മക്കളേ, ഇന്ന് മനുഷ്യൻ ഒരിറ്റു ശാന്തിക്കുവേണ്ടി സദാ പരക്കം പായുകയാണ്. ബാഹ്യലോകത്തെ സ്വർഗമാക്കാൻ നമ്മൾ പാടുപെടുകയാണ്. എന്നാൽ, നമ്മുടെ ആന്തരികലോകം നരകതുല്യമായി തീർന്നിരിക്കുന്നതു നാമറിയുന്നില്ല. ഇന്നത്തെ ലോകത്തിൽ സുഖഭോഗവസ്തുക്കൾക്കു ഒരു ക്ഷാമവുമില്ല. എയർകണ്ടീഷൻഡ് മുറികളും കാറുകളും എല്ലാം ആവശ്യത്തിലേറെയുണ്ട്. എന്നിട്ടും മനസ്സമാധാനമില്ല. അത്തരം മുറികളിൽ കിടന്നിട്ടും ഉറക്കംകിട്ടാതെ എത്രയോ പേർ ഉറക്കഗുളിക കഴിക്കുന്നു. മനഃസംഘർഷം സഹിക്കാനാവാതെ എത്രയോപേർ ആത്മഹത്യ ചെയ്യുന്നു.

സുഖവും സന്തോഷവും ബാഹ്യവസ്തുക്കളിലായിരുന്നെങ്കിൽ ആഡംബരജീവിതത്തിൽനിന്ന് അവ കിട്ടിയേനെ. എന്നാൽ, അങ്ങനെയല്ല കണ്ടുവരുന്നത്. കാറുകളും മുറികളും എയർകണ്ടീഷൻ ചെയ്യാൻ വ്യഗ്രത കാട്ടുന്നവർ ആദ്യം തങ്ങളുടെ മനസ്സിനെ എയർകണ്ടീഷൻ ചെയ്യാൻ പഠിച്ചിരുന്നെങ്കിൽ! അതുമാത്രമാണു യഥാർഥ ആനന്ദത്തിലേക്കുള്ള വഴി. മനസ്സിനെ എയർകണ്ടീഷൻ ചെയ്യാൻ പഠിപ്പിക്കുന്ന വിദ്യയാണ് ആധ്യാത്മികവിദ്യ. അതു മനസ്സിന്റെ വിദ്യയാണ്. അതാണ്‌ യഥാർഥ വിദ്യ.

ഒരിക്കൽ ഒരു ആശ്രമത്തിൽ പുതുതായി എത്തിയ  സന്ദർശകൻ ഗുരുവിനോടു ചോദിച്ചു, ‘‘സ്വർഗവും നരകവും വാസ്തവത്തിൽ ഉണ്ടോ?’’ ഗുരു ചോദിച്ചു, ‘‘നിങ്ങളാരാണ്?’’   ‘‘ഞാൻ ഒരു പടയാളിയാണ്,’’ അയാൾ അഭിമാനത്തോടെ പറഞ്ഞു.  അതുകേട്ട് ഗുരു പറഞ്ഞു, ‘‘ഈ ചോദ്യം ചോദിക്കാൻ നിങ്ങളെപ്പോലെ ക്രൂരനും മൃഗതുല്യനുമായ ഒരാൾക്ക് എന്തു യോഗ്യതയാണുള്ളത്? സമയം പാഴാക്കാതെ തിരിച്ചുപോകൂ’’ 

പടയാളിക്ക് ഈ അപമാനം സഹിക്കാനായില്ല. കോപാകുലനായ അയാൾ വാളോങ്ങി ഗുരുവിനെ വധിക്കാൻ തുനിഞ്ഞപ്പോൾ ഗുരു പറഞ്ഞു, ‘‘നിന്റെയുള്ളിൽ ക്രോധം നിറഞ്ഞല്ലോ. നീ ഇപ്പോൾ നരകത്തിലാണ്.’’ അതു കേട്ടതും പടയാളിയുടെ മനസ്സിൽ പശ്ചാത്താപം നിറഞ്ഞു. ഗുരുവിന്റെ ജ്ഞാനത്തിനു മുൻപിൽ അയാളുടെ ക്രോധം അലിഞ്ഞില്ലാതായി. വാൾ ഉറയിലേക്കിട്ട് അയാൾ വിനയപൂർവം ഗുരുവിനെ വണങ്ങി. ഗുരു പറഞ്ഞു, ‘‘ഇപ്പോൾ നീ സ്വർഗത്തിലാണ്’’

സ്വർഗവും നരകവും നമ്മുടെതന്നെ സൃഷ്ടികളാണ്. മനസ്സ് ശാന്തമാണെങ്കിൽ ഏറ്റവും ഘോരമായ നരകവും സ്വർഗമായിത്തീരും. മനസ്സ് അശാന്തമാണെങ്കിൽ ഏറ്റവും ഉയർന്ന സ്വർഗവും നരകതുല്യമായിതോന്നും. ശാന്തിയും സമാധാനവും സന്തോഷവുമെല്ലാം അവനവന്റെ മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. അതിനാൽ മനസ്സിനെ നിയന്ത്രിക്കാനാണ് നമ്മൾ പഠിക്കേണ്ടത്. അതറിഞ്ഞവന് പിന്നെ ദുഃഖിക്കേണ്ടിവരില്ല. ആനന്ദം, ആനന്ദം, ആനന്ദം മാത്രം.

ശാശ്വതമായ ആനന്ദത്തെയാണു മോക്ഷമെന്നു പറയുന്നത്. അതു സ്വർഗനരകങ്ങൾക്ക് അതീതമാണ്. അതു ഭൂമിയിൽത്തന്നെയാകാം. ‘ജനനവും മരണവുമുള്ള ശരീരമല്ല, അനശ്വരനായ ആത്മാവാണു താൻ’ എന്നറിഞ്ഞവർ എപ്പോഴും ആനന്ദിക്കുന്നു. സകലതും ഈശ്വരമയമായി കാണുന്ന അവർ ധീരന്മാരാണ്. നല്ലതുമാത്രം പ്രവർത്തിക്കുന്ന അവർ മരണത്തെപ്പോലും ഭയക്കുന്നില്ല. അവരെ ഒന്നും ബന്ധിക്കുന്നുമില്ല.   അമ്മ