പ്രതീക്ഷകളാകുന്ന കണ്ണാടിയിലൂടെയാണ് നമ്മൾ മറ്റുള്ളവരെ കാണുന്നത്. യഥാർഥത്തിൽ അവരെന്താണെന്ന് അറിയാതെ നമ്മൾ അവരിൽ അമിത പ്രതീക്ഷ പുലർത്തുന്നു. ഇലക്‌ട്രിക് വയറിൽ തൊട്ടാൽ ഷോക്കടിക്കും. വൈദ്യുതിയുടെ സ്വഭാവം അതാണെന്ന് നമുക്കറിയാം. അതിനാൽ വൈദ്യുതിയെ നമ്മൾ കുറ്റപ്പെടുത്താറില്ല.

പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോഴും നമ്മൾ അതിനെ അതേപടി സ്വീകരിക്കുകയാണ് പതിവ്. ഹിമാലയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ആരുംതന്നെ ‘‘കൊടുമുടിയുടെ മുകൾഭാഗം കുറച്ച് ഇടത്തോട്ട് മാറിയിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനേ’’ എന്നു പറയാറില്ല. അതിനെ നമ്മൾ ഉള്ളതുപോലെ സ്വീകരിക്കുന്നു. എന്നാൽ, അമിതപ്രതീക്ഷ വരുമ്പോൾ ആ സ്വീകരിക്കൽ മനോഭാവം കൈക്കൊള്ളാൻ നമുക്കു സാധിക്കുന്നില്ല. അമിതപ്രതീക്ഷ എപ്പോഴും നിരാശയ്ക്കു കാരണമാകും. അതുകൊണ്ട് ആദ്യം വേണ്ടത് അമിതപ്രതീക്ഷ ഉപേക്ഷിക്കുക എന്നതാണ്.

ഒരാൾ പച്ചക്കറി വാങ്ങാൻ കടയിൽ ചെന്നപ്പോൾ അവിടെ വിചിത്രമായ ഒരു കാഴ്ച കണ്ടു. ഒരു പട്ടി കടയിലേക്ക് കടന്നുവരുന്നു. അതിന്റെ കഴുത്തിൽ സഞ്ചി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. തക്കാളിവെച്ചിരിക്കുന്ന ചാക്കിനടുത്തു ചെന്ന്‌ പട്ടി അതിൽ ഒരു കാൽ കയറ്റിവെച്ചു. അതുകണ്ട് കടക്കാരൻ ചോദിച്ചു. ‘‘എത്ര കിലോ വേണം?’’ പട്ടി ഒരു പ്രാവശ്യം കുരച്ചു. കടക്കാരൻ ഒരു കിലോ തക്കാളി പട്ടിയുടെ കഴുത്തിലുള്ള സഞ്ചിയിലിട്ടു. പട്ടി ഉരുളക്കിഴങ്ങിരിക്കുന്ന ചാക്കിൽ കാൽ വെച്ച് രണ്ടു പ്രാവശ്യം കുരച്ചു. കടക്കാരൻ രണ്ടു കിലോ ഉരുളക്കിഴങ്ങ് സഞ്ചിയിലിട്ടുകൊടുത്തു. പട്ടി സഞ്ചിയുടെ കീശയിൽ നിന്ന് പഴ്‌സ് കടിച്ചെടുത്ത് കടക്കാരനു നേരെ നീട്ടി. അയാൾ അതിൽ നിന്ന് കണക്കനുസരിച്ചുള്ള പണമെടുത്തശേഷം പഴ്‌സ് തിരികെയിട്ടു. പട്ടി കഴുത്തിൽ സഞ്ചിയുമായി തിരിച്ചുനടന്നു.

ഇത്രയും ബുദ്ധിയുള്ള ഈ പട്ടിയെക്കുറിച്ച് കൂടുതലറിയാനുള്ള ആകാംക്ഷയോടെ അയാൾ പട്ടിയെ പിന്തുടർന്നു. ഒരു വീട്ടുപടിക്കലെത്തിയപ്പോൾ പട്ടി നിന്നു. വീടിന്റെ വാതിലിൽ മാന്തിക്കൊണ്ട്‌ കുരച്ചു തുടങ്ങി കുര കേട്ട്‌ വീട്ടുടമസ്ഥൻ വാതിൽ തുറന്നു. പട്ടിയെ പിന്തുടർന്നു പോയ ആൾ പറഞ്ഞു: ‘‘എത്ര മിടുക്കനായ പട്ടി.’’ വീട്ടുടമസ്ഥൻ പറഞ്ഞു: ‘‘ഹേ, അവന് അത്ര മിടുക്കൊന്നുമില്ല. ഇതു രണ്ടാമത്തെ പ്രാവശ്യമാണ് അവൻ വീടിന്റെ താക്കോലെടുക്കാൻ മറക്കുന്നത്.’’ പട്ടിക്ക് അദ്‌ഭുതകരമായ കഴിവുണ്ടായിട്ടും അമിതപ്രതീക്ഷ കാരണം പട്ടിയുടെ കുറവുകൾ മാത്രമേ അതിന്റെ ഉടമസ്ഥന് കാണാൻ കഴിഞ്ഞുള്ളൂ.

ഇതുപോലെയാണ് നമ്മളും മറ്റുള്ളവരുടെ കഴിവുകൾ കാണാൻ കഴിയാതെ അവരുടെ കുറവുകൾ മാത്രമാണ് നമ്മൾ മിക്കവാറും കാണുന്നത്. അതുകാരണം അവരെ പുച്ഛിക്കാനും വെറുക്കാനും മാത്രമേ നമുക്കു കഴിയുന്നുള്ളൂ. അമിതപ്രതീക്ഷ കൂടാതെ എല്ലാവരെയും അവരവരുടെ തലത്തിൽ ഉൾക്കൊള്ളാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അപ്പോൾ നിരാശയും പരാതിയും വിദ്വേഷവുമില്ലാതെ പരസ്പരം അറിഞ്ഞുസ്നേഹിക്കാനും സഹകരിക്കാനും ജീവിതത്തിൽ ഒരുമിച്ചു മുന്നേറാനും കഴിയും.