ന്ന് സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് ടെന്‍ഷന്‍ അഥവാ മാനസികപിരിമുറുക്കം, നമ്മുടെ സ്വസ്ഥതയും സമയവും ആത്മവിശ്വാസവും അപഹരിക്കുന്ന ചോരനാണ് ടെന്‍ഷന്‍, ടെന്‍ഷന്‍ മനസ്സിനെയും ശരീരത്തെയും ദുര്‍ബലമാക്കും. ടെന്‍ഷന്‍ നീണ്ടുനിന്നാല്‍ ക്രമേണ ശരീരവും മനസ്സും രോഗഗ്രസ്തമാകും, അങ്ങനെ നമ്മുടെ ജീവിതം നമ്മള്‍ സ്വയം നശിപ്പിക്കുന്നു. ടെന്‍ഷന്‍ നമ്മുടെ ശരീരത്തെ കാര്‍ന്നുതിന്നുന്ന വൈറസിനെപ്പോലെയാണ്. വൈറസിനെപ്പോലെ അതു നമ്മളുമായി ബന്ധപ്പെടുന്ന എല്ലാവരിലേക്കും പകരുകയുംചെയ്യും.

പ്രത്യേകിച്ച് ഒരു കാരണമില്ലെങ്കില്‍പോലും എന്തൊക്കെയോ ദുരന്തങ്ങള്‍ വരാന്‍ പോകുന്നു എന്നു ചിന്തിച്ച് ആധി കൊള്ളുന്ന ചിലരുണ്ട്. ഒരു ദിവസം വൈകുന്നേരം ഭര്‍ത്താവ് ഓഫീസില്‍നിന്ന് വീട്ടിലെത്താന്‍ വൈകിയാല്‍ ഭാര്യ ഉടനെ ചിന്തിച്ചു തുടങ്ങും, 'ഓഫീസില്‍നിന്നു വരുന്ന വഴിക്ക് അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ?' അല്ലെങ്കില്‍ 'അദ്ദേഹം ഇടയ്ക്കിടയ്ക്ക് നെഞ്ചു വേദനയുണ്ടെന്നു പറയാറുണ്ടല്ലോ. ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുണ്ടാകുമോ?

ഈ രീതിയില്‍ ഭാവിയില്‍ വരാന്‍ സാധ്യതയുണ്ടെന്നു നമ്മള്‍ കരുതുന്ന പ്രശ്നങ്ങളെക്കുറിച്ചു ചിന്തിച്ച് നമ്മള്‍ എത്രയോ തവണ ആശങ്കപ്പെടുകയും വേവലാതി പ്പെടുകയും ചെയ്തിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം നമ്മുടെ ഭയവും ആശങ്കയും അസ്ഥാനത്തായിരുന്നു എന്ന് ഇപ്പോള്‍ നമുക്കറിയാം. 

പലരും പറയുന്നതുകേള്‍ക്കാം, 'അതോര്‍ത്ത് അത്രയും വിഷമിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു' എന്ന്. അഥവാ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലും അതോര്‍ത്ത് ആധികൊള്ളുന്നതു കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. മാത്രമല്ല എലിയെപ്പോലെയുള്ള പ്രശ്നം മലയെപ്പോലെ വളരുകയുംചെയ്യും.

നമ്മുടെ ഭാവനാശക്തിയെ തെറ്റായി ഉപയോഗിക്കുമ്പോഴാണ് ടെന്‍ഷന്‍ ഉണ്ടാകുന്നത്. താക്കോല്‍ ഇടത്തോട്ടു തിരിച്ച് താഴ് തുറക്കാന്‍ ശ്രമിക്കുന്നതുപോലെയാണിത്. താക്കോല്‍ തെറ്റായ ദിശയില്‍ തിരിച്ചാല്‍ താഴ് തുറക്കില്ല. എന്നിട്ട് നമ്മള്‍ വിഷമത്തോടെ പറയും, 'ഓ, ഈ താഴ് തുറക്കാനാകുന്നില്ലല്ലോ' എന്ന്.

അടുക്കളയില്‍ പാല്‍ തിളച്ച് പൊങ്ങിവരുമ്പോള്‍ പാല്‍ തൂകിപ്പോകാതിരിക്കാന്‍ നമ്മള്‍ വെള്ളമൊഴിച്ചു കൊടുക്കാറുണ്ട്. കുറച്ചുനേരത്തേയ്ക്ക് പാല്‍ തൂകിപ്പോകാ തിരിക്കാന്‍ അതു മതിയാകും. എന്നാല്‍ തീ അണയ്ക്കുകയാണ് അതിനുള്ള ശരിയായ പരിഹാരം. അതുപോലെ മൂലകാരണം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്കു ശമനമുണ്ടാകൂ. വിശന്നു കരയുന്ന കുഞ്ഞിന് കളിപ്പാട്ടം നല്കിയാല്‍ കുഞ്ഞ് കുറച്ചുനേരത്തേക്ക് കരയാതിരിക്കും. അല്പം കഴിഞ്ഞ് കുഞ്ഞ് കളിപ്പാട്ടം വലിച്ചെറിഞ്ഞ് കരഞ്ഞുതുടങ്ങും. കരച്ചിലിന്റെ കാരണം കണ്ടറിഞ്ഞ് കുഞ്ഞിന് പാലോ ആഹാരമോ നല്കിയാലേ കുഞ്ഞിന്റെ കരച്ചില്‍ അടങ്ങുകയുള്ളൂ.

സാഹചര്യങ്ങളെ വിലയിരുത്താനും പ്രശ്നങ്ങളെ പരിഹരിക്കാനുമുള്ള കഴിവ് ഈശ്വരന്‍ നമുക്കെല്ലാം നല്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ കഴിവുപയോഗിച്ച് നമ്മള്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഭാവന ചെയ്ത് ആധി കൊള്ളുകയാണ്. ഏതു സാഹചര്യത്തിലും മനഃസാന്നിദ്ധ്യവും ആത്മവിശ്വാസവും നിലനിര്‍ത്തിയാല്‍ പ്രശ്നപരിഹാരം എളുപ്പമാകും.

Content Highlights: how to relieve tension Amrithavachanam