മക്കളേ, ഈ ലോകത്ത് നമ്മൾ കാണുന്നതൊന്നുംതന്നെ നിത്യമല്ല. സ്വന്തമെന്ന്‌ നമ്മൾ കരുതുന്ന സ്വത്തോ സമ്പത്തോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുംതന്നെ എക്കാലവും നമ്മോടൊപ്പമുണ്ടാവില്ല. ഇതിനർഥം ആരെയും സ്നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്നേഹിക്കണം. എന്നാൽ, സ്നേഹം നിഷ്കാമമായിരിക്കണം. എങ്കിലേ ദുഃഖത്തെ ഒഴിവാക്കാനാവൂ. ഒരാൾക്ക് നാല്‌ ഭാര്യമാരുണ്ടായിരുന്നു. അയാൾ ഏറ്റവുമധികം സ്നേഹിച്ചത് നാലാമത്തെ ഭാര്യയെയായിരുന്നു. അവളുടെ സുഖവും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻ വേണ്ടതെല്ലാം അയാൾ ചെയ്തിരുന്നു. മൂന്നാമത്തെ ഭാര്യയെയും അയാൾ വളരെ സ്നേഹിച്ചിരുന്നു. ഏതുകാര്യവും സാധിക്കാനുള്ള അവളുടെ അസാധാരണമായ കഴിവിൽ അയാൾ അഭിമാനിച്ചിരുന്നു. രണ്ടാമത്തെ ഭാര്യയെ അത്രതന്നെ സ്നേഹിച്ചിരുന്നില്ലെങ്കിലും എല്ലാം തുറന്നുപറഞ്ഞിരുന്നത് അവളോടുമാത്രമായിരുന്നു.

എന്നാൽ, ആദ്യഭാര്യയെമാത്രം അയാൾ തിരിഞ്ഞുനോക്കാറേയില്ല. അങ്ങനെയിരിക്കെ അയാൾക്ക്‌ തീരാവ്യാധി ബാധിച്ചു. ഡോക്ടർ പറഞ്ഞു, ‘‘വൈദ്യശാസ്ത്രത്തിന് നിങ്ങളെ രക്ഷിക്കാനാവില്ല. കുറച്ചുദിവസങ്ങൾമാത്രമേ ഇനി നിങ്ങൾ ജീവിച്ചിരിക്കൂ.’’ അതുകേട്ട് അയാൾ വല്ലാതെ പരിഭ്രമിച്ചു. വീട്ടിലെത്തിയ ഉടനെ നാലാമത്തെ ഭാര്യയോട്‌ ചോദിച്ചു, ‘‘ഞാൻ ഏറ്റവുമധികം സ്നേഹിച്ചത്‌ നിന്നെയാണ്. അധികം താമസിയാതെ ഞാൻ മരിക്കുമെന്ന് ഡോക്ടർ പറയുന്നു. മരണത്തിനപ്പുറവും നീ എന്റെകൂടെ വരുമോ?’’  ‘‘ഇല്ല.’’ 

ആ മറുപടി അയാളെ ഏറെ വേദനിപ്പിച്ചു. അയാൾ മൂന്നാമത്തെ ഭാര്യയോടുചോദിച്ചു, ‘‘എന്റെ മരണത്തിനപ്പുറവും നീ എന്റെകൂടെ വരുമോ?’’ ‘‘ഏയ്, അത്‌ സാധ്യമല്ല. എനിക്കിനിയും ഈ ലോകത്തിൽ ജീവിക്കണം. നിങ്ങൾ മരിച്ചാൽ ഞാൻ മറ്റൊരാളുടേതായിത്തീരും.’’ ദുഃഖിതനായ അയാൾ രണ്ടാമത്തെ ഭാര്യയോട്‌ ചോദിച്ചു, ‘‘ഞാൻ സുഖത്തിലും ദുഃഖത്തിലും ഹൃദയം തുറന്നിരുന്നത് നിന്നോടുമാത്രമായിരുന്നു. എന്റെ മരണത്തിനപ്പുറവും നീ എന്റെ കൂടെവരുമോ?’’ ‘‘ചുടലവരെ ഞാൻ കൂടെവരാം. അതിനപ്പുറം കൂടെവരാൻ എനിക്കാവില്ല’’, അവൾ പറഞ്ഞു. 

അതോടെ അയാളുടെ ദുഃഖം ഇരട്ടിച്ചു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആദ്യഭാര്യ അയാളെ ആശ്വസിപ്പിച്ചു, ‘‘നിങ്ങൾ ഒട്ടും വിഷമിക്കരുത്. തീർച്ചയായും ഞാൻ കൂടെയുണ്ടാകും.’’ അതുകേട്ട് അയാൾക്ക്‌ പശ്ചാത്താപം തോന്നി. അവളെയാണല്ലോ താനിത്രയുംകാലം അവഗണിച്ചത്! ഈ കഥയിലെ നാലാമത്തെ ഭാര്യ നമ്മുടെ ശരീരമാണ്. മരിക്കുന്നതുവരെമാത്രമേ അത്‌ നമ്മുടെ കൂടെയുണ്ടാകൂ. സ്ഥാനമാനങ്ങളും സ്വത്തുക്കളുമാണ് മൂന്നാമത്തെ ഭാര്യ. മരണശേഷം അതെല്ലാം മറ്റാരെങ്കിലും അനുഭവിക്കും. രണ്ടാമത്തെ ഭാര്യ നമ്മുടെ സുഹൃത്തുക്കളാണ്. അവർ ചുടലവരെമാത്രമേ നമ്മുടെ കൂടെയുണ്ടാകൂ. 

ഒന്നാമത്തെ ഭാര്യ നമ്മുടെ ആത്മാവാണ്. ജീവിതത്തിലും മരണത്തിലും അത്‌ കൂടെയുണ്ടാകും. നമ്മളാരും ആത്മാവിനെ സ്മരിക്കാറേയില്ല. എന്നാൽ, ഏറ്റവും പരിഗണന അർഹിക്കുന്നത് അതാണ്. സ്വത്തും സമ്പത്തുമൊന്നും വേണ്ടെന്നല്ല, അവയൊക്കെ ആവശ്യത്തിനുമാത്രമാകട്ടെ; ജീവിക്കാൻവേണ്ടിമാത്രം. ശാശ്വതശാന്തിയുടെ ഉറവിടം ആത്മാവുമാത്രമാണെന്നറിഞ്ഞ് ജീവിതം നയിക്കുമ്പോൾ ദുഃഖം ഒഴിവാക്കാൻ കഴിയും. അമ്മ