ജീവിതത്തിലെ ഏതുരംഗത്തും വിജയം നേടാന്‍ ആവശ്യമായൊരു ഗുണമാണ് സ്ഥിരോത്സാഹം. പ്രതിബന്ധങ്ങളോ തിരിച്ചടിയോ നേരിടേണ്ടിവന്നാലും നമ്മള്‍ പിന്തിരിയരുത്. സ്ഥിരോത്സാഹത്തോടെ, ആത്മവിശ്വാസത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കണം.  സ്ഥിരോത്സാഹി വിജയിക്കുകതന്നെ ചെയ്യും.

പിച്ചനടക്കുന്ന ഒരു കൊച്ചുകുട്ടി എത്രയോ പ്രാവശ്യം നിലത്തുവീഴുന്നു. കുട്ടി ഉടനെ എഴുന്നേറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കുന്നു. എത്ര പ്രാവശ്യം കാല്‍തെറ്റിവീണാലും അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. വീഴ്ചയില്‍ മുറിവോ ചതവോ വന്നാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവന്‍ നടക്കാന്‍ പഠിക്കുന്നു. പരാജയം നേരിടുമ്പോള്‍ മനസ്സ് തളരാതെ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ നിരന്തരം പ്രയത്‌നിക്കാനുള്ള കൊച്ചുകുട്ടികളുടെ ഈ മനസ്സാണ് നമ്മളും വളര്‍ത്തിയെടുക്കേണ്ടത്.

ഒരിക്കല്‍ ഒരുപറ്റം ആടുകള്‍ നല്ല ഉയരമുള്ളൊരു മലയുടെ താഴെയെത്തി. മലമുകളില്‍ വിശാലമായ മുന്തിരിത്തോട്ടമുണ്ടായിരുന്നു. മുന്തിരിത്തോട്ടം കണ്ടതും ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ മറ്റെല്ലാം മറന്നു. എങ്ങനെയെങ്കിലും മലകയറി മുന്തിരിപ്പഴങ്ങള്‍ കഴിക്കാന്‍ അവര്‍ക്ക് കൊതിയായി. ആവേശം മൂത്തപ്പോള്‍ ആട്ടിന്‍കുട്ടികളെല്ലാം മലമുകളിലേക്ക് ചാടിക്കയറിത്തുടങ്ങി. ഇതുകണ്ട് പ്രായമായ ആടുകള്‍ പറഞ്ഞു: ''നിങ്ങളെങ്ങോട്ടാണ് പോകുന്നത്? ആ തോട്ടം വളരെ ഉയരത്തിലാണ്. കുട്ടികളായ നിങ്ങള്‍ക്കവിടെവരെ എത്താന്‍ സാധിക്കില്ല. തിരിച്ചിറങ്ങൂ''. ഈ വാക്കുകള്‍ കേട്ട് ഉത്സാഹം നഷ്ടപ്പെട്ടതുകൊണ്ടും ക്ഷീണം കാരണവും ആട്ടിന്‍കുട്ടികള്‍ ഓരോരുത്തരായി തിരിച്ചിറങ്ങിത്തുടങ്ങി. ഒടുവില്‍ ഒരാട്ടിന്‍കുട്ടിമാത്രം ബാക്കിയായി. 

amrithavachanamഅത് മുകളിലേക്ക് കയറിക്കൊണ്ടേയിരുന്നു. താഴെനിന്ന ആടുകളെല്ലാം അതിനെ തിരിച്ചിറക്കാന്‍ കഴിയുന്നതും ശ്രമിച്ചു. എന്നാല്‍, ആ ആട്ടിന്‍കുട്ടിയുടെ ഉത്സാഹം കെടുത്താന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. അവസാനം അത് മലമുകളിലെത്തി.  കൊതിതീരുവോളം മുന്തിരിപ്പഴങ്ങള്‍ തിന്നു. അത് താഴെ  തിരിച്ചെത്തിയപ്പോള്‍ കൂട്ടുകാരൊക്കെ  കൈകൊട്ടി ആരവംമുഴക്കി അതിനെ സ്വീകരിച്ചു. ഇതെല്ലാം കണ്ടുനിന്ന ഒരാട് ചോദിച്ചു. ''ഇതെന്തൊരദ്ഭുതമാണ്! മറ്റാരെക്കൊണ്ടും സാധിക്കാത്ത ഈ കാര്യം കുഞ്ഞായ നിനക്ക് എങ്ങനെ സാധിച്ചു? ആട്ടിന്‍കുട്ടിയൊന്നും മിണ്ടിയില്ല. അപ്പോള്‍ അതിന്റെ തള്ള പറഞ്ഞു: ''എന്റെ കുട്ടിക്ക് ചെവികേള്‍ക്കില്ല''. 

ചെവി കേള്‍ക്കാതിരിക്കുക എന്ന കുറവ് ആ ആട്ടിന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമായിമാറി. അതുകാരണം വിമര്‍ശനങ്ങള്‍ക്കിടയിലും സ്ഥിരോത്സാഹം ചോര്‍ന്നുപോകാതെ കാക്കാന്‍ സാധിച്ചു. കഠിനമെന്നുതോന്നുന്ന സാഹചര്യങ്ങളില്‍പ്പോലും വിജയം വരിക്കാനുള്ള അദ്ഭുതകരമായ ശക്തിയും കഴിവും നമ്മുടെ ഉള്ളിലുണ്ട്. എന്നാല്‍, പലപ്പോഴും അത് തിരിച്ചറിയാതെ നമ്മള്‍ മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകള്‍ക്കുമുന്നില്‍ കീഴടങ്ങുകയാണ്.
ജീവിതലക്ഷ്യത്തില്‍നിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാന്‍ നമ്മള്‍ എപ്പോഴും ജാഗരൂകരായിരിക്കണം. ലക്ഷ്യബോധവും സ്ഥിരപ്രയത്‌നവുമുണ്ടെങ്കില്‍ അസാധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍പോലും നേടിയെടുക്കാന്‍ നമുക്ക് സാധിക്കും.

Content Highlights: Diligence and Perseverance is the way of victory