മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കടുത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് യോഗ നമുക്ക് പ്രതീക്ഷയും സാന്ത്വനവുമാണ്. സയന്‍സിന്റെ കണ്ടുപിടിത്തങ്ങള്‍ കാരണം ഇന്ന് മനുഷ്യന്റെ ശാരീരികമായ അധ്വാനഭാരം വളരെ കുറഞ്ഞു. രോഗങ്ങള്‍ പെരുകി. അതോടൊപ്പംതന്നെ ടെന്‍ഷന്‍ കൊണ്ടും എണ്ണമറ്റ ആഗ്രഹങ്ങള്‍ കൊണ്ടും മനുഷ്യമനസ്സ് അസ്വസ്ഥമാണ്. ഈ സാഹചര്യത്തില്‍ ശാരീരികാരോഗ്യം വീണ്ടെടുക്കാനും ജീവിതത്തോടുള്ള ശരിയായ കാഴ്ചപ്പാടിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും യോഗ നമ്മെ സഹായിക്കുന്നു.

ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ ആരോഗ്യവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ശരീരം അനങ്ങുന്നതനുസരിച്ചു ശരീരത്തിന്റെ ആരോഗ്യം വര്‍ധിക്കും. എന്നാല്‍ മനസ്സ് അനങ്ങാതിരിക്കുന്നതിനനുസരിച്ചാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നത്. എന്നാല്‍, ഇന്നു ശരീരംകൊണ്ടു ചെയ്യേണ്ട ജോലികള്‍ കുറഞ്ഞുവരുകയും മനസ്സിലെ ചിന്തകളും വിഷമങ്ങളും കൂടിവരുകയും ചെയ്യുന്നതായാണ് കാണുന്നത്. ഇത്തരം ജീവിതരീതി ശരീരത്തിനും മനസ്സിനും ഒരുപോലെ ദോഷകരമാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയ മുറകളാണ് യോഗയിലുള്ളത്. പ്രാണായാമവും ആസനങ്ങളും പ്രാണശക്തിയുടെ ശരിയായ ക്രമീകരണത്തിനും മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നു. ധ്യാനം പ്രധാനമായും ചിന്തകളെ കുറയ്ക്കാനും മനസ്സിനെ നിശ്ചലമാക്കാനും ഉദ്ദേശിച്ചുള്ളതാണ്.

നമ്മുടെ മനസ്സും ബുദ്ധിയുമുപയോഗിച്ച് ബാഹ്യലോകത്തെ നിരീക്ഷിക്കാനും പഠിക്കാനും നിയന്ത്രിക്കാനുമുള്ള പരിശീലനമാണ് ചെറുപ്പം മുതല്‍ നമുക്കു ലഭിക്കുന്നത്. ചിന്തകളെ അടക്കി മനസ്സിനെ എങ്ങനെ നിശ്ചലമാക്കാം എന്ന് നമ്മള്‍ പഠിക്കുന്നില്ല. വണ്ടി ഓടിക്കാനറിയാം പക്ഷേ നിര്‍ത്താനറിയില്ല എന്നു പറയുന്നതു പോലെയാണിത്. ഇതു നമ്മളെ അപകടങ്ങളില്‍ കൊണ്ടെത്തിക്കും. വാഹനം ഓടിക്കാന്‍ അറിയുന്നതുപോലെത്തന്നെ പ്രധാനമാണു നിര്‍ത്താനറിയുക എന്നത്. 

ജപ്പാനില്‍ വൃദ്ധമന്ദിരങ്ങളില്‍ പലയിടത്തും അന്തേവാസികളെ കുളിപ്പിക്കാനും മറ്റും യന്ത്രമനുഷ്യരെ ഉപയോഗിക്കുന്നുണ്ടെന്നു കേട്ടിട്ടുണ്ട്. ആളുകളെ കുളിപ്പിക്കുന്ന സമയത്ത് ആ യന്ത്രമനുഷ്യര്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി. ഇതുപോലെയുള്ള ഒരു അപകടസ്ഥിതിയാലാണ് ഇന്നു നമ്മള്‍.

ഒരിക്കല്‍ ഒരു രാജാവ് ഒരു മഹാത്മാവിനോട് ചോദിച്ചു: ''മതം എന്താണെന്ന് ഒറ്റ വാചകത്തില്‍ പറയാമോ?''മഹാത്മാവ് പറഞ്ഞു, 'ഒരു വാചകം വേണ്ട, ഒരൊറ്റ വാക്കില്‍ ഇതിനുത്തരം പറയാം. മതം നിശ്ശബ്ദതയാണ്.'' രാജാവ് ചോദിച്ചു: 'എങ്ങനെയാണ് നിശ്ശബ്ദത നേടാന്‍ സാധിക്കുക?' മഹാത്മാവ് മറുപടി പറഞ്ഞു, 'ധ്യാനത്തിലൂടെ.' രാജാവ് ചോദിച്ചു: 'ധ്യാനം എന്താണ്?' മഹാത്മാവ് പറഞ്ഞു: 'നിശ്ശബ്ദത'. മനസ്സിന്റെ നിശ്ശബ്ദതയാണു ധ്യാനം. 

ശാരീരികചലനങ്ങളെയും മനസ്സിലെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിച്ച് മനുഷ്യന്റെ ബോധമണ്ഡലത്തെ ഉയര്‍ത്താനുള്ള മാര്‍ഗമാണ് യോഗ. യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസം ശരിയായ രീതിയിലായിരിക്കണം. അപ്പോള്‍ അത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്നു. ധ്യാനം ശരിയായ വിശ്രാന്തിയും ഏകാഗ്രതയും പകരുന്നു. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തികളുടെ പൂര്‍ണവികാസം തന്നെയാണ് യോഗയുടെ ലക്ഷ്യം.    

Content Highlights: Meditation and Yoga Amritha vachanam