ലോകമെമ്പാടുമുള്ള മനുഷ്യരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭയമാണ്. ചിലര്‍ക്ക് ബിസിനസ് നഷ്ടത്തിലാകുമോ എന്നുള്ള ഭയം. മറ്റുചിലര്‍ക്ക് ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയം. വേറെ ചിലര്‍ക്ക് പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയം. എല്ലാവര്‍ക്കും ഭയമാണ്. എന്തെങ്കിലും ചെയ്യാനും ഭയം, എന്തെങ്കിലും ചെയ്യാതിരിക്കാനും ഭയം. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നാവസ്ഥയിലും എന്തിന് ഉറക്കത്തില്‍പ്പോലും ഭയം ഇന്ന് മനുഷ്യനെ വേട്ടയാടുകയാണ്.

ഒരിക്കല്‍ ഒരു രാജാവ് രാജസദസ്സിലിരിക്കുന്ന സമയത്ത് ഒരു സേവകന്‍ മൂന്നുകൂടുകളുമായി അവിടെയെത്തി. ഒന്നില്‍ ഒരു എലിയും രണ്ടാമത്തേതില്‍ ഒരു പൂച്ചയും. മൂന്നാമത്തെ കൂട്ടിലൊരു പരുന്തും ഉണ്ടായിരുന്നു. മൂന്നുകൂടുകളിലും ആ ജീവികള്‍ക്കുവേണ്ട ഭക്ഷണപാനീയങ്ങള്‍ പ്രത്യേകം പാത്രങ്ങളില്‍ വെച്ചിരുന്നു. എന്നാല്‍, എത്രശ്രമിച്ചിട്ടും മൂന്നുജീവികളും അല്പംപോലും ഭക്ഷിക്കാനോ കുടിക്കാനോ കൂട്ടാക്കിയില്ല.

രാജാവ് സദസ്സിലെ പണ്ഡിതരോട് ഇതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും മൗനമവലംബിച്ചു. അപ്പോള്‍ ഒരു വൃദ്ധപണ്ഡിതന്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: 'രാജാവേ, ഇവര്‍ മൂന്നുപേരും ഭയപ്പെട്ടിരിക്കയാണ്. അതുകൊണ്ടാണ് അവര്‍ ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യാതിരിക്കുന്നത്. എലി പൂച്ചയെക്കണ്ട് ഭയന്നിരിക്കയാണ്. ഭക്ഷണം കഴിക്കാനായി തല കുനിച്ചാല്‍ ആ നിമിഷം പൂച്ച തന്നെ പിടിച്ചുതിന്നുമെന്ന് എലി ഭയപ്പെടുന്നു. പൂച്ച പരുന്തിനെക്കണ്ട് ഭയപ്പെട്ടിരിക്കുന്നു. എന്നാല്‍, പരുന്തിനും ഭീതിയുണ്ട്. താന്‍ ഭക്ഷണം കഴിക്കാനായി തല കുനിച്ചാല്‍ ആ നിമിഷം എലിയും പൂച്ചയും രക്ഷപ്പെടുമെന്ന് പരുന്ത് ഭയപ്പെടുന്നു. ഈ മൂന്നുജീവികളെപ്പോലെ മനുഷ്യരെല്ലാവരും ജീവിതത്തില്‍ പലപ്പോഴും ഭയത്തിന് അടിമപ്പെടാറുണ്ട്. ഭയംബാധിച്ച ഒരുവനുപിന്നെ ഒന്നും ചെയ്യാനാവില്ല. അവന്റെ എല്ലാ കഴിവും തത്കാലത്തേക്ക് നഷ്ടമാകും. അതുകൊണ്ട് നമ്മള്‍ ആരെയും ഭയപ്പെടുത്തരുത്. ഈ മറുപടികേട്ട് രാജാവ് സന്തുഷ്ടനായി.

ഈശ്വരന്‍ മനുഷ്യര്‍ക്ക് ഭയം നല്‍കിയത് വെറുതെയല്ല. തെറ്റിലേക്ക് പോകാതിരിക്കാനും അപകടകരങ്ങളായ സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടാനും ഭയം ഉപകരിക്കുന്നു. അച്ഛനമ്മമാരോടും അധ്യാപകരോടുമുള്ള ഭയംമൂലമാണ് കുട്ടികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കുന്നതും തെറ്റുകള്‍ ചെയ്യാതിരിക്കുന്നതും. കൂടുതല്‍ സുരക്ഷ തേടാന്‍ ഭയം ജീവികളെ പ്രേരിപ്പിക്കുന്നു. മരണഭയവും രോഗഭയവും കാരണം ആരോഗ്യബുദ്ധിയോടെ ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമംചെയ്യുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. 

അപ്പോള്‍ ഭയം തികച്ചും ചീത്തയാണെന്ന് പറഞ്ഞുകൂടാ. സ്വരക്ഷയ്ക്ക് സഹായകമായ ഒരു വികാരമാണ് ഭയം. എങ്കിലും ഭയം അമിതമായാല്‍ വിപരീതഫലം ചെയ്യും. ബുദ്ധിയെ അത് മരവിപ്പിക്കും. എല്ലാ ശക്തിയെയും അത് ചോര്‍ത്തിക്കളയും. അതിനാല്‍ ഭയത്തിന് അധീനരാകാതെ ഏത് സാഹചര്യത്തിലും മനഃസാന്നിധ്യം നിലനിര്‍ത്താന്‍ നമ്മള്‍ പരിശീലിക്കണം.

Content Highlights: Don't be afraid, you need composure for a better life