മക്കളേ, ഈശ്വരനെക്കുറിച്ച്‌ പലർക്കും പല ധാരണകളാണുള്ളത്.  ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരുണ്ട്. എന്നാൽ, അധികംപേരും ഈശ്വരനിൽ വിശ്വസിക്കുന്നവരാണ്. വിശ്വാസികളിൽ പലരും ഈശ്വരനെ തങ്ങളിൽനിന്ന്‌ ബാഹ്യമായ ഒരു ശക്തിയായാണ് കരുതുന്നത്. വാസ്തവത്തിൽ വിത്തിൽ വൃക്ഷംപോലെയും പാലിൽ വെണ്ണ പോലെയും സ്വർണാഭരണത്തിൽ സ്വർണം പോലെയുമാണ് സർവചരാചരങ്ങളിലും ഈശ്വരൻ കുടികൊള്ളുന്നത്.

ഓരോ വ്യക്തിയിലും ഈശ്വരത്വമുണ്ട്.  ശരിയായ മാർഗത്തിൽ നീങ്ങിയാൽ നമ്മുടെ ഉള്ളിലെ ഈശ്വരനെ അനുഭവിച്ചറിയാൻ കഴിയും. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാൻ കഴിയുമോ? അനുഭവിച്ചാലേ അത് അറിയാൻ സാധിക്കൂ. അതുപോലെ ഈശ്വരാനുഭൂതി വാക്കിനും ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറമാണ്. ഒരു സന്ന്യാസി ഒരു വിദ്യാലയത്തിനുമുന്നിലൂടെ നടക്കുകയായിരുന്നു. ചില വിദ്യാർഥികൾ അദ്ദേഹത്തെ കളിയാക്കി:

‘‘എന്തിനാണ് ഹേ, നിങ്ങൾ സന്ന്യസിക്കുന്നത്?’’  സന്ന്യാസി പറഞ്ഞു: ‘‘സന്ന്യാസം സ്വീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം ലക്ഷ്യമാക്കിയാണ്.’’ കുട്ടികൾ വീണ്ടും ചോദിച്ചു: ‘‘ഈശ്വരനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഈശ്വരനെ എങ്ങനെ സാക്ഷാത്കരിക്കും?’’ ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് സന്ന്യാസി ചോദിച്ചു: ‘‘ആ വൃക്ഷം ഏതിൽനിന്നാണ് ഉണ്ടായത്?’’‘‘വിത്തിൽനിന്ന്’’ -വിദ്യാർഥികൾ പറഞ്ഞു. വൃക്ഷത്തിന്റെ ചുവട്ടിൽ ധാരാളം പഴങ്ങൾ ഉണ്ടായിരുന്നു. സന്ന്യാസി ഒരു പഴമെടുത്ത്‌ കടിച്ചു. അതിന്റെ ഉള്ളിലേക്കൊന്നു നോക്കി. എന്നിട്ടത്‌ വലിച്ചെറിഞ്ഞു. അടുത്ത പഴവും കടിച്ചുനോക്കി വലിച്ചെറിഞ്ഞു. ഇതുകണ്ട് വിദ്യാർഥികൾ ചോദിച്ചു: ‘‘നിങ്ങൾ എന്താണീ ചെയ്യുന്നത്? പഴങ്ങൾ കടിച്ച്‌ വലിച്ചെറിയാൻ നിങ്ങൾക്ക്‌ ഭ്രാന്താണോ?’’ 

സന്ന്യാസി പറഞ്ഞു: ‘‘അതോ, ഈ വൃക്ഷം ഉണ്ടായത് വിത്തിൽനിന്നാണല്ലോ. പഴത്തിനകത്തുള്ള വിത്തിൽ വൃക്ഷമുണ്ടോ എന്ന്‌ നോക്കുകയായിരുന്നു.’’ അതുകേട്ട് വിദ്യാർഥികൾ ചിരിച്ചു. അവർ പറഞ്ഞു: ‘‘ഇത്രയും ചെറിയ വിത്തിനുള്ളിൽ വലിയ വൃക്ഷം എങ്ങനെയാണ് കാണാൻ സാധിക്കുക? ആദ്യം വിത്ത് നടണം, അതിന് സമയത്തിന് വെള്ളവും വളവും നൽകണം. ക്രമേണ തൈ കിളിർത്തുവന്ന്, കുറേ കഴിയുമ്പോൾ അത് വലിയൊരു വൃക്ഷമായിത്തീരും.’’ 

‘‘ശരിയാണല്ലോ’’, സന്ന്യാസി പറഞ്ഞു: ‘‘ഈശ്വരന്റെ കാര്യവും ഇതുപോലെയാണ്. വിത്തിനുള്ളിൽ വൃക്ഷമെന്നപോലെ നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിൽ ഈശ്വരൻ കുടികൊള്ളുന്നുണ്ട്. എന്നാൽ, ഇന്ന് നിങ്ങൾക്കത് അനുഭവമായിട്ടില്ല. എന്നുവെച്ച് ഈശ്വരനില്ലെന്ന് എങ്ങനെ പറയാനാകും. ഈശ്വരനെ അനുഭവിച്ചവർ നിർദേശിച്ചിട്ടുള്ളതനുസരിച്ച് പ്രയത്നിച്ചാൽ ആർക്കും ഈശ്വരനെ അനുഭവിച്ചറിയാനാകും.’’ അതെ, ഈശ്വരൻ എന്നത് അനുഭവമാണ്. അത്‌ അനുഭവിക്കാനുള്ള വഴിയാണ് പ്രാർഥന, ജപം, ധ്യാനം തുടങ്ങിയ ആധ്യാത്മികസാധനകൾ. ഒരു പുഷ്പം മൊട്ടായിരിക്കുമ്പോൾ, അതിന്റെ പരിമളവും ഭംഗിയും എത്രയെന്ന് അറിയാൻ കഴിയില്ല. അത്‌ വിടർന്നുവികസിക്കണം. അതുപോലെ ധ്യാനത്തിലൂടെ നമ്മുടെ ഹൃദയപുഷ്പം വിടരണം. അപ്പോൾ ഈശ്വരനെ ദർശിക്കാനും ആ പരമാനന്ദം അനുഭവിക്കാനും കഴിയും. അമ്മ