മക്കളേ, ഈശ്വരാരാധനയുടെയും ഈശ്വര സമർപ്പണത്തിന്റെയും സന്ദേശമാണ് നവരാത്രി നൽകുന്നത്. സകല സൗഭാഗ്യങ്ങളും മുക്തിയും ലക്ഷ്യമാക്കി നമ്മൾ നവരാത്രി നാളുകളിൽ ഈശ്വരനെ മാതൃരൂപത്തിൽ ആരാധിക്കുന്നു. ജീവിതത്തിൽ നാമനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ശമിക്കാനും ഐശ്വര്യവും വിജയവും നേടാനും നിരന്തരമായ ഈശ്വരാരാധനയും അനുഷ്ഠാനവും ആവശ്യമാണ്. അതിലേക്കുള്ള ഒരു പടിയാണ് നവരാത്രി പോലുള്ള ആരാധനകൾ. 

ഈ ലോകം ഒരു സൂപ്പർമാർക്കറ്റു പോലെയാണ്. എന്തും ഇവിടെ ലഭിക്കും. എന്നാൽ, ആഗ്രഹിക്കാനും സ്വീകരിക്കാനും യഥാർഥത്തിൽ യോഗ്യമായിട്ടുള്ളത് എന്താണ് എന്ന് നമ്മൾ ആദ്യംതന്നെ മനസ്സിലാക്കിയിരിക്കണം. വാസ്തവത്തിൽ നമുക്കു വരിക്കാൻ യോഗ്യമായത് ഈശ്വരൻ മാത്രമാണ്, ജഗദംബിക മാത്രമാണ്. പരമമായ ആശ്രയവും അഭയവും അവിടന്നു മാത്രമാണ്. നവരാത്രി നാളുകൾ മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള വ്രതകാലമാണ്. ഇതിന് ഒന്നാമതായി വേണ്ടത് ഈശ്വരസ്മരണയാണ്.

ദേവീപൂജ, ലളിതാസഹസ്രനാമാർച്ചന, ദേവീമാഹാത്മ്യപാരായണം, ദേവീഭാഗവതപാരായണം തുടങ്ങിയവയെല്ലാം നവരാത്രി കാലത്ത് ഭക്തന്മാർ അനുഷ്ഠിക്കാറുണ്ട്. അതുപോലെത്തന്നെ പ്രധാനമാണ് ഉപവാസവും. ഉപവസിക്കുക എന്നാൽ, ഈശ്വരനുസമീപം വസിക്കുക, സർവേന്ദ്രിയങ്ങളും ഈശ്വരോത്‌മുഖമാക്കുക എന്നതാണ്. ഒപ്പം ആഹാരനിയന്ത്രണവും വേണം. ആഹാരം പൂർണമായി ഉപേക്ഷിക്കുന്നവരും ഒരു നേരം മാത്രം ആഹാരം കഴിക്കുന്നവരും ഉണ്ട്. കുറഞ്ഞപക്ഷം മത്സ്യമാംസാദികളെങ്കിലും ഉപേക്ഷിക്കണമെന്നാണ് വിധി. 

നമ്മൾ കഴിക്കുന്ന ആഹാരവസ്തുക്കളിൽ നിന്നുമാത്രമല്ല,  ശ്വസിക്കുന്ന വായുവിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും നമുക്ക് ഊർജം ലഭിക്കുന്നുണ്ട്.  സ്ഥൂലമായ ആഹാരം കുറയ്ക്കുമ്പോൾ സൂക്ഷ്മമായ ആഹാരം സ്വീകരിക്കാനുള്ള ശരീരത്തിന്റെയും മനസ്സിന്റെയും കഴിവ് വർധിക്കുകയാണ്. വിവേകപൂർവം ഉപവാസം അനുഷ്ഠിച്ചാൽ  ക്ഷീണവും തളർച്ചയും നമുക്ക് അനുഭവപ്പെടില്ല. മറിച്ച് കൂടുതൽ ഉന്മേഷവും ഏകാഗ്രതയും ശാന്തിയും ലഭിക്കും. 

വ്രതങ്ങൾ മനസ്സിലെ അലകളെ തടഞ്ഞുനിർത്താനുള്ള പ്രായോഗിക പദ്ധതികളാണ്. എത്രകണ്ട് മനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നുവോ അത്രകണ്ട് മനസ്സിന്റെ ശക്തി വർധിക്കുന്നു. ഒരു വള്ളം പണിയണമെങ്കിൽ അതിനുള്ള തടി വേണ്ടവണ്ണം വളഞ്ഞുകിട്ടണം. അതിനായി ചൂടുപിടിപ്പിക്കും. അതുപോലെയാണ് വ്രതങ്ങൾ.  മനസ്സിനെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ വ്രതങ്ങൾ സഹായിക്കുന്നു. മാത്രമല്ല, വ്രതാനുഷ്ഠാനത്തിലൂടെ നമ്മൾ ഉപാസ്യദേവതയുടെ അനുഗ്രഹത്തിനു പാത്രമാകുകയും ചെയ്യും. 

ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്, അവിടത്തെ ശക്തികൊണ്ടാണ് നമ്മൾ ജീവിതത്തിൽ എല്ലാ വിജയങ്ങളും കൈവരിക്കുന്നത്. ആ ബോധം ഉള്ളിലുണരാനും വിജയങ്ങളിൽ മതിമറന്ന് അഹങ്കരിക്കാതിരിക്കാനും നവരാത്രി നമ്മെ പഠിപ്പിക്കുന്നു. ശരിയായ ജ്ഞാനത്തിലൂടെ ശരിയായ പ്രയത്നത്തിലൂടെ നമ്മുടെ ജീവിതവും ധന്യമായി തീരട്ടെ. പരാശക്തി അനുഗ്രഹിക്കട്ടെ.