നുഷ്യബന്ധങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് അമ്മയ്ക്ക് കുഞ്ഞിനോടുള്ള ബന്ധമാണ്. കുഞ്ഞിനെ ഗർഭംധരിക്കുന്ന നിമിഷംമുതലുള്ള അമ്മയുടെ ത്യാഗവും ശ്രദ്ധയും സ്നേഹവും കരുതലുമെല്ലാം അതുല്യമാണ്. അത് അവസാനനിമിഷംവരെ അമ്മ കാത്തുസൂക്ഷിക്കുന്നു. പണത്തിനും പദവിക്കും സുഖഭോഗങ്ങൾക്കും അമിതപ്രാധാന്യം വന്നതോടെ, പ്രായംചെന്ന അച്ഛനമ്മമാരെ അവഗണിക്കുന്നതും പുറതള്ളുന്നതും കൂടിക്കൂടി വരികയാണ്. അമ്മമാരുടെ മൗനനൊമ്പരങ്ങളറിഞ്ഞിട്ടും കണ്ടില്ലെന്നുനടിക്കുന്ന മക്കളെത്രയോ ഉണ്ട്. 

ഒരു വീട്ടിൽ നാലുപേരുണ്ട്: ഭാര്യയും ഭർത്താവും അവരുടെ ചെറിയ മകനും പിന്നെ മുത്തശ്ശിയും. പ്രായംചെന്ന അമ്മയെ ഒരു ഭാരമായിട്ടാണ് ആ ദമ്പതിമാർ കണക്കാക്കിയിരുന്നത്. എന്നാൽ, കൊച്ചുമകന്റെ കാര്യം വ്യത്യസ്തമായിരുന്നു. അച്ഛനും അമ്മയും ഓഫീസിൽ പോയാൽ സ്കൂളിൽ പോകാനുള്ള സമയമാകുന്നതുവരെ മകൻ മുത്തശ്ശിയുമായി കളിച്ചിരിക്കും. സ്കൂളിൽനിന്ന്‌ തിരിച്ചെത്തിയാൽ നേരെ ഓടിയെത്തി മുത്തശ്ശിയുടെ അടുത്തിരിക്കും. പലതരത്തിലുള്ള കളികളും കോമാളിത്തരങ്ങളുമൊക്കെ കാണിച്ച് മുത്തശ്ശിയെ ചിരിപ്പിക്കും, അവനും എല്ലാം മറന്ന് ചിരിക്കും.  എന്നാൽ, കുട്ടി മുത്തശ്ശിയുടെ അടുത്തിരിക്കുന്നതുകണ്ടാൽ അച്ഛനുമമ്മയും അവനെ വഴക്കുപറയും. 

അധ്യാപകദിനത്തിൽ ടീച്ചർക്ക് സമ്മാനിക്കാൻ ഒരു പൂച്ചെണ്ട് വേണമെന്ന് മകൻ പറഞ്ഞു. അച്ഛനും മകനുംകൂടി പൂക്കടയിൽപോയി. പൂച്ചെണ്ട് മേടിച്ചപ്പോൾ മകൻ പറഞ്ഞു, ‘ഒരു റോസാപ്പൂ എനിക്കും മേടിച്ചുതാ.’’ അച്ഛൻ ചോദിച്ചു, ‘‘ അതെന്തിനാടാ.’’ മകൻ പറഞ്ഞു, ‘‘നാളെ മുത്തശ്ശിയുടെ പിറന്നാളാണ്.’’ ‘‘മുത്തശ്ശിക്ക് പൂവൊന്നും കൊടുക്കേണ്ട കാര്യമില്ല. ടീച്ചർ നിന്നെ പഠിപ്പിക്കുന്നതുകൊണ്ടാണ് പൂച്ചെണ്ട് കൊടുക്കുന്നത്.’’  ‘‘അച്ഛാ, ടീച്ചറിൽനിന്ന്‌ ഞാൻ ഒത്തിരി കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. മുത്തശ്ശിയും ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. ടീച്ചറെ ബഹുമാനിക്കണമെന്ന്‌ ഞാൻ പഠിച്ചത്‌ മുത്തശ്ശിയിൽനിന്നാണ്. എന്റെ പൊന്നുമുത്തശ്ശിക്ക്‌ കൊടുക്കാൻ ഒരു പൂവുമേടിച്ചുതാ.’’ ‘‘നീ ചുമ്മാ ഇരിക്കടാ’’ എന്നുപറഞ്ഞ്‌ അച്ഛൻ മകനെ പിടിച്ചുവലിച്ചുകൊണ്ടുപോയി. 

മാസങ്ങൾ കഴിഞ്ഞു. മുത്തശ്ശി മരിച്ചു. അച്ഛൻ വലിയൊരു റീത്തുവാങ്ങി മുത്തശ്ശിയുടെ ശവക്കല്ലറയിൽ െവയ്ക്കുന്നതുകണ്ട് മകൻ ചോദിച്ചു. ‘‘ അച്ഛാ, എന്തിനാ ഈ പൂക്കൾ ഇവിടെ െവയ്ക്കുന്നത്?’’ ‘‘മോനെ, ഇതു മുത്തശ്ശിയോടുള്ള എന്റെ സ്നേഹത്തിന്റെ പ്രതീകമാണ്.’’ മകൻ പറഞ്ഞു, ‘‘ മുത്തശ്ശിക്ക്‌ പിറന്നാൾ ദിവസം കൊടുക്കാനായി ഒരു റോസാപ്പൂ വാങ്ങാൻ കെഞ്ചിപ്പറഞ്ഞിട്ടും അച്ഛൻ കേട്ടില്ലല്ലോ. അന്ന് ആ പൂവ് കൊടുത്തിരുന്നെങ്കിൽ മുത്തശ്ശി എത്ര സന്തോഷിച്ചേനെ. ഇനിയിപ്പോൾ ശവക്കല്ലറയിൽ പൂക്കൾ െവയ്ക്കുന്നതുകൊണ്ടെന്തുകാര്യം?’’

ഈ ലോകത്തിൽ നമുക്ക് ഏറ്റവുമധികം കടപ്പാട് അച്ഛനമ്മമാരോടുതന്നെയാണ്. അവരെ സേവിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായി വേണം കരുതാൻ. അവരോടുള്ള കടപ്പാട് നിറവേറ്റാൻ ഏറ്റവും ഉത്തമനായ പുത്രനോ പുത്രിക്കോ പോലും അസാധ്യമാണ്. എല്ലാ  ഭൗതികസഹായങ്ങൾക്കും ഉപരിയായി അവർ മക്കളിൽനിന്ന് പ്രതീക്ഷിക്കുന്നത് ശുദ്ധമായ സ്നേഹവും സ്നേഹപൂർണമായ പെരുമാറ്റവുമാണ്.