മക്കളേ, വിദ്യകൊണ്ടും സംസ്കാരംകൊണ്ടും ഒരുകാലത്ത് ലോകത്തിന്റെ നെറുകയിൽ ശോഭിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം. അന്ന് ഉപരിപഠനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികൾ ഈ നാട്ടിലെത്തിയിരുന്നു. കാലത്തിന്റെ ഒഴുക്കിൽ എവിടെവെച്ചോ നമുക്ക് ആ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും വിചാരിച്ചാൽ ഇനിയും നമുക്ക് മുന്നേറാം.

ആധ്യാത്മികമായും സാംസ്കാരികമായും വളരുന്നതോടൊപ്പംതന്നെ ഭൗതികമായും നമ്മൾ വളരണം. വിജ്ഞാനവും വിവേകവും വിനയവും കുട്ടികളിൽ വേണം. അവരിലുള്ള അന്വേഷണബുദ്ധിയെ ഉണർത്തണം. സ്വയം പഠിക്കാനും സ്വയം അന്വേഷിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള പരിശീലനം കുട്ടികൾക്ക്‌ ലഭിക്കണം. 

ഈ ഒരുലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകണം. വിദ്യാലയങ്ങളിൽ സാങ്കേതികമായ സൗകര്യങ്ങൾ വേണം. അതോടൊപ്പം നല്ല അധ്യാപക-വിദ്യാർഥി ബന്ധവും ഉണ്ടാവണം. ഇത്രയും ശ്രദ്ധിച്ചാൽ കുറച്ചുകാലംകൊണ്ട് നമ്മുടെ രാജ്യത്തിന് ശാസ്ത്രരംഗത്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയും.

എന്നാൽ, ഭൗതികമായ പുരോഗതി ഉണ്ടായതുകൊണ്ടുമാത്രമായില്ല. വളർച്ചയും വികസനവും മൂല്യങ്ങൾക്കും 
സംസ്കാരങ്ങൾക്കും അനുയോജ്യമാകണം. ഏറ്റവും താഴെത്തട്ടിലുള്ളവർക്കുപോലും വികസനത്തിന്റെ പ്രയോജനം ലഭിക്കണം.

എല്ലാ യൂണിവേഴ്‌സിറ്റികളും അവിടെയുള്ള വിദ്യാർഥികളെ ഒരുവർഷത്തിൽ രണ്ടുമാസത്തേക്കെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ ഇന്റേൺഷിപ്പിനായി അയക്കണം. യുവാക്കൾ ഗ്രാമങ്ങളിൽ പ്രവർത്തിക്കുമ്പോൾ അവിടെയുള്ള പാവപ്പെട്ടവരുമായി ഇടപഴകാനും അവരുടെ ദുഃഖങ്ങളും പ്രശ്നങ്ങളും നേരിൽ കണ്ടറിയാനും ഇടയാകും. അങ്ങനെ യുവാക്കളുടെ മനസ്സിൽ കാരുണ്യമുണരും.

പിന്നീട് അനാവശ്യമായ ആഡംബരങ്ങൾക്കായി പണം ചെലവഴിക്കാൻ തുനിയുമ്പോൾ, ഇങ്ങനെയുള്ളവരെക്കുറിച്ച് ഓർമവരും. ആഡംബരം ഒഴിവാക്കി ലളിതജീവിതം നയിക്കാനും അങ്ങനെ മിച്ചംവെയ്ക്കുന്ന പണം കഷ്ടപ്പെടുന്നവർക്കായി ചെലവഴിക്കാനും അവർ തയ്യാറാകും. മാത്രമല്ല, തങ്ങൾക്ക് യൂണിവേഴ്‌സിറ്റിയിൽനിന്നുലഭിച്ച ശാസ്ത്രസാങ്കേതിക ജ്ഞാനം ഉപയോഗിച്ച് ഗ്രാമീണരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിക്കും. ഗ്രാമീണരുടെ ജീവിതനിലവാരം ഉയർത്താൻ അത്‌ സഹായിക്കും.  

നമ്മുടെ സർവകലാശാലകളിൽ ഗവേഷണങ്ങൾക്ക്‌ ലഭിക്കുന്ന ഫണ്ടിന്റെ വലുപ്പവും പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങളുടെ എണ്ണവും നോക്കിയാണ് പൊതുവേ ഗവേഷണങ്ങളെ വിലയിരുത്താറുള്ളത്. എന്നാൽ, ഇതോടൊപ്പംതന്നെ, ഗവേഷണം സമൂഹത്തിന് എത്രകണ്ട് ഉപകരിച്ചു, അല്ലെങ്കിൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് എത്രകണ്ട്‌ പ്രയോജനപ്പെട്ടു എന്നുകൂടി നോക്കണം. അതായിരിക്കണം ഗവേഷണങ്ങളുടെ മേന്മ വിലയിരുത്താനുള്ള ഒരു അളവുകോൽ. 

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം യന്ത്രങ്ങളുടെ ഭാഷമാത്രം മനസ്സിലാകുന്ന ഒരുവിഭാഗം ജനങ്ങളെ സൃഷ്ടിക്കുകയല്ല. പൂർണമായ വിദ്യാഭ്യാസംകൊണ്ട് നേടേണ്ടത് സംസ്കാരവും കൂടിയാണ്. ഹൃദയത്തിന്റെ ഭാഷ, കാരുണ്യത്തിന്റെ ഭാഷകൂടി നമ്മൾ അറിഞ്ഞിരിക്കണം.