മക്കളേ, 

അനവധി നൂറ്റാണ്ടുകളായി എത്രയോ കോടി ജനങ്ങളെ ശ്രീരാമചരിതം ആകർഷിക്കുകയും ഉദ്ധരിക്കുകയും ചെയ്തുവരുന്നു. സാധാരണമനുഷ്യർ പകച്ചുപോകുന്ന ജീവിതസാഹചര്യങ്ങളിൽ അസാധാരണമായ മനഃസാന്നിധ്യവും ധീരതയും പ്രായോഗികബുദ്ധിയും മഹാപുരുഷന്മാർ പ്രകടമാക്കാറുണ്ട്. മാത്രമല്ല, അളവില്ലാത്ത ക്ഷമയും കാരുണ്യവും അവർ വെളിപ്പെടുത്തുന്നു. ശ്രീരാമൻ അത്തരം ഗുണങ്ങൾ പ്രകടമാക്കുന്ന ഒരവസരമാണ് ലക്ഷ്മണോപദേശം.

ദശരഥന്റെ വാക്കുനിറവേറ്റാൻ വനവാസത്തിനു പോകണമെന്നറിഞ്ഞപ്പോൾ പകയോ വിദ്വേഷമോ ലവലേശമില്ലാതെ, പരിപൂർണശാന്തനായി ശ്രീരാമൻ അതിനു തയ്യാറായി. എന്നാൽ, ഈശ്വരതുല്യനായി താൻ കണ്ടാരാധിക്കുന്ന ശ്രീരാമനെ പതിന്നാലുവർഷം വനവാസത്തിനു വിധിച്ച ദശരഥനോടും കൈകേയിയോടും അടങ്ങാത്ത പകയുമായി നിൽക്കുകയാണു ലക്ഷ്മണൻ. ഇതുകണ്ട് ശ്രീരാമൻ പ്രിയപ്പെട്ട അനുജനെ സ്നേഹപൂർവം തലോടി. ആ തലോടൽ ഏറ്റപ്പോൾത്തന്നെ ലക്ഷ്മണൻ കുറച്ചു ശാന്തനായി. പിന്നെയുള്ള ശ്രീരാമന്റെ ഒാരോ വാക്കും സമീപനവും അതിവിദഗ്‌ധനായ ഒരു മനഃശാസ്ത്രജ്ഞനെ അനുസ്മരിപ്പിക്കുന്നവയാണ്. 

ഓരോ വികാരത്തിനും അതിന്റേതായ തരംഗമുണ്ട്. അമ്മയ്ക്ക് കുഞ്ഞിനോടുള്ള വാത്സ ല്യത്തിന് ഒരു പ്രത്യേകതരംഗമാണ്. ദേഷ്യപ്പെട്ടോ, മദ്യപിച്ചോ നിൽക്കുന്ന ഒരു വ്യക്തിയുടെ തരംഗം മറ്റൊന്നാണ്. കാമത്തിന്റെ തരംഗം തികച്ചും വ്യത്യസ്തമാണ്. ശ്രീരാമൻ ചാഞ്ചല്യമില്ലാത്ത ശാന്ത മനസ്സിന്റെ ഉടമയായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ സാമീ പ്യവും സ്പർശനവും ലക്ഷ്മണന്റെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാക്കിയതിൽ അദ്‌ഭുതപ്പെടാനില്ല. 

ആദ്യം തന്നെ ലക്ഷ്മണന് ആത്മീയോപദേശം നൽകുകയല്ല ശ്രീരാമൻ ചെയ്തത്. കോപിച്ചു നിൽക്കുന്ന ഒരാളുടെ മനസ്സിൽ ഒരു ഉപദേശവും കയറില്ലെന്നു രാമന് അറിയാമായിരുന്നു. ആദ്യം അയാളെ ശാന്തനാക്കുകയാണ് വേണ്ടത്. ശാന്തമായ മനസ്സിനു മാത്രമേ കാര്യങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയൂ. രാമൻ അനുജനെ ‘ദശരഥാത്മജാ’ എന്നു വിളിക്കാതെ ‘സൗമിത്രേ’ എന്നാണു വിളിച്ചത്. ജ്യേഷ്ഠനോട് അച്ഛനും കൈകേയിയും കാണിച്ച അനീതിക്കെതിരെ പടവാളെടുത്ത് നിൽക്കുകയാണ് ലക്ഷ്മണൻ. ആ സമയം ദശരഥന്റെ പേരുകേട്ടാൽ ലക്ഷ്മണന്റെ ദേഷ്യം ഇരട്ടിക്കാൻ സാധ്യതയുണ്ട്. വിവേകവും പക്വതയും തികഞ്ഞ ഗുണവതിയായ സ്വന്തം അമ്മയെ ഓർത്താൽ ലക്ഷ്മണന്റെ ദേഷ്യം അടങ്ങിയാലോ എന്നു ചിന്തിച്ചാണ് ‘സൗമിത്രേ’ എന്നു വിളിച്ചത്.

താത്‌കാലികമായ പ്രശ്നം പരിഹരിക്കുക എന്നതു മാത്രമല്ല മഹാത്മാക്കളുടെ ഉദ്ദേശ്യം. താത്‌ കാലിക പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ജീവിതത്തിന്റെ ആത്യന്തികപ്രശ്നങ്ങൾ നേരിടാനുള്ള ശാശ്വതസത്യങ്ങളാണ് അവർ ഉപദേശിക്കുന്നത്. ലക്ഷ്മണോപദേശത്തിലും ഇതുതന്നെയാണ് നമുക്ക് കാണാൻ കഴിയുന്നത്. 

കുരുക്ഷേത്രഭൂമിയിൽ തളർന്ന അർജുനനെ ഉപദേശിക്കുമ്പോൾ ശ്രീകൃഷ്ണഭഗവാൻ കൈക്കൊള്ളുന്നതും ഇതേ മാർഗമാണ്. ലക്ഷ്മണനിലൂടെ അർജുനനിലൂടെ ഈ മഹാപുരു ഷന്മാർ യഥാർഥ ശാന്തിയുടെയും വിജയത്തിന്റെയും മാർഗം മനുഷ്യരാശിക്കു കാട്ടിത്തരുന്നു. 

അമ്മ