റിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങളെ ഓർത്ത് മനസ്സിൽ ഭാരം പേറിനടക്കുന്നവർ വളരെപ്പേരുണ്ട്. അവരിൽ പലരും വിഷാദരോഗത്തിന് അടിമകളായി മാറുന്നു. ചിലരുടെ ജീവിതം ആത്മഹത്യയിൽ അവസാനിക്കുന്നു. ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നവരിൽ കുറെപ്പേരെങ്കിലും കുറ്റബോധത്തിൽനിന്നും പാപത്തിൽനിന്നും മോചനം തേടിയെത്തുന്നവരാണ്. മനസ്സിനെ വേട്ടയാടുന്ന കുറ്റബോധത്തിന്റെ പിടിയിൽനിന്ന് മോചനംനേടുന്നത് വളരെക്കുറച്ചുപേർ മാത്രമാണ്. 

പണ്ടുചെയ്ത തെറ്റുകളെക്കുറിച്ചോർത്ത് വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ച്‌ കരയുന്നതുപോലെയാണ്. നമ്മൾ എത്ര വിലപിച്ചാലും ശവശരീര ത്തിന്‌ ജീവൻ തിരിച്ചുകിട്ടാൻ പോകുന്നില്ല. അതുപോലെ നമ്മൾ എത്രമാത്രം ശ്രമിച്ചാലും കഴിഞ്ഞകാലത്തേക്ക്‌ തിരിച്ചുപോയി ചെയ്തുപോയ തെറ്റുകൾ തിരുത്താൻ നമുക്കാവില്ല. കാലത്തിന്റെ പോക്ക് മുന്നോട്ടുമാത്രമാണ്.
സാധാരണ കൊച്ചുകുട്ടികളുടെ ശരീരത്തിൽ വ്രണം വന്നാൽ, അവർ അത് വീണ്ടും വീണ്ടും ചൊറിഞ്ഞ് വലുതാക്കും. പിന്നെ അത് പൊറുപ്പിക്കാൻ പറ്റാതാകും. ‘അയ്യോ! ഞാൻ തെറ്റുചെയ്തു, ഞാൻ പാപിയാണ്’ എന്ന് പറഞ്ഞുകൊണ്ട് തെറ്റിനെക്കുറിച്ചുമാത്രം ചിന്തിച്ച് ദുഃഖിച്ചിരിക്കുന്നത്, ഒരു ചെറിയ വ്രണത്തെ ചൊറിഞ്ഞ് മാറാവ്യാധിയാക്കുന്നതുപോലെയാണ്. അതുകൊണ്ട് ഒരിക്കലും മനഃശാന്തിയുണ്ടാവില്ല.

ഏതുസാഹചര്യത്തിലും പ്രായോഗികവശമാണ് നമ്മൾ ചിന്തിക്കേണ്ടത്. നടക്കുന്നതിനിടയിൽ മറിഞ്ഞുവീണാൽ, അവിടെത്തന്നെ കിടന്ന് ‘ഞാൻ വീണുപോയേ’ എന്നുപറഞ്ഞ്‌ കരഞ്ഞുകൊണ്ടിരിക്കരുത്. വീണിടത്തുനിന്ന്‌ എഴുന്നേറ്റ് നടത്തം തുടരണം. ഓരോ ചുവടും ശ്രദ്ധിച്ചുെവക്കണം. ധൈര്യം കൈവിടരുത്.

പ്രസിദ്ധനായ ഒരു വ്യവസായിയോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു, ‘നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണ്?’, വ്യവസായി പറഞ്ഞു, ‘ശരിയായ തീരുമാനം’. വീണ്ടും അദ്ദേഹം ചോദിച്ചു, ‘ശരിയായ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?’ ‘അനുഭവം’. ‘ഈ അനുഭവം നിങ്ങൾക്കെങ്ങനെ ഉണ്ടായി?’ ‘തെറ്റായ തീരുമാനത്തിൽനിന്ന്’. തെറ്റായ തീരുമാനങ്ങളിൽനിന്നുണ്ടായ തിക്താനുഭവങ്ങൾ ശരിയായ തീരുമാനമെടുക്കാൻ സഹായിച്ചു. അങ്ങനെ ശരിയായ തീരുമാനങ്ങളെടുത്തപ്പോൾ അദ്ദേഹം ജീവിതവിജയം നേടി. ജീവിതത്തിൽ സംഭവിക്കുന്ന തെറ്റുകൾപോലും ജീവിതവിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് ഈ വ്യവസായിയുടെ കഥ നമ്മളെ പഠിപ്പിക്കുന്നു. 

ഈ നിമിഷം മാത്രമാണ് നമ്മുടെ സ്വത്ത്. ഈ നിമിഷത്തിൽ മാത്രമേ നമുക്ക് തെറ്റുതിരുത്താനും നന്മയുടെ പാത പിന്തുടരാനും സാധിക്കൂ. കഴിഞ്ഞുപോയതിനെ ഓർത്ത് വിഷമിച്ചിരിക്കുമ്പോൾ നമ്മളറിയാതെ അമൂല്യമായ ‘ഈ വർത്തമാനനിമിഷം’ നമ്മൾ പാഴാക്കുകയാണ്‌ ചെയ്യുന്നത്.

ഇന്നലെ നമ്മൾ എന്തുചെയ്തു, എങ്ങനെയായിരുന്നു എന്നതല്ല, ഇന്ന് ഈ നിമിഷം നമ്മൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. അതാണ് നമ്മുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തെറ്റുകൾ ആവർത്തിക്കില്ല എന്ന് ദൃഢനിശ്ചയമെടുക്കുക. ചെയ്ത തെറ്റുകൾ തിരുത്താനോ പ്രായശ്ചിത്തം ചെയ്യാനോ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. പിന്നെ വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകുക. അതാണ്‌ വേണ്ടത്. 

ContentHighlights: Guilty feeling and success Life, Amrithavachanam, Matha Amrithanandamayi