റ്റുള്ളവരെ മാത്രമല്ല, നമ്മളെത്തന്നെ സ്വയം വെറുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ കഴിയുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ മാനസിക തകർച്ചയും ആത്മഹത്യയും വളരെ കൂടുതലാണ്. മറ്റുള്ളവരെ
സ്നേഹിക്കുന്നതുപോലെ സ്വയം സ്നേഹിക്കുന്നതിന്റെയും പ്രാധാന്യത്തെപ്പറ്റി ലോകത്തിലെ എല്ലാ മതങ്ങളും ഗുരുക്കന്മാരും മനഃശാസ്ത്രജ്ഞരും പഠിപ്പിക്കുന്നു.  

സ്വയം സ്നേഹിക്കുക എന്നുെവച്ചാൽ ശരീരത്തെ സ്നേഹിക്കുക എന്നാണ് പൊതുവേ എല്ലാവരും വിചാരിക്കുന്നത്. നമ്മളിൽ പലരും ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻവേണ്ടി വളരെ സമയവും പണവും ചെലവഴിക്കാറുണ്ട്. രാവിലെ എഴുന്നേറ്റാൽ കണ്ണാടിയുടെ മുമ്പിൽ മണിക്കൂറുകളാണ് ചിലർ ചെലവാക്കുന്നത്. ബ്യൂട്ടി പാർലറിലും ജിമ്മിലും പോയി എത്രയോ സമയവും പണവും ചെലവാക്കുന്നു. കറുത്ത തൊലി വെളുപ്പിക്കാനും വെളുത്ത തൊലി ഇരുണ്ടതാക്കാനും വെളുത്ത മുടി കറുപ്പിക്കാനും കറുത്ത മുടി ചുവപ്പിക്കാനും പച്ചയാക്കാനുമൊക്കെ എത്ര വേണമെങ്കിലും സമയവും പണവും ചെലവാക്കാൻ ചിലർക്ക്‌ മടിയില്ല. അതിനായി ചെലവഴിക്കുന്ന അത്രയും സമയം പാഴാകുന്നു എന്ന് ആരും ചിന്തിക്കാറേയില്ല. പക്ഷേ, മനസ്സിന്റെയും ബുദ്ധിയുടെയും കാര്യത്തിൽ പലരും അത്ര ശ്രദ്ധിക്കുന്നില്ല.

കുറേ നിലകളുള്ള ഒരു സൂപ്പർ മാർക്കറ്റിൽ ആവശ്യത്തിന് ലിഫ്റ്റുകൾ ഉണ്ടായിരുന്നില്ല. അതുകാരണം, ലിഫ്റ്റ് വരാനായി ആളുകൾക്ക് ഏറെസമയം കാത്തുനിൽക്കേണ്ടതായി വന്നു. കാത്തുനിന്ന് മടുത്തിട്ട് അവർ പരാതി പറയാനും ബഹളംകൂട്ടാനും തുടങ്ങി. ഈ പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ അത് വ്യാപാരത്തെ ബാധിക്കുമെന്ന് മാനേജർക്ക് മനസ്സിലായി. ഈ പരാതി ഏതുവിധത്തിൽ പരിഹരിക്കാൻ പറ്റുമെന്ന് അയാൾ ചിന്തിച്ചു. ഒടുവിൽ ഒരു പരിഹാരം കണ്ടെത്തി. ആളുകൾ ലിഫ്റ്റിൽ കയറാൻ കാത്തുനിൽക്കുന്ന സ്ഥലത്തിനുചുറ്റും കണ്ണാടികൾ െവച്ചു.

ലിഫ്റ്റിനകത്ത് ചുമരുകളിലും കണ്ണാടികൾ െവച്ചുപിടിപ്പിച്ചു. അതിനുശേഷം ആരുടെയും പരാതി വന്നില്ല. കാരണം, ലിഫ്റ്റിൽ കയറാനായി കാത്തുനിൽക്കുന്നവർ ആരുംതന്നെ സമയം പോയതറിഞ്ഞില്ല. അവർ അവിടെയിരുന്ന് കണ്ണാടിയിൽ നോക്കി മുടി ചീകുകയും പൗഡറിടുകയും ചുണ്ട് മിനുക്കുകയും കണ്ണെഴുതുകയും ചെയ്തുകൊണ്ടിരുന്നു. ലിഫ്റ്റിനകത്തും അവർ അതുതന്നെ തുടർന്നു. പിന്നെ ആർക്കും സമയം പാഴാകുന്നു എന്ന പരാതിയില്ലാതായി.

ശരീരം വൃത്തിയായും ഭംഗിയായും വെക്കുന്നതുപോലെത്തന്നെ ദുഷ്ചിന്തകളും ദുർവികാരങ്ങളും കടന്നുവരാതെ സ്വന്തം മനസ്സ് വൃത്തിയായി വെക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതുപോലെത്തന്നെ വിവേകപൂർവം ചിന്തിക്കാൻ ബുദ്ധിയെ പരിശീലിപ്പിക്കണം. അതിനുതക്ക അറിവുകൾ ബുദ്ധിക്ക്‌ പകർന്നുനൽകണം. അതിലൂടെ നമ്മുടെ ഉള്ളിലുള്ള ദിവ്യതയെ പ്രകാശിപ്പിക്കുക എന്നതാണ് നമ്മളെ സ്നേഹിക്കുക എന്നുപറയുന്നതിന്റെ ശരിയായ അർഥം.