ർമത്തെ പരിരക്ഷിക്കാനും അധർമത്തെ സംഹരിക്കാനുമാണ്‌ ഈശ്വരൻ മനുഷ്യരൂപത്തിൽ അവതാരമെടുക്കുന്നത്‌ എന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാൽ അതിലുപരിയായി ഈശ്വരാവതാരത്തിന്‌ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്‌. മനുഷ്യഹൃദയങ്ങളിൽ ഈശ്വരപ്രേമത്തെ ഉണർത്തുക  എന്നതാണത്‌. അതുകൊണ്ടാണ്‌ ധർമം, അർഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർഥങ്ങളെക്കൂടാതെ അഞ്ചാമതൊരു പുരുഷാർഥമുണ്ടെന്നും അതു ഭക്തിയാണെന്നും പല ആചാര്യന്മാരും പറഞ്ഞിട്ടുള്ളത്‌.

യഥാർഥ ഭക്തൻ മോക്ഷംപോലും ഇച്ഛിക്കുന്നില്ല. അവന്‌ ഒരേയൊരു ലക്ഷ്യമേയുള്ളൂ. സദാസമയം ഈശ്വരനെ സ്മരിക്കുകയും സേവിക്കുകയും ചെയ്യുക. അതല്ലാതെ മറ്റൊന്നും ഭക്തൻ ഇച്ഛിക്കുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം ഭക്തിക്ക്‌ മറ്റൊരു ലക്ഷ്യവുമില്ല.  ഭക്തിക്കുവേണ്ടിയുള്ള ഭക്തിയിൽ വ്യക്തി ഇല്ലാതാകുന്നു. അതോടെ സമർപ്പണം പൂർണമാകുന്നു. അപ്പോഴും ഈശ്വരപ്രേമം ആസ്വദിക്കാനുള്ള ആഗ്രഹം ഭക്തഹൃദയത്തിൽ അവശേഷിക്കുന്നു. ഭക്തിയുടെ ആനന്ദം നിരന്തരം നുകർന്ന്‌ ഭക്തനും ആനന്ദസ്വരൂപനായിത്തീരുന്നു.

ഒരിക്കൽ ഉദ്ധവൻ ഭഗവാനോടു ചോദിച്ചു: ‘‘എല്ലാ ഭക്തരിലും വെച്ച്‌ അങ്ങയ്ക്ക്‌ ഗോപികമാരോട്‌ പ്രിയമേറും എന്നു ഞാൻ കേട്ടിട്ടുണ്ട്‌. അവിടത്തെ നാമം ശ്രവിച്ചാലുടനെ കണ്ണുനിറയുന്ന മറ്റുള്ള എത്രയോ ഭക്തന്മാരുണ്ട്‌. അവിടത്തെ വേണുനാദം കേട്ടാലുടൻ അവർ ധ്യാനത്തിലാഴും. അവിടത്തെ തിരുവുടലിന്റെ നീലനിറം അകലെയെങ്ങാനും ദർശിച്ചാൽ അവർ പരിസരം മറന്നുപോകും. അവർക്കൊന്നുമില്ലാത്ത എന്തു പ്രത്യേകതയാണ്‌ ഗോപികമാർക്കുള്ളത്‌?’’ 

ഇതുകേട്ട്‌ ഭഗവാൻ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു: ‘‘എന്റെ എല്ലാ ഭക്തന്മാരും എനിക്കു പ്രിയപ്പെട്ടവർ തന്നെയാണ്‌.  പക്ഷേ, ഗോപികമാർക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. മറ്റു ഭക്തന്മാർ എന്റെ നാമം കേൾക്കുമ്പോൾ കണ്ണീർപൊഴിക്കും. എന്നാൽ ഗോപികമാർ ഏതു നാമവും എന്റെ നാമമായി കേൾക്കുന്നു. ഏതു സ്വരവും അവരെ സംബന്ധിച്ചിടത്തോളം കണ്ണന്റെ വേണുപൊഴിക്കുന്ന നാദമാണ്‌. ഏതു നിറവും അവരുടെ കണ്ണിൽ നീലവർണമാണ്‌. നാനാത്വത്തിൽ  ഏകത്വം കാണുവാൻ ഗോപികമാർക്കു കഴിയുന്നു. അതുകൊണ്ടാണ്‌ അവർ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവരായത്‌.

ഭർത്താവിനെ പ്രാണനുതുല്യം സ്നേഹിക്കുന്ന ഒരു സ്ത്രീ ഭർത്താവിന്‌ കത്തെഴുതാനായി പേന കൈയിലെടുക്കുമ്പോൾ തന്റെ പ്രിയതമനെ ഓർക്കുന്നു. പേനയിൽ മഷി നിറയ്ക്കുമ്പോഴും എഴുതാനായി കടലാസ്‌ എടുക്കുമ്പോഴും അവളുടെ മനസ്സിൽ  ഭർത്താവിനെക്കുറിച്ചുള്ള ഓർമകൾ മാത്രം. അതുപോലെ യഥാർഥ ഭക്തൻ പൂജ ചെയ്യാനായി പാത്രമെടുക്കുമ്പോഴും ചന്ദനത്തിരിയും കർപ്പൂരവും പുഷ്പങ്ങളും എടുക്കുമ്പോഴുമെല്ലാം അവന്റെ മനസ്സ്‌ ഈശ്വരനിലായിരിക്കും. ഭക്തിയുടെ പരമകാഷ്ഠയിൽ ഭക്തൻ സൃഷ്ടിയിൽ എങ്ങും സ്രഷ്ടാവിനെ ദർശിക്കുന്നു. 

ഇക്കാരണം കൊണ്ടുതന്നെ ഗോപികമാർക്കു ഭഗവാനിൽനിന്ന്‌ ഭിന്നമായി ഒന്നുംതന്നെ കാണാൻ കഴിഞ്ഞില്ല. വൃന്ദാവനത്തിൽ സകലവും മറന്ന്‌ ആനന്ദനൃത്തമാടി ഉല്ലസിച്ചു ജീവിച്ച കൃഷ്ണന്റെയും ഗോപികമാരുടെയും സ്മരണകൾ നമ്മുടെ ഹൃദയങ്ങളിലും ഭക്തിയും ഉല്ലാസവും ആനന്ദവും നിറയ്ക്കട്ടെ.