മക്കളേ, രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്  ചിന്തിക്കാതെ പ്രവർത്തിക്കുന്നവരും പ്രവർത്തിക്കാതെ ചിന്തിക്കുന്നവരും. ഒന്നാമത്തെ കൂട്ടർ ഒട്ടും ചിന്തിക്കാതെയോ അല്ലെങ്കിൽ തെറ്റായി ചിന്തിച്ചോ പ്രവർത്തിച്ച് അബദ്ധത്തിൽ ചെന്നുചാടും. അവരുടെ പ്രവൃത്തികൊണ്ട് അവർക്കും മറ്റുള്ളവർക്കും ഗുണമില്ലെന്നു മാത്രമല്ല, ദോഷമുണ്ടാവുകയും ചെയ്യും.

രണ്ടാമത്തെ കൂട്ടർ വിവേകപൂർവം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ശരിയും തെറ്റും മനസ്സിലാക്കും. എന്നാൽ, അതനുസരിച്ച് പ്രവർത്തിക്കില്ല. പക്ഷേ, മറ്റുള്ളവരെ ഉപദേശിച്ചെന്നു വരാം. ഇങ്ങനെ പ്രസംഗിച്ചു നടക്കുന്നത്, സ്വന്തം അസുഖം മാറ്റാൻ മറ്റുള്ളവരോട് മരുന്നു കഴിക്കാൻ പറയുന്നതുപോലെയാണ്.ശ്രേഷ്ഠമായ പല കാര്യങ്ങളും ചെയ്യണമെന്ന് നമ്മൾ പ്ലാൻ ചെയ്യാറുണ്ട്. എന്നാൽ, അതൊക്കെ നടപ്പിൽ വരുത്താതിരിക്കാനുള്ള ഒഴികഴിവുകൾ നമ്മൾതന്നെ ചിന്തിച്ചു കണ്ടുപിടിക്കുകയും ചെയ്യും.

പ്രാചീനമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. ആഴ്ചയിലൊരുദിവസം ധാരാളം ഭക്തജനങ്ങൾ അവിടെ ജപവും പ്രാർഥനയുമായി ഉപവസിക്കുമായിരുന്നു. അതുകണ്ട് ഒരു കുരങ്ങൻ ചിന്തിച്ചു, ‘ഇവർ ഉപവാസവും പ്രാർഥനയും ചെയ്ത് ഈശ്വരാനുഗ്രഹം നേടുന്നു. എനിക്കെന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ?’ അടുത്ത ഉപവാസദിവസം രാവിലെതന്നെ കുരങ്ങൻ ക്ഷേത്രപരിസരത്തുള്ള മരച്ചുവട്ടിലിരുന്ന് ധ്യാനം തുടങ്ങി.

ഉടനെ അവന്റെ മനസ്സിൽ ഒരു ചിന്തവന്നു, ‘ഞാൻ ജീവിതത്തിലിതുവരെ ഒരു ദിവസംപോലും ഉപവസിച്ചിട്ടില്ല. ഇന്നത്തെ ഉപവാസം തീരുമ്പോഴേക്കും ക്ഷീണംകാരണം എഴുന്നേറ്റു നടക്കാൻപോലും കഴിയാതായാൽ ഞാൻ ഇവിടെക്കിടന്ന് മരിച്ചുപോകും. നല്ല പഴങ്ങളുള്ള ഏതെങ്കിലും മരത്തിന്റെ ചുവട്ടിലിരിക്കയാണെങ്കിൽ ആഹാരംതേടി മറ്റെങ്ങും പോകേണ്ടിവരില്ല.’ അങ്ങനെ ചിന്തിച്ച് കുരങ്ങൻ അവിടെ നിന്നെഴുന്നേറ്റ് ധാരാളം പഴങ്ങളുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനം ആരംഭിച്ചു.

അല്പം കഴിഞ്ഞപ്പോൾ കുരങ്ങൻ ചിന്തിച്ചു, ‘ഉപവാസം തീരുമ്പോൾ ക്ഷീണം കാരണം മരത്തിൽ കയറാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കഥ തീർന്നതുതന്നെ.’ അങ്ങനെ ചിന്തിച്ച് കുരങ്ങൻ കുറെ പഴങ്ങളുള്ള ഒരു മരക്കൊമ്പിൽ കയറിയിരുന്ന് ധ്യാനംതുടങ്ങി. താമസിയാതെ അവൻ വീണ്ടും ചിന്തിച്ചു, ‘ഉപവാസം കഴിയുമ്പോൾ കൈകൾക്ക് പഴങ്ങൾ പറിക്കാനുള്ള ശേഷിയില്ലെങ്കിലോ?’ കുരങ്ങൻ ആവശ്യത്തിന് പഴങ്ങൾ പറിച്ചെടുത്ത് അവ മടിയിൽവെച്ചുകൊണ്ട് ധ്യാനിച്ചുതുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അവന് വിശപ്പു തോന്നി. ‘ഇത്രയും നല്ലതും വലുപ്പമുള്ളതുമായ പഴങ്ങൾ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. ഉപവാസം മറ്റൊരു ദിവസം ആകാമല്ലോ.’ ഇത്രയും ചിന്തിച്ചതും അവനറിയാതെ അവന്റെ മടിയിലിരുന്ന പഴങ്ങൾ വായിലെത്തിക്കഴിഞ്ഞിരുന്നു. 

ഈ കഥയിലെ കുരങ്ങനെപ്പോലെയാണു നമ്മളിൽ പലരും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കാൻ നമ്മുടെ മനസ്സ് ഒഴികഴിവുകൾ കണ്ടെത്തിക്കൊണ്ടേ യിരിക്കും. അറിവിനോടൊപ്പം നമുക്കു നിശ്ചയദാർഢ്യവും ലക്ഷ്യബോധവും വേണം. എത്ര തടസ്സങ്ങളുണ്ടായാലും താൻ ചിന്തിച്ചുറപ്പിച്ച കാര്യങ്ങൾ നിറവേറ്റുകതന്നെ ചെയ്യും എന്ന നിശ്ചയദാർഢ്യമുള്ളവർ തീർച്ചയായും ജീവിതവിജയം നേടും. അമ്മ