടെ നമുക്കു മനശ്ശാന്തിയും ആനന്ദവും ലഭിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും ഐശ്വര്യവും സമാധാനവും പുലരുന്നു.
ഏറ്റവും കുറച്ച് എടുക്കുക, ഏറ്റവും കൂടുതല്‍ കൊടുക്കുക അതായിരിക്കണം നമ്മുടെ ആദര്‍ശം. അങ്ങനെ ഓരോരുത്തരും വിചാരിച്ചാല്‍ ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു സമൂഹം, ഒരു ലോകം പടുത്തുയര്‍ത്താന്‍ നമുക്കു കഴിയും.
ആധ്യാത്മികചിന്തയിലൂടെ മാത്രമേ സ്വാര്‍ഥമനസ്സിനെ വിശാലമാക്കാന്‍ കഴിയൂ. എല്ലാം ഒരാത്മാവാണ്. എല്ലാവരും ഒരമ്മയുടെ, ജഗന്മാതാവിന്റെ മക്കളാണ്. നമ്മളെല്ലാം ശ്വസിക്കുന്നത് ഒരേ വായുതന്നെയാണ്. ജനിച്ചപ്പോള്‍ എനിക്കു പേരില്ലായിരുന്നു. ജാതിയില്ലായിരുന്നു. ജനിച്ച് എത്രയോ നാളുകള്‍ക്കുശേഷമാണ് പേരും ജാതിയും മതവും മറ്റുമുണ്ടായത്. അതിനാല്‍ അവ തീര്‍ത്ത അതിര്‍വരമ്പുകള്‍ മറികടന്ന് എല്ലാവരെയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുക. അതാണ് നമ്മുടെ കര്‍ത്തവ്യം. അതിലൂടെ മാത്രമേ നമുക്ക് ജീവിതത്തില്‍ യഥാര്‍ഥ ആനന്ദം കണ്ടെത്താന്‍ കഴിയൂ.
Content Highlights: Selfishness is death, which destroys him and society- Amrithavachanam