മക്കളേ, മനുഷ്യന് ജീവിതത്തില്‍ ആവശ്യമുള്ള വസ്തുക്കളില്‍ അതിപ്രധാനമായ സ്ഥാനമാണ് പണത്തിനുള്ളത്. ദാരിദ്ര്യം ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും ചെറുതൊന്നുമല്ല. ജീവിതസാധ്യതകളെത്തന്നെ അതു മുരടിപ്പിച്ചുകളയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ധാരാളം പണമുണ്ടെങ്കില്‍ ജീവിതം സന്തോഷപൂര്‍ണമാകും എന്നാരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റി. ധാരാളം പണമുണ്ടായിട്ടും മനസ്സ് നിറയെ അസംതൃപ്തിയും നിരാശയും ഭയവും സംശയവും പിരിമുറുക്കവുമായി കഴിയുന്നവര്‍ എത്രയേറെയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും അമ്മ യാത്ര ചെയ്യാറുണ്ട്. സമ്പന്ന രാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളിലും പോവാറുണ്ട്. ആ അനുഭവം വെച്ചുനോക്കുമ്പോള്‍ സമ്പത്തുള്ള രാജ്യങ്ങളില്‍ ദുഃഖത്തിന് യാതൊരു കുറവും കാണുന്നില്ല.

ഭാരതത്തിന്റെ ജനസംഖ്യയുടെ നാലിലൊന്നുമാത്രമാണ് അമേരിക്കയുടെ ജനസംഖ്യ. പക്ഷേ, ഇവിടുത്തെ മനോരോഗാസ്പത്രികളിലുള്ളതിനേക്കാള്‍ പത്തിരട്ടി ആളുകള്‍ അവിടത്തെ മനോരോഗാസ്പത്രികളില്‍ കാണും. സമ്പന്നരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ടെന്‍ഷനോ വിഷമമോ ഒന്നും ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാണ് ഇത്രയധികം ജനങ്ങള്‍ അവിടെയുള്ള മനോരോഗാസ്പത്രികളില്‍ വന്നുപെട്ടത്?

പണത്തിന് ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ സന്തോഷം വര്‍ധിപ്പിക്കാന്‍ അതിന് കഴിയണമെന്നില്ല എന്നു നമ്മള്‍ തിരിച്ചറിയണം. ധാരാളം കൂട്ടുകാരെ നേടിത്തരാന്‍ പണത്തിനു കഴിയും. എന്നാല്‍ ആത്മാര്‍ഥതയുള്ള ഒരു സ്‌നേഹിതനെപ്പോലും തരാന്‍ പണത്തിനു കഴിയില്ല. വിലയേറിയ ചികിത്സകള്‍ക്ക് പണം ഉപകരിക്കും. പക്ഷേ, ആരോഗ്യം നേടിത്തരാന്‍ അതിനു കഴിയില്ല. സൗകര്യങ്ങള്‍ നിറഞ്ഞ ഒരു വീടു പണിയാന്‍ പണംകൊണ്ട് കഴിയും. എന്നാല്‍ സ്‌നേഹവും വിശ്വാസവും തുടിക്കുന്ന ഒരു കുടുംബത്തെ സൃഷ്ടിക്കാന്‍ അതിനു കഴിയില്ല. കോടിക്കണക്കിനു പണമുണ്ടായിട്ടും മക്കള്‍ പണത്തിനുവേണ്ടി തന്നെ കൊല്ലുമോ എന്നു ഭയന്നു കഴിയുകയാണെങ്കില്‍ ആ സമ്പന്നതയ്ക്ക് എന്ത് അര്‍ഥമാണുള്ളത്?

സ്വത്ത് സമ്പാദിക്കുന്നത് ഒരിക്കലും തെറ്റല്ല, ആധ്യാത്മികതയ്ക്ക് എതിരുമല്ല. എത്ര സ്വത്തുണ്ടായാലും അതിന്റെ സ്ഥാനവും പ്രയോഗവും ശരിക്കു മനസ്സിലാക്കാത്തിടത്തോളം കാലം അതു ദുഃഖം മാത്രമേ തരികയുള്ളൂ എന്ന് തിരിച്ചറിയണം എന്നുമാത്രം. സ്വത്തില്ലാതെ ദരിദ്രരായി ജീവിക്കണമെന്നോ, ഉള്ള സ്വത്തു തള്ളിക്കളയണമെന്നോ എന്നല്ല ഇതിന്റെ അര്‍ഥം. ധാര്‍മികമായ വഴിയില്‍ നമ്മള്‍ പണം സമ്പാദിക്കുകതന്നെ വേണം. എങ്കിലേ കുടുംബജീവിതം ഭദ്രമാകൂ. പക്ഷേ, അധാര്‍മികമായ രീതിയില്‍ പണമുണ്ടാക്കിയാല്‍ അത് നമ്മുടെ മനസ്സമാധാനത്തെക്കൂടി അപഹരിക്കും എന്ന കാര്യം മറക്കരുത്.

ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും സന്തോഷിക്കാനും കഴിയുന്ന ഒരു മനസ്സ് കിട്ടിയാല്‍ കോടിക്കണക്കിനു സ്വത്തുണ്ടാകുന്നതിലും വലിയ സമ്പത്ത് അതാണ്. തനിക്ക് ആവശ്യമുള്ളതുമാത്രം എടുത്ത് ബാക്കി സാധുക്കള്‍ക്കു നല്‍കുന്നവന്‍ ജീവിതസുഖത്തിന്റെ മര്‍മം മനസ്സിലാക്കിയവനാണ്. പണത്തിന്റെ സ്ഥാനവും പരിമിതിയും മനസ്സിലാക്കിയാല്‍ പണം നമ്മുടെ സേവകനാകും, ആനന്ദവും ശാന്തിയും സമ്പത്തായിത്തീരും. അതല്ലെങ്കില്‍ ക്രൂരനായ യജമാനനാകും എന്ന സത്യം മറക്കരുത്.