മക്കളേ, ഇളംതലമുറ വഴിതെറ്റുന്നു, അവർ മൂല്യങ്ങൾ ഉൾക്കൊള്ളാതെ വളരുന്നു എന്നൊക്കെയുള്ള പരാതികൾ വർധിച്ചുവരുന്ന കാലമാണിത്. ഇതിൽ കുറച്ചൊക്കെ വാസ്തവമുണ്ടെന്നുള്ളത് ശരിതന്നെ. എന്നാൽ, അതിന്റെ ഉത്തരവാദിത്വം കുട്ടികളെക്കാളധികം മുതിർന്നവർക്കാണ്. 

അഞ്ചു വയസ്സുവരെ കുട്ടികളെ വാത്സല്യം നൽകി വളർത്തണം, പിന്നെ പതിനഞ്ചു വയസ്സുവരെ തല്ലിവളർത്തണമെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. എന്നാൽ, ഇന്നതത്ര പ്രായോഗികമല്ല. അതുകൊണ്ട് സ്വന്തം ജീവിതത്തിലൂടെ കുട്ടികൾക്കു മാതൃകയാവാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കണം. സ്നേഹവും മൂല്യങ്ങളും ഒരുപോലെ കുട്ടികൾക്ക് പകർന്നുനൽകുകയാണെങ്കിൽ അവർക്ക് രണ്ടും ഉൾക്കൊള്ളാനും ജീവിതത്തിൽ ശരിയായി മുന്നോട്ടുപോകാനും കഴിയും. എന്നാൽ, ഇന്ന് മുതിർന്നവർ തന്നെ മൂല്യബോധത്തിൽ കുറവുകാട്ടുന്നതാണ് കാണുന്നത്. 

ഒരു കുട്ടിയെ സ്കൂളിൽ ചേർത്തു. അവന്റെ അച്ഛൻ അവിടത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ ക്ലാസിൽ തന്നെയാണ് ഈ കുട്ടിയും പഠിക്കുന്നത്. ആദ്യദിവസം അവൻ കേട്ട പാഠം ദുഃഖിക്കുന്നവരോടു കാരുണ്യം കാണിക്കണമെന്നാണ്. അന്നു വൈകീട്ട് ഒരു സാധു ഭിക്ഷയാചിച്ച് വീട്ടിൽവന്നു. ആ സാധുവിനെ കണ്ടപ്പോഴേക്കും കുട്ടിയുടെ അച്ഛൻ ഭള്ളു പറഞ്ഞോടിച്ചു. ഇതുകണ്ട കുട്ടി വല്ലാതെ വേദനിച്ചു. അടുത്തദിവസം കുട്ടിയെ സ്കൂളിൽ പഠിപ്പിച്ചത് എപ്പോഴും സത്യമേ പറയാവൂ, നുണ പറയരുത് എന്നാണ്. ആ പാഠം അവൻ ഹൃദിസ്ഥമാക്കി.

പിറ്റേ ദിവസം രാവിലെ അവന്റെ അച്ഛന് ഒരു ഫോൺ വന്നു. അച്ഛൻ പറഞ്ഞു: ‘‘മോനേ, അച്ഛനിവിടെയില്ല വെളിയിൽ പോയിരിക്കുകയാണെന്നു പറയൂ!’’ അച്ഛൻ പറഞ്ഞതുപോലെ അവൻ ചെയ്തുവെങ്കിലും അതവനെ വളരെ വിഷമിപ്പിച്ചു. സ്കൂളിൽനിന്നു മൂന്നാമതു പഠിപ്പിച്ച പാഠം ജീവിതത്തിൽ ക്ഷമ വരുത്തണമെന്നാണ്. അന്നവൻ വീട്ടിലെത്തിയപ്പോൾ കണ്ടത് അച്ഛനുമമ്മയും തമ്മിലുള്ള പൊരിഞ്ഞ വഴക്കാണ്.

അടുത്തദിവസം ആ കുട്ടി സ്കൂളിൽ പോയില്ല. അച്ഛൻ നിർബ്ബന്ധിച്ചപ്പോൾ അവൻ പറഞ്ഞു, ‘‘അച്ഛൻ തന്നെയല്ലേ പഠിപ്പിച്ചത് കഷ്ടപ്പെടുന്നവരോടു കരുണ വേണം, സത്യം പറയണം, ക്ഷമ വേണമെന്നൊക്കെ. എന്നാൽ, ഇതൊന്നും ഇവിടെ കാണാനില്ല. അങ്ങനെയുള്ള പഠിത്തം എനിക്കു വേണ്ട.’’ 

കുട്ടികൾ നല്ല ജോലി നേടണം, കുറേ പണം സമ്പാദിക്കണം എന്നൊക്കെ മാത്രമാണ് ഇന്നു രക്ഷിതാക്കൾ ചിന്തിക്കുന്നത്. ഇതുകൊണ്ടുമാത്രം കുട്ടികൾ ശരിയായ മനുഷ്യരാകില്ല. മൂല്യങ്ങളും സാമൂഹികബോധവും അതിലേറെ പ്രധാനമാണ്. കാറിലെ പെട്രോൾടാങ്കു നിറയെ പെട്രോൾ ഒഴിച്ചതുകൊണ്ടുമാത്രം കാര്യമില്ല. കാറോടിക്കണമെങ്കിൽ സ്റ്റാർട്ടാക്കാനുള്ള ബാറ്ററി കൂടി വേണം. നമ്മൾ കുട്ടികൾക്കു പകർന്നുനൽകുന്ന മൂല്യബോധമാണ് ആ ബാറ്ററി. അതാണ് ഒന്നാമതായി കുട്ടികൾക്കു വേണ്ടത്. അതിന് അച്ഛനമ്മമാരും മുതിർന്നവരും കുട്ടികൾക്ക് മാതൃകയാകണം. അമ്മ