മക്കളേ, ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുവാൻ പോഷകമുള്ള ആഹാരം കഴിക്കുവാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. നമ്മൾ ഭക്ഷിക്കുന്ന ആഹാരം ശരീരത്തെ മാത്രമല്ല, നമ്മുടെ മനസ്സിനെയും ചിന്തകളെയും സ്വാധീനിക്കും. ആഹാരത്തിന്റെ സൂക്ഷ്മാംശമാണു മനസ്സായിത്തീരുന്നത്. അന്നശുദ്ധി മനഃശുദ്ധിയിലേക്കു നയിക്കും. ചില ഭക്ഷണങ്ങൾ കഴിച്ചാൽ മനസ്സിൽ ദുർവികാരങ്ങൾ വർധിക്കും. അതുകൊണ്ട് ആധ്യാത്മിക സാധന ചെയ്യുന്നവർ ആഹാരകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 

ആഹാരത്തിൽ നിയന്ത്രണമില്ലാതെ മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയില്ല. ഭക്ഷണം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താനായിരിക്കണം; നാക്കിന്റെ രുചിക്കുവേണ്ടിയാകരുത്‌. നാക്കിന്റെ രുചി വിടാതെ ഹൃദയത്തിന്റെ രുചി അറിയാൻ സാധിക്കില്ല.

ഭക്ഷണം തയ്യാറാക്കുന്നവരുടെ സംസ്കാരം അതു കഴിക്കുന്നവരിലേക്കും പകരും. ഒരു സന്ന്യാസി ഉറക്കത്തിൽ പത്രവാർത്തകൾ സ്വപ്നം കാണുക പതിവായി. അദ്ദേഹമാണെങ്കിൽ പത്രം വായിക്കാറില്ല. എന്താണു കാരണമെന്നു ചിന്തിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ ആശ്രമത്തിലെ അടുക്കളക്കാരൻ പത്രം വായിച്ചുകൊണ്ട് ആഹാരം പാകംചെയ്യുന്നതു സന്ന്യാസി കണ്ടു. അപ്പോൾ അദ്ദേഹത്തിനു കാരണം മനസ്സിലായി. 

പാചകക്കാരൻ പത്രം വായിക്കുന്നതിനിടെ ചിലപ്പോൾ അടുപ്പിലെ തീ അണയും. പത്രത്തിൽനിന്ന് ദൃഷ്ടി മാറ്റാതെ തന്നെ അയാൾ തീ നീക്കിവയ്ക്കും. അയാളുടെ ശ്രദ്ധ മുഴുവൻ പത്രത്തിലാണ്‌. ഭക്ഷണം പാകംചെയ്യുന്ന സമയത്തെ അയാളുടെ ചിന്തകൾ തപസ്വിയെയും സ്വാധീനിച്ചു. അതുകൊണ്ട്‌ കഴിയുന്നതും അമ്മമാർതന്നെ കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണം പാകംചെയ്യുവാൻ ശ്രദ്ധിക്കണം. മന്ത്രജപത്തോടെ ഭക്ഷണം പാകംചെയ്താൽ ആഹാരം പവിത്രമാകും. അതിന്റെ ഫലം വീട്ടിലെല്ലാവർക്കും കിട്ടും. 

ഭക്ഷണം കഴിക്കുന്നതിനുമുൻപ്‌ വീട്ടിൽ വളർത്തുന്ന പക്ഷിമൃഗാദികൾക്കോ മറ്റു പറവകൾക്കോ ജന്തുക്കൾക്കോ അല്പം ആഹാരം നല്കണം. അവയിലും ഇഷ്ടദേവതയെ ദർശിച്ച്‌ നിവേദ്യമായി ഇതു സമർപ്പിക്കണം. 

ആഹാരം കഴിക്കാനിരുന്നാൽ ആദ്യം ഒരു ഉരുള ഇഷ്ടദേവതയെ സങ്കല്പിച്ചു മാറ്റിവയ്ക്കണം. രണ്ടുമിനിറ്റു കണ്ണടച്ച് ‘ഈശ്വരാ! സകലരിലും നിന്നെ ദർശിച്ചു സേവിക്കുവാനും നിന്നെ സാക്ഷാത്കരിക്കുവാനും ഈ അന്നം എനിക്കു ശക്തി നല്കട്ടെ’ എന്നു പ്രാർഥിക്കണം. ഭക്ഷണം കഴിക്കുന്നതു രുചിയിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടാകരുത്. നമ്മുടെയുള്ളിൽ ഇഷ്ടദേവത ഇരിക്കുന്നതായും അവിടത്തെ ഊട്ടുന്നതായും ഭാവനചെയ്യണം. അപ്പോൾ ഭക്ഷണം കഴിക്കുന്നതും ഈശ്വരപൂജയായി മാറും. 

വയറുനിറച്ചു ഭക്ഷണം കഴിക്കരുത്. അരവയർ ആഹാരവും കാൽഭാഗം വെള്ളവുമാകാം. വായുസഞ്ചാരത്തിനായി വയറിന്റെ കാൽഭാഗം ഒഴിച്ചിടണം. ശരിയായ ദഹനത്തിന് ഇതു സഹായിക്കും. ശ്വാസംമുട്ടെ ആഹാരം കഴിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തനഭാരം വർധിക്കും. അത് ആരോഗ്യത്തിനു ദോഷംചെയ്യും. ഭക്ഷണകാര്യത്തിൽ സമയനിഷ്ഠ പാലിക്കുന്നത് ആരോഗ്യത്തിനും മനോനിയന്ത്രണത്തിനും നല്ലതാണ്‌. ജീവിക്കുവാൻവേണ്ടി മാത്രമേ കഴിക്കാവൂ. കഴിക്കുവാൻ വേണ്ടി ജീവിക്കരുത്.