സനാതനധര്‍മത്തിലെ ഈശ്വരസങ്കല്പങ്ങളില്‍ ഏറ്റവും അധികം ആശ്ചര്യമുളവാക്കുന്ന ഒന്നാണ് പരമശിവന്റേത്. സംഹാരമൂര്‍ത്തിയാണെങ്കിലും മംഗളസ്വരൂപനാണ്. കപാലമേന്തിയ ഭിക്ഷുവാണ്. എന്നാല്‍, കുടുംബനാഥനാണ് ജഗദ്പിതാവാണ്. ശ്മശാനവാസിയാണ്. ദേഹം മുഴുവന്‍ ഭസ്മം ധരിച്ചിരിക്കുന്നു. കൈകളിലും കഴുത്തിലും ഘോരസര്‍പ്പങ്ങളെ അണിഞ്ഞിരിക്കുന്നു.  ചിലപ്പോള്‍ പുലിത്തോല്‍ അണിഞ്ഞും ചിലപ്പോള്‍ ദിഗംബരനായും കാണപ്പെടുന്നു. വേടനായും നായാടിയായും ചണ്ഡാളനായുമൊക്കെ പ്രത്യക്ഷപ്പെടും.

എന്നാല്‍, ജ്ഞാനസ്വരൂപനാണ്. സകലകലകളുടെയും വിദ്യകളുടെയും ഉറവിടമാണ്. ആദിഗുരുവാണ്. മഹാഗൃഹസ്ഥനാണെങ്കിലും ഭിക്ഷുകള്‍ക്കും യോഗികള്‍ക്കും നാഥനാണ്. ലഘുവായ ഉപാസനകൊണ്ടുതന്നെ പ്രീതനാകുന്നവനും ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ഭേദമില്ലാതെ സകലരിലും അനുഗ്രഹം ചൊരിയുന്നവനുമാണ്. ഇങ്ങനെയുള്ള പരമശിവന്റെ ആരാധനയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദിനമാണ് മഹാശിവരാത്രി.

കുംഭമാസത്തിലെ കറുത്ത പക്ഷത്തിലെ ചതുര്‍ദശി നാളിലാണ് ശിവരാത്രി കൊണ്ടാടുന്നത്. ആഘോഷമെന്നതിലുപരി ശിവരാത്രി ഒരു വ്രതമാണ്. രാവും പകലും ഒരുപോലെ നീണ്ടുനില്‍ക്കുന്ന വ്രതം. പൂര്‍ണ ഉപവാസം എടുക്കണം. ദേഹബലമില്ലാത്തവര്‍ക്ക് ഭാഗികമായ ഉപവാസവും ആവാം. രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് പ്രണവമോ പഞ്ചാക്ഷരി മന്ത്രമോ ജപിക്കണം. ക്ഷേത്രങ്ങളില്‍ പാലുകൊണ്ടും തൈരുകൊണ്ടും തേന്‍ കൊണ്ടും നെയ്യുകൊണ്ടും ശിവലിംഗത്തില്‍ അഭിഷേകം നടത്തണം. ഇത്രയുമാണ് പ്രധാന അനുഷ്ഠാനങ്ങള്‍.

ഉപവാസമെന്ന പദത്തിന് ഈശ്വരസമീപം വസിക്കുക അഥവാ ഈശ്വരസ്മരണയോടെ കഴിയുക എന്നാണര്‍ഥം. ആഹാരം വെടിഞ്ഞുള്ള ഉപവാസം ശരീര, മനസ്സുകളെ ശുദ്ധീകരിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ഉറക്കമിളയ്ക്കുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് ബാഹ്യമായ ഉറക്കമിളപ്പ് മാത്രമല്ല. നിത്യവും അനിത്യവും തിരിച്ചറിഞ്ഞ് ജാഗ്രതയോടെ ഈശ്വരസ്മരണ ചെയ്യുക എന്നതു കൂടിയാണ്. ഇത്തരം വ്രതം മനോനിയന്ത്രണം വര്‍ധിപ്പിക്കുന്നു. ശിവപ്രീതിക്കും കാരണമാകുന്നു.

വ്രതത്തിന്റെ ആത്യന്തികഫലം മുക്തിയാണ്. എന്നാല്‍, കന്യകമാര്‍ക്ക് ഭര്‍ത്തൃലാഭവും കുടുംബിനികള്‍ക്ക് ഐശ്വര്യവും ഇതിലൂടെ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാവും പകലും മാറിമാറിവരുന്നതുപോലെ നമ്മള്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. എന്നാല്‍, ജ്ഞാനത്തിലേക്ക് ഉണര്‍ന്നാല്‍ പിന്നെ രാപകല്‍ ഭേദമില്ലാത്ത നിത്യമായ ഉണര്‍വാണ്. നിത്യമായ ആനന്ദമാണ്. അതാണ് ശിവരാത്രി വ്രതത്തിന്റെ ലക്ഷ്യം.

പകല്‍ നമ്മള്‍ നാനാത്വത്തെയാണ് കാണുന്നത്. രാത്രി ഇരുള്‍ കൂടുമ്പോള്‍ ഏകത്വം മാത്രം അവശേഷിക്കുന്നു. എന്നാല്‍, ആ ഏകത്വത്തില്‍ ഉണര്‍ന്നിരിക്കാന്‍ കഴിയണം. അതാണ് ഉറക്കമിളയ്ക്കുന്നതിന്റെ അര്‍ഥം. മനസ്സിനെ നാനാ വസ്തുക്കളോടുമുള്ള ആഗ്രഹങ്ങളില്‍ നിന്നു മുക്തമാക്കി ഈശ്വരനയില്‍ ഏകാഗ്രമാക്കുകയാണ്. ശിവരാത്രി വ്രതത്തിന്റെ ലക്ഷ്യമെന്നും പറയാം.

ശിവരാത്രിയില്‍ ശിവനെ ആരാധിക്കുന്നതോടൊപ്പം അവിടുന്ന് നുമുക്കു നല്‍കുന്ന സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ കൂടി നമുക്കു സാധിക്കട്ടെ. ഭഗവാന്‍ കാണിച്ചുതന്ന ത്യാഗത്തിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ നമുക്കു ശ്രമിക്കാം. തെറ്റില്‍നിന്ന് ശരിയിലേക്കും അധര്‍മത്തില്‍നിന്ന് ധര്‍മത്തിലേക്കും അജ്ഞാനത്തില്‍നിന്ന് ജ്ഞാനത്തിലേക്കും ഗമിക്കാന്‍ ശിവരാത്രി നമുക്കു പ്രചോദനമാകട്ടെ.

ContentHighlights: Maha Shivarathri mind and Soul Amrithavachanam