നുഷ്യന്റെ അഹങ്കാരമാണ് ഇന്ന് ലോകത്തുകാണുന്ന എല്ലാ ക്രൂരതയ്ക്കും അടിസ്ഥാനം. മനുഷ്യന്‍ അഹങ്കാരത്തില്‍ ജനിക്കുന്നു, അഹങ്കാരത്തില്‍ ജീവിക്കുന്നു, അഹങ്കാരത്തില്‍ മരിക്കുന്നു. അഹങ്കാരത്തില്‍ മരിക്കുന്നു എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, മരണസമയത്തും അവന്‍ അഹങ്കാരത്തെ കൈവിടുന്നില്ല എന്നാണ്.

അഹങ്കാരം രണ്ടുതരത്തിലുണ്ട്. ഒന്ന്, സ്വാര്‍ഥമായ അഹങ്കാരം. രണ്ട്, നിസ്വാര്‍ഥമായ അഹങ്കാരം. കുഞ്ഞ് തെറ്റുചെയ്യുമ്പോള്‍ അമ്മ അതിനെ ശാസിക്കുന്നതും ശിക്ഷിക്കുന്നതും നിസ്വാര്‍ഥമായ അഹങ്കാരത്തിന് ഉദാഹരണമാണ്. ആ ശാസനയിലും ദേഷ്യത്തിലും കുഞ്ഞിന്റെ നന്മമാത്രമാണ് അമ്മ ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ മുമ്പില്‍ അമ്മ കാണിക്കുന്ന അഹങ്കാരം ഒരു മുഖംമൂടിമാത്രമാണ്. ഇത്തരം അഹങ്കാരം കരിഞ്ഞ കയറുപോലെയാണ്. അത് നമ്മളെ ബന്ധിക്കില്ല. ദുഃഖത്തിന് കാരണമാവുകയുമില്ല. 

എന്നാല്‍, സ്വാര്‍ഥതയ്ക്കുവേണ്ടിയുള്ള അഹങ്കാരം നമ്മളെ ബാധിക്കും. സ്വാര്‍ഥതകൊണ്ട് നമ്മള്‍ ഒരാളെ വേദനിപ്പിച്ചാല്‍ അതിന്റെ തിരിച്ചടി തീര്‍ച്ചയായും നമ്മള്‍ നേരിടേണ്ടതായിവരും. ഇത്തരം അഹങ്കാരം നമുക്കും മറ്റുള്ളവര്‍ക്കും ദുഃഖംമാത്രമേ നല്‍കൂ. 

യഥാര്‍ഥത്തില്‍ അഹങ്കാരമെന്നത് എല്ലാ ജീവികള്‍ക്കുമുള്ളതാണ്. ഞാനെന്ന ഭാവം, അഥവാ ഞാനെന്ന അഭിമാനമാണ് അത്. എന്നാല്‍, സ്വന്തം സുഖവും സ്ഥാനവുംമാത്രം ലക്ഷ്യമിടുമ്പോള്‍ അത് അഹന്തയായി വളരുന്നു. അത് പ്രത്യേകിച്ചും ദോഷകരമാണ്. 

ഒരാള്‍ ദിവസവും പ്രഭാതസവാരിക്കിടയില്‍ അടുത്തുള്ള വയലില്‍ ഒരു നോക്കുകുത്തി കാണാറുണ്ടായിരുന്നു. ഈ നോക്കുകുത്തിയെ ഭയപ്പെട്ട് പക്ഷികളും മൃഗങ്ങളുമൊന്നും പാടത്ത് പ്രവേശിച്ചിരുന്നില്ല. ഒരു ദിവസം അയാള്‍ നോക്കുകുത്തിയോടുചോദിച്ചു: 'നിങ്ങള്‍ എത്രയോ നാളായി മഴയത്തും വെയിലത്തും ഏതുസമയവും ഇവിടെ നില്‍ക്കുന്നു. അല്പംപോലും വിശ്രമമില്ല. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വിരസത അനുഭവപ്പെടാറുണ്ടോ?' നോക്കുകുത്തി പറഞ്ഞു: 'ഒട്ടുമില്ല, കാരണം ഈ ജോലി ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.'

അയാള്‍ക്ക് അദ്ഭുതം തോന്നി, 'നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒന്നും ഇവിടെയില്ലല്ലോ. പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഈ ജോലി ആസ്വദിക്കുന്നത്?' നോക്കുകുത്തി പറഞ്ഞു: 'പക്ഷികളും മൃഗങ്ങളും എന്നെക്കണ്ടു ഭയക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നും. അവര്‍ പേടിച്ചകലുമ്പോള്‍ അതെനിക്ക് ആവേശംപകരും. ഇവിടെ ഏറ്റവും ശക്തന്‍ ഞാനാണ്. എല്ലാവരും എന്നെ ഭയപ്പെടുന്നു. ഇതില്‍ കൂടുതല്‍ എന്താണ് എനിക്കുവേണ്ടത്?' നോക്കുകുത്തിയുടെ ഈ മനോഭാവം സ്വാര്‍ഥമായ അഹങ്കാരത്തെ കാണിക്കുന്നു. 

ഈ അഹങ്കാരം നമുക്ക് സുഖംതരുന്നു എന്നുതോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അത് നമുക്ക് ദുഃഖംമാത്രമേ നല്‍കുകയുള്ളൂ. നമ്മിലെ ഈ അഹന്തയെക്കുറിച്ചും അത് സൃഷ്ടിക്കുന്ന വിനാശത്തെക്കുറിച്ചും നമ്മള്‍ ബോധവാന്മാരാകണം. അഗ്‌നിപര്‍വതത്തിനുമുകളില്‍ ശാന്തിയുടെ പുഷ്പം വിരിയില്ല. അഹന്ത അഗ്‌നിപര്‍വതംപോലെയാണ്. അഹന്തയുള്ളിടത്ത് ശാന്തിയുടെ പുഷ്പം വിരിയാന്‍ പ്രയാസമാണ്. അതുകൊണ്ട് അഹന്തയെയായാണ് മറ്റേണ്ടത്. നിരന്തരമായ പരിശ്രമത്തിലൂടെ അഹന്തയുടെ പിടിയില്‍നിന്ന് മുക്തിനേടാന്‍ നമുക്കുസാധിക്കും.

Content Highlights: Man is born, lives and dies in arrogance Amrithavachanam