മക്കളേ, തെറ്റുപറ്റുക മനുഷ്യസഹജമാണ്‌. ജീവിതത്തിൽ തെറ്റുപറ്റാത്തവരോ തെറ്റുചെയ്യാത്തവരോ ആയി ആരുംതന്നെ ഉണ്ടാവില്ല. ചെയ്യരുതാത്തത്‌ ചെയ്യുന്നത്‌ മാത്രമല്ല, ചെയ്യേണ്ടത്‌ ചെയ്യാതിരിക്കുന്നതും തെറ്റുതന്നെയാണ്‌. തെറ്റിനെക്കുറിച്ച്‌  ബോധമില്ലാത്തതുകൊണ്ട്‌ തെറ്റുചെയ്യുന്നവരുണ്ടാകാം. സാഹചര്യത്തിന്റെ സമ്മർദത്തിൽ തെറ്റുചെയ്യുന്നവരുമുണ്ടാകാം. ഏതായാലും തെറ്റുതിരുത്താനുള്ള ആദ്യപടി ചെയ്തതെറ്റ്‌ തിരിച്ചറിയുക എന്നതാണ്‌.
തെറ്റ്‌ ബോധ്യമായാൽ അതിൽ പശ്ചാത്തപിക്കണം. പശ്ചാത്താപംതന്നെ ഒരുതരം പ്രായശ്ചിത്തമാണ്‌. പശ്ചാത്താപത്തിന്റെ കണ്ണുനീരിന്‌ കഴുകിക്കളയാൻ കഴിയാത്ത പാപങ്ങളില്ല. എന്നാൽ, ശരിയേതെന്നറിഞ്ഞുകഴിഞ്ഞാൽ, തെറ്റ്‌ ആവർത്തിക്കാൻ പാടില്ല.  പശ്ചാത്താപം ആത്മാർഥമായിരിക്കണം. മറ്റുള്ളവരെ കാണിക്കാനായിമാത്രം പശ്ചാത്താപം നടിക്കുന്ന ചിലരുണ്ട്‌.

പോക്കറ്റടി ശീലമുള്ള ഒരു പയ്യനുണ്ടായിരുന്നു. മകന്റെ ദുശ്ശീലത്തെക്കുറിച്ച്‌ അമ്മയ്ക്ക്‌  വലിയ വിഷമമായി. അടുത്ത ക്ഷേത്രത്തിലെ പൂജാരിയുടെ അടുത്തുചെന്ന്‌ കുറ്റം ഏറ്റുപറഞ്ഞ്‌ മാപ്പപേക്ഷിക്കാൻ അമ്മ മകനോട്‌ പറഞ്ഞു. ഒരു കച്ചവടക്കാരന്റെ പോക്കറ്റടിച്ച പിറ്റേദിവസം പയ്യൻ പൂജാരിയുടെ അടുത്തുചെന്നുപറഞ്ഞു: ‘‘തിരുമേനി, ഞാൻ ഇന്നലെ ഒരു തെറ്റുചെയ്തു. ഒരു കച്ചവടക്കാരന്റെ പേഴ്‌സ്‌ മോഷ്ടിച്ചു’’. പൂജാരി പറഞ്ഞു: ‘‘നീ ചെയ്തത്‌ വലിയ അപരാധമായിപ്പോയി. ഉടനെതന്നെ കച്ചവടക്കാരനെക്കണ്ട്‌ അയാളുടെ പേഴ്‌സ്‌ തിരികെക്കൊടുക്കൂ’’. പയ്യൻ കച്ചവടക്കാരനെക്കണ്ട്‌ പേഴ്‌സ്‌ തിരികെ നൽകി.  തിരിച്ചുവീട്ടിലെത്തി. അന്നുരാത്രി അമ്മ നോക്കുമ്പോൾ മകൻ കുറേ നോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു. പണം എങ്ങനെ കിട്ടിയെന്ന്‌ അമ്മ ചോദിച്ചപ്പോൾ മകൻ പറഞ്ഞു: ‘‘കുറ്റം ഏറ്റുപറയാൻ ചെന്ന സമയം  പൂജാരിയുടെ അടുത്തുണ്ടായിരുന്ന പെട്ടിയിൽനിന്ന്‌ ഞാൻ അടിച്ചെടുത്തതാണ്.’’ ഈ പയ്യന്റേതുപോലെയാകരുത്‌ പശ്ചാത്താപം. പശ്ചാത്താപം ആത്മാർഥമാകണം.

തെറ്റുതിരിച്ചറിഞ്ഞാൽ അത്‌ തിരുത്താനും പിന്നീടൊരിക്കലും ആവർത്തിക്കാതിരിക്കാനും ദൃഢനിശ്ചയമെടുക്കണം. നമ്മൾ ഓരോ തെറ്റുചെയ്യുമ്പോഴും നമ്മുടെയുള്ളിൽനിന്ന്‌ മനഃസാക്ഷി ‘ഇത്‌ ചെയ്യരുതേ, ചെയ്യരുതേ’ എന്ന്‌ മൃദുവായി മന്ത്രിക്കുന്നുണ്ട്‌. ആ മനഃസാക്ഷിയുടെ ശബ്ദത്തിന്‌ ചെവി കൊടുത്താൽ നമ്മൾ തെറ്റിലേക്ക്‌ പോകില്ല. അറിവില്ലാതെ മനുഷ്യൻ തെറ്റുചെയ്യാറുണ്ട്‌. അത്തരം തെറ്റ്‌ ഈശ്വരൻ ക്ഷമിക്കും. എന്നാൽ, തെറ്റ്‌ ആവർത്തിച്ചുകൊണ്ടിരുന്നാൽ ക്ഷമിക്കില്ല. അതിനാൽ തെറ്റ്‌ ആവർത്തിക്കാതിരിക്കുകതന്നെ വേണം. മനുഷ്യജീവിതംതന്നെ തെറ്റിൽനിന്ന്‌ ശരിയിലേക്കുള്ള ഒരു യാത്രയാണ്‌. തെറ്റുകൾ സംഭവിച്ചെന്നിരിക്കാം. എന്നാൽ, സ്വയം നന്നാകാനുള്ള ഒരു പരിശ്രമം നമ്മുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടിയിരിക്കുന്നു. ഓരോ ചിന്തയും വാക്കും പ്രവൃത്തിയും നന്മനിറഞ്ഞതായിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഒരു നിസ്സാര തെറ്റുപറ്റിയാൽപ്പോലും അതിൽ പശ്ചാത്തപിച്ച്‌, അത്‌ തിരുത്തി മുന്നോട്ടുപോകാൻ കഴിയണം.  അതാണ്‌ അത്യന്തിക വിജയത്തിലേക്കുള്ള വഴി. ശാശ്വതമായ സുഖവും ശാന്തിയും അതിലൂടെയേ ലഭിക്കൂ.